ഒറ്റത്തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ അന്ത്യം
രണ്ടാമതും കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതോടെ 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്ന ആശയം പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും നടപ്പാക്കാന്‍ കരുനീക്കങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് ഈ പദ്ധതി നടപ്പാക്കാനായിരുന്നില്ല. അടുത്ത വര്‍ഷത്തോടെ ബി.ജെ.പിക്ക് രാജ്യസഭയിലും ഭൂരിപക്ഷം ലഭിക്കുമെന്ന തിരിച്ചറിവില്‍ തന്നെയാണിപ്പോള്‍ ഈ അജന്‍ഡ പുറത്തെടുത്തിരിക്കുന്നത്. രാജ്യത്തെ ജനാധിപത്യമോ രാജ്യമോ അല്ല അധികാര കേന്ദ്രീകരണം തന്നെയാണ് ബി.ജെ.പിയെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ദുര്‍വാശിയിലേക്കു നയിക്കുന്നത്. 2018ലെ രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തിസ്ഗഡ് സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ക്കു തൊട്ടുമുമ്പു വരേ മോദി ഏറെ ആവേശത്തോടെ സംസാരിച്ച ഒറ്റത്തെരഞ്ഞെടുപ്പ് പദ്ധതിയെ പറ്റി പ്രസ്തുത തെരഞ്ഞെടുപ്പുകളുടെ ഫലമറിഞ്ഞതോടെ നിശ്ശബ്ദനാവുകയായിരുന്നു. രാഷ്ട്രീയാന്തരീക്ഷം പ്രതികൂലമെന്നു കണ്ടു വേണ്ടെന്നു വച്ച പദ്ധതി സാഹചര്യം അനുകൂലമായപ്പോള്‍ വീണ്ടും പുറത്തെടുക്കുന്നതില്‍ തന്നെയുണ്ട് സ്പഷ്ടമായ കള്ളത്തരം. ഇപ്പോള്‍ മുമ്പത്തേക്കാള്‍ ആധികാരികതയോടെ അധികാരമേറ്റ മോദി ഇന്ത്യയില്‍ ഒട്ടാകെ ഒറ്റത്തരങ്കം അലയടിക്കുന്ന തെരഞ്ഞെടുപ്പുകള്‍ ആഗ്രഹിക്കുന്നു. ജനാധിപത്യത്തെ ദുരുപയോഗം ചെയ്ത് അധികാര കേന്ദ്രീകരണം സാധിക്കുന്നതും പ്രതിപക്ഷമില്ലാത്ത രാഷ്ട്രീയ ആധിപത്യം ഉറപ്പിക്കുന്നതുമായ തെരഞ്ഞെടുപ്പ് ബി.ജെ.പിയുടെ സ്വപ്നമാണ്. അഥവാ കഴിഞ്ഞ കാലയളവിലെ കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന സ്വപ്നത്തിന്റെ പ്രായോഗിക രൂപമാണ് ഇപ്പോള്‍ സജീവമായ ഒറ്റത്തെരഞ്ഞെടുപ്പ് ചിന്ത.
1983ലാണ് രാജ്യത്ത് ആദ്യമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ ആശയം മുന്നോട്ടുവച്ചത്. എന്നാല്‍ ഇന്ത്യയുടെ ഫെഡറല്‍ ഘടന തകര്‍ക്കുമെന്നും ഇന്ത്യയുടെ വൈജാത്യങ്ങള്‍ അഭിമുഖീകരിക്കപ്പെടാതെ പോകുമെന്നുമുള്ള വിമര്‍ശനങ്ങള്‍ അന്നു തന്നെ ഉയര്‍ന്നു. തെരഞ്ഞെടുപ്പ് ചെലവുകള്‍ കുറയ്ക്കാനാകും എന്ന നേട്ടമല്ലാതെ മറ്റൊന്നും പുറത്തുപറയാനില്ലാത്തതാണ് ബി.ജെ.പിക്കു തന്നെയും ഈ ആശയം. ഫലത്തില്‍ തെരഞ്ഞെടുപ്പു ചെലവുകള്‍ കുറക്കുകയല്ല കൂട്ടുകയാണ് ഈ മാറ്റം കൊണ്ടുണ്ടാവുക. ഇപ്പോള്‍ അഞ്ചുവര്‍ഷത്തിനിടെ വോട്ടിങ് യന്ത്രങ്ങളുടെ പുനരുപയോഗം സാധ്യമാണെങ്കില്‍ അഞ്ചുവര്‍ഷം കൂടുമ്പോള്‍ ഒറ്റ തെരഞ്ഞെടുപ്പ് എന്ന രീതിയിലേക്കു മാറിയാല്‍ അത്രയും വോട്ടിങ് യന്ത്രങ്ങള്‍ ആവശ്യമാവുകയും അവയുടെ പുനരുപയോഗം ഇല്ലാതാവുകയുമാണുണ്ടാവുക. ഒറ്റത്തെരഞ്ഞെടുപ്പു കൊണ്ട് നേട്ടമായി പറയപ്പെടുന്നവയേക്കാള്‍ കോട്ടങ്ങള്‍ അതുകൊണ്ട് ഉണ്ട് എന്നതാണ് വാസ്തവം.
ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പേ ഒറ്റത്തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്കു മറുപടിയായി, തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്തണമെങ്കില്‍ 10,60,000 പോളിങ് സ്‌റ്റേഷനുകള്‍ ഒരുക്കേണ്ടി വരും, നിലവിലെ സാഹചര്യത്തില്‍ 12.9 ലക്ഷം ബാലറ്റ് യൂണിറ്റുകളുടെയും 9.4 ലക്ഷം കണ്‍ട്രോള്‍ യൂണിറ്റുകളുടെയും 12.3 ലക്ഷം വിവിപാറ്റുകളുടെയും കുറവുണ്ട്, അതേസമയം, കണ്‍ട്രോള്‍ യൂണിറ്റ്, ബാലറ്റ് യൂണിറ്റ്, വിവിപാറ്റ് എന്നിവയുള്‍പ്പെടുന്ന ഒരു ഇലക്ട്രാണിക് വോട്ടിങ് മെഷിന് 33,200 രൂപ വില വരും, വോട്ടിങ് യന്ത്രങ്ങള്‍ വാങ്ങാന്‍ മാത്രം 4,555 കോടി രൂപ വേണ്ടിവരും. വിവരാവകാശ രേഖകള്‍ പ്രകാരം 4,500 കോടിയാണ് നിയമസഭ, ലോക്‌സഭ തെരഞ്ഞെടുപ്പ് ചെലവ്. എന്നാല്‍ കഴിഞ്ഞ കാലയളവിലെ ഭരണത്തിനിടെ മോദി പരസ്യത്തിനായി ചെലവഴിച്ചത് 4,600 കോടിയാണ്. ഇത്രയേ ഉള്ളൂ തെരഞ്ഞെടുപ്പു ചെലവു ചുരുക്കല്‍ വാദത്തിലുള്ള മോദിയുടെ ആത്മാര്‍ഥത..!!
പുറത്തുപറയാത്ത മെച്ചമാകട്ടെ, തെരഞ്ഞെടുപ്പുകളിലെ പ്രത്യേക രാഷ്ട്രീയ രംഗങ്ങള്‍ ഉപയോഗപ്പെടുത്തി, തങ്ങള്‍ക്ക് സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് വിജയം കൊയ്യാനാകും എന്നതു തന്നെയാണ്. ഒന്നാം മോദി സര്‍ക്കാരിനെ വിജയത്തിലെത്തിക്കാന്‍ സഹായിച്ചതു പോലുള്ള മോദി തരംഗമോ, ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അതിതീവ്രമായി ഉപയോഗിക്കപ്പെട്ട ദേശീയവികാരം പോലുള്ള തെരഞ്ഞെടുപ്പു പാക്കേജുകളോ സ്വാധീനം ചെലുത്താത്ത തരത്തില്‍ രാഷ്ട്രീയ വിവേകം സൂക്ഷിക്കുന്ന സംസ്ഥാനങ്ങള്‍ രാജ്യത്തുണ്ട്. കേന്ദ്രത്തിലേക്കു ബി.ജെ.പിക്കു വോട്ട് ചെയ്യുകയും പ്രാദേശികമായി ബി.ജെ.പിയെ അധികാരത്തിനു പുറത്തുനിര്‍ത്തുകയും ചെയ്ത രാഷ്ട്രീയ തീരുമാനം പോലും രാജ്യത്തിന്റെ ചില ഭാഗങ്ങള്‍ കൈകൊണ്ടു. ഈ വൈവിധ്യം മറ്റു പല വൈവിധ്യങ്ങളുമെന്ന പോലെ സംഘ്പരിവാറിന്റെ മുന്നിലെ ബാലികേറാമലകളാണ്. ഇന്ത്യയില്‍ ഇത്തരമൊരു രാഷ്ട്രീയ വൈവിധ്യം സാധ്യമാക്കുന്നതാവട്ടെ നമ്മുടെ ഫെഡറല്‍ ഘടനയുമാണ്. ഇതിനെ അട്ടിമറിക്കാന്‍ ഉള്ള ഉചിതമായ ഉപായം എന്ന നിലക്കു തന്നെയാണ് മോദിയും അമിത്ഷായും ഒറ്റത്തെരഞ്ഞെടുപ്പു നീക്കം തുടരുന്നതും. നിലവിലെ പാര്‍ലിമെന്ററി സമ്പ്രദായത്തെ ദുര്‍ബലമാക്കുക. വ്യക്തികേന്ദ്രീകൃതമായ പ്രസിഡന്‍ഷ്യല്‍ ഭരണരീതി സാധ്യമാക്കുക. പാര്‍ലമെന്ററി സമ്പ്രദായത്തേയും ഫെഡറല്‍ വ്യവസ്ഥയേയും കേന്ദ്രസര്‍ക്കാരിന്റെ വരുതിയിലാക്കാനുള്ള രഹസ്യ നീക്കമാണ് ഇപ്പോഴത്തേത്. സംസ്ഥാനങ്ങളില്‍ രാഷ്ട്രപതിഭരണവും ഗവര്‍ണര്‍മാരുടെ മേല്‍ക്കോയ്മയും അടിച്ചേല്‍പ്പിക്കുകയും കേന്ദ്രഭരണത്തിന്റെ ഇംഗിതങ്ങള്‍ രാജ്യത്തെവിടെയും സാക്ഷാത്കരിക്കുകയും ചെയ്തുകൊണ്ട് തന്നെ നമ്മുടെ ജനാധിപത്യത്തിന്റെ അന്തസ്സത്ത ചോര്‍ത്തി തങ്ങളുടെ രാഷ്ട്ര സങ്കല്‍പ്പത്തിലേക്ക് ചുവടു വെക്കുകയാണവര്‍. രണ്ടാമതു പാര്‍ലമെന്റിലെത്തിയ മോദി ആദ്യം വണങ്ങിയതു നമ്മുടെ ഭരണഘടനയെയാണ്.
