മൊഴിയില്‍ ഉറച്ച് സാജന്റെ ഭാര്യ
കണ്ണൂര്‍: ആന്തൂര്‍ നഗരസഭയിലെ ബക്കളത്തെ പാര്‍ഥാസ് കണ്‍വന്‍ഷന്‍ സെന്റര്‍ ഉടമ കൊറ്റാളിയിലെ സാജന്റെ ആത്മഹത്യയില്‍ ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി.കെ ശ്യാമളയ്ക്കും നഗരസഭാ ഉദ്യോഗസ്ഥര്‍ക്കുമെതിരായ മൊഴിയില്‍ ഉറച്ച് ഭാര്യയും ജീവനക്കാരും.
ആത്മഹത്യയുമായി ബന്ധപ്പെട്ട കേസന്വേഷണത്തിനായി ഇന്നലെയാണ് സാജന്റെ ഭാര്യയുടെയും പാര്‍ഥാസ് കണ്‍വന്‍ഷന്‍ സെന്റര്‍ മാനേജരുടെയും ജീവനക്കാരുടെയും മൊഴി വളപട്ടണം എസ്.ഐ രേഖപ്പെടുത്തിയത്.
ഇന്നലെ ഉച്ചയ്ക്ക് മൂന്നിന് തുടങ്ങിയ മൊഴിയെടുപ്പ് വൈകിട്ട് അഞ്ചരവരെ നീണ്ടു. കൊറ്റാളി സരസ്വതി വിലാസം സ്‌കൂളിന് സമീപത്തെ സാജന്റെ വീട്ടിലെത്തിയാണ് സാജന്റെ ഭാര്യ ഇ.പി ബീന, കണ്‍വന്‍ഷന്‍ സെന്റര്‍ മാനേജര്‍ സജീവന്‍, മൂന്ന് ജീവനക്കാര്‍ എന്നിവരുടെ മൊഴി വളപട്ടണം എസ്.ഐ പി. വിജേഷ് രേഖപ്പെടുത്തിയത്.
വിദേശത്ത് ജോലി ചെയ്തുണ്ടാക്കിയ സമ്പാദ്യം ഉപയോഗിച്ചാണ് കണ്‍വന്‍ഷന്‍ സെന്റര്‍ നിര്‍മാണം തുടങ്ങിയത്. ഏകദേശം 18 കോടി രൂപയോളം ചെലവഴിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. നിര്‍മാണം പൂര്‍ത്തിയാക്കി കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റിനായി ഭര്‍ത്താവ് നിരവധി തവണ ആന്തൂര്‍ നഗരസഭയെ സമീപിച്ചുവെങ്കിലും സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല. കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റിനായി നഗരസഭാ ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും അനുവദിക്കില്ലെന്ന നിലപാടാണ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചത്.
ഞാന്‍ ഈ കസേരയിലിരിക്കുന്നിടത്തോളം കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കില്ലെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി.കെ ശ്യാമള ടീച്ചറും നിലപാടെടുത്തിരുന്നു. തുടര്‍ന്ന് മാനസികമായി സാജന്‍ തളര്‍ന്നു. നഗരസഭാ ചെയര്‍പേഴ്‌സണിന്റെയും രണ്ട് ഉദ്യോഗസ്ഥരുടെയും നിലപാട് മൂലം തന്റെ ഏറെക്കാലത്തെ സമ്പാദ്യം നഷ്ടമാവുമെന്ന ഗതി വന്നതോടൊയാണ് കഴിഞ്ഞ 18ന് പുലര്‍ച്ചെ സാജന്‍ ആത്മഹത്യ ചെയ്തതെന്നാണ് സാജന്റെ ഭാര്യ ബീന വളപട്ടണം എസ്.ഐക്ക് നല്‍കിയ മൊഴിയില്‍ പറഞ്ഞിരിക്കുന്നത്.
