കര്‍ണാടകയില്‍ ഇടക്കാല തെരഞ്ഞെടുപ്പിന് സാധ്യത: ദേവഗൗഡ
ബംഗളൂരു: കര്‍ണാടകയില്‍ സഖ്യ സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയിലാണെന്ന് വ്യക്തമാക്കി ജെ.ഡി.എസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്. ഡി ദേവഗൗഡ.
സംസ്ഥാനത്ത് ഇടക്കാല തെരഞ്ഞെടുപ്പ് ഉണ്ടായേക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജെ.ഡി.എസും കോണ്‍ഗ്രസും തമ്മിലുള്ള തര്‍ക്കം അണിയറയില്‍ രൂക്ഷമായി നടക്കുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണ് ദേവഗൗഡ നല്‍കുന്നത്. ഭരണം നിലനില്‍ക്കുന്ന അഞ്ചുവര്‍ഷവും ജെ.ഡി.എസിന് പൂര്‍ണ പിന്തുണ നല്‍കുമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. എന്നാല്‍ വാക്കും പ്രവൃത്തിയും വ്യത്യസ്തമാണ്. പറയുന്ന രീതിയിലല്ല കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. തങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ദേവഗൗഡ പറഞ്ഞു.
എന്നാല്‍ സഖ്യ സര്‍ക്കാരുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള അപകടകരമായ ഒരു പ്രവര്‍ത്തനവും തന്റെ ഭാഗത്തുനിന്നുണ്ടാകില്ല. എത്രകാലം ഈ സര്‍ക്കാര്‍ ഇങ്ങനെ മുന്നോട്ട് പോകും എന്നതിനെക്കുറിച്ച് വ്യക്തമായൊന്നും പറയാന്‍ തനിക്ക് കഴിയില്ല. കോണ്‍ഗ്രസ് ഉന്നയിക്കുന്ന ഏകപക്ഷീയമായ ആവശ്യങ്ങളെല്ലാം ജെ.ഡി.എസ് അംഗീകരിച്ച് കൊടുക്കുന്നുണ്ട്-ദേവഗൗഡ പറഞ്ഞു.
അതിനിടയില്‍ കുമാരസ്വാമി മുഖ്യമന്ത്രിയാകണമെന്ന് താന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. കോണ്‍ഗ്രസില്‍ നിന്നുള്ള സമ്മര്‍ദമാണ് സഖ്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും സഖ്യസര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളായ ഗുലാം നബി ആസാദിനേയും അശോക് ഗലോട്ടിനേയും ബംഗളൂരുവിലേക്ക് അയച്ചിരുന്നു. ഇരു പാര്‍ട്ടികളും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടന്നപ്പോഴെല്ലാം സഖ്യത്തിലുണ്ടാകുന്ന പ്രതിസന്ധിയും പ്രയാസങ്ങളും താന്‍ മുന്നോട്ട് വച്ചിരുന്നു. മുന്‍കാലത്തുള്ള അനുഭവം മുന്നോട്ട് വച്ചാണ് താന്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്. സഖ്യസര്‍ക്കാര്‍ വേണ്ടതില്ലെന്ന നിലപാടില്‍ തന്നെയായിരുന്നു താന്‍ എന്നും ദേവഗൗഡ പറഞ്ഞു.
മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുര്‍ ഖാര്‍ഗെയെ മുഖ്യമന്ത്രിയാക്കണമെന്നായിരുന്നു താന്‍ ആഗ്രഹിച്ചിരുന്നത്. ഇക്കാര്യം അറിയിച്ചപ്പോള്‍ രാഹുല്‍ ഗാന്ധിയും അനുകൂലിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ച നടത്തി കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാമെന്ന് ധാരണയിലെത്തുകയും ഇത് താന്‍ അവസാനം അംഗീകരിക്കുകയുമായിരുന്നുവെന്നും ദേവഗൗഡ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."