സാജന്റെ മരണത്തെ തുടര്‍ന്ന് ഭാര്യയും സഹപ്രവര്‍ത്തകരും ജീവനക്കാരും കുടുംബാംഗങ്ങളും ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി.കെ ശ്യാമളയ്ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരേ നിലപാട് എടുത്തിരുന്നു. ഇന്നലെ ഇതേ മൊഴി ആവര്‍ത്തിച്ചതോടെ അധ്യക്ഷയ്ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരായ കുരുക്ക് ഒന്നുകൂടി മുറുകി. ഇത്രയും പേര്‍ക്കെതിരേ മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരേ കേസെടുക്കേണ്ടി വരുമെന്നാണ് സൂചന.
മുഖ്യമന്ത്രിക്ക്
പരാതി നല്‍കി
കണ്ണൂര്‍: സാജന്റെ ആത്മഹത്യയില്‍ നിഷ്പക്ഷ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സാജന്റെ ഭാര്യ ബീന മുഖ്യമന്ത്രിക്ക് പരാതി നല്‍കി.
സി.പി.എം ഏരിയാ കമ്മിറ്റി യോഗത്തില്‍
പി.കെ ശ്യാമളക്ക് രൂക്ഷ വിമര്‍ശനം
തളിപ്പറമ്പ് (കണ്ണൂര്‍): പ്രവാസി വ്യവസായിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി.കെ ശ്യാമളയെ സി.പി.എമ്മും കൈയൊഴിയുന്നു.
കണ്‍വന്‍ഷന്‍ സെന്ററിന് കംപ്‌ളീഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് പ്രവാസി വ്യവസായി കൊറ്റാളിയിലെ സാജന്‍ ആത്മഹത്യ ചെയ്ത വിഷയവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച വൈകീട്ട് നടന്ന സി.പി.എം തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയുടെ അടിയന്തര യോഗത്തില്‍ പങ്കെടുത്ത ഒരാള്‍പോലും പി.കെ ശ്യാമളയെ അനുകൂലിച്ച് രംഗത്തുവന്നില്ല. കേന്ദ്ര കമ്മിറ്റി അംഗം എം.വി ഗോവിന്ദന്‍, ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍, പി. ജയരാജന്‍, ടി.കെ ഗോവിന്ദന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ മുന്നില്‍വച്ച് അതിരൂക്ഷമായ വിമര്‍ശനങ്ങളാണ് മുഴുവന്‍പേരും ഉന്നയിച്ചത്.
അംഗങ്ങളില്‍ ഒരാള്‍പോലും അനുകൂലിച്ച് രംഗത്തുവരാതെ ഏരിയാ കമ്മിറ്റി ഒന്നടങ്കം രൂക്ഷ വിമര്‍ശനം നടത്തിയ ഘട്ടത്തില്‍ പി.കെ ശ്യാമള പൊട്ടിക്കരയുന്ന അവസ്ഥയുണ്ടായി. സാജന്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ മാത്രം നടപടിയെടുത്തത് ശരിയല്ലെന്ന് ഭരണസമിതിയുടെ ഭാഗത്തുനിന്നുള്ള പിഴവുകള്‍ ചൂണ്ടിക്കാട്ടി വിമര്‍ശനമുയര്‍ന്നു. 2018ല്‍ അന്നത്തെ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ നേതൃത്വത്തില്‍ ഈ വിഷയം ചര്‍ച്ചചെയ്ത് പ്രശ്‌നം പരിഹരിക്കാന്‍ സബ്കമ്മിറ്റി രൂപീകരിച്ചിട്ടും പാര്‍ട്ടിയോട് ഏറെ അടുപ്പം സൂക്ഷിക്കുന്ന ഒരാളോട് ഈ വിധത്തില്‍ ക്രൂരത കാണിച്ചതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് പി.കെ ശ്യാമളക്ക് ഒഴിഞ്ഞുമാറാനാകില്ലെന്ന് ഭൂരിപക്ഷവും അഭിപ്രായപ്പെട്ടു.
സാജനോട് വ്യക്തിവൈരാഗ്യമില്ലെന്നും അവസാനമായി കണ്ടപ്പോഴും ഉടന്‍ പെര്‍മിറ്റ് നല്‍കാന്‍ നടപടിയുണ്ടാകുമെന്ന് അറിയിച്ചതായും ആരോപണങ്ങള്‍ക്ക് പി.കെ ശ്യാമള മറുപടി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."