നാനാത്വത്തില്‍ ഏകത്വം നിലനില്‍ക്കുന്ന ഇന്ത്യക്ക് ഏറ്റവും അനുയോജ്യമായ രീതിയിലാണു ഫെഡറല്‍ തത്വം ഭരണഘടന അരക്കിട്ടുറപ്പിച്ചത്. ഈ സംവിധാനം അട്ടിമറിച്ച് അധികാരം കേന്ദ്രീകരിക്കാന്‍ ഏറ്റവും എളുപ്പമുള്ള മാര്‍ഗമാണ് ഇപ്പോള്‍ സംഘ്പരിവാറിന്റെ ആലോചനയിലുള്ളത്. നമ്മുടെ ഭരണഘടനയെ മുന്നില്‍ വച്ചു തന്നെ രാജ്യത്തെ ജനാധിപത്യത്തെ തങ്ങളുടെ ആധിപത്യത്തിനുള്ള ഉപകരണമാക്കാനാവുമെന്നവര്‍ക്ക് നല്ല നിശ്ചയമുള്ളതു കൊണ്ടാണു മോദി ഇത്തവണ ഭരണഘടനയെ വണങ്ങി തന്നെ കര്‍മപരിപാടികള്‍ക്കു തുടക്കം കുറിച്ചത്.
ഒറ്റത്തെരഞ്ഞെടുപ്പു പരിഷ്‌കാരം ഭരണഘടനാ പ്രതിസന്ധി സൃഷ്ടിക്കുന്ന നിരവധി സംഭവങ്ങളിലേക്കു രാജ്യത്തെ കൊണ്ടുപോവും എന്നതും കാണാതിരുന്നു കൂടാ. ലോക്‌സഭയും നിയമസഭകളും അഞ്ചുവര്‍ഷത്തേക്കാണു തെരഞ്ഞെടുക്കപ്പെടുന്നത്. എങ്കിലും അതിനിടയിലുണ്ടാകുന്ന രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഇടക്കാല തെരഞ്ഞെടുപ്പുകള്‍ വരാറുണ്ട്. ഈ സാഹചര്യത്തെ എങ്ങനെ ഒറ്റത്തെരഞ്ഞെടുപ്പു വ്യവസ്ഥയില്‍ അഭിമുഖീകരിക്കുമെന്നതു വ്യക്തമല്ല. 2024 ആകുമ്പോഴാണ് രാജ്യത്ത് അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ്. അക്കാലയളവിനിടെ വിവിധ സംസ്ഥാന, നിയമ സഭകളിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍ നടക്കേണ്ടതുണ്ട്. പുതിയ രീതി നടപ്പാക്കുകയാണെങ്കില്‍ അവിടങ്ങളില്‍ ജനവിധി തേടാതെ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടി വരും. ഒരു സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധിയുണ്ടായി എന്നിരിക്കട്ടെ. അവിടെ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തും. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് വരേ രാഷ്ട്രപതി ഭരണത്തിന്‍ കീഴിലാവും സംസ്ഥാനം. തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുമ്പോഴുള്ള അഞ്ചുഭരണഘടനാ പ്രശ്‌നങ്ങള്‍, ഒട്ടേറെ സാമൂഹിക, രാഷ്ട്രീയ പ്രശ്‌നങ്ങള്‍, സാമ്പത്തിക പ്രശ്‌നങ്ങള്‍ എന്നിവ സംബന്ധിച്ച് നിയമ കമ്മീഷന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിപ്രായം ചോദിച്ചിട്ടുണ്ട്. ഈ കുരുക്കുകള്‍ അഴിക്കാന്‍ നിയമനിര്‍മാണം വഴി സാധ്യമായാല്‍ ഒരേസമയം വോട്ടെടുപ്പ് നടത്തുന്നതിനുള്ള പിന്തുണ കമ്മീഷന്‍ അറിയിച്ചിട്ടുമുണ്ട്. ജനാധിപത്യത്തിന്റെ കാതലാണ് തെരഞ്ഞെടുപ്പുകള്‍. അവയുടെ നടത്തിപ്പില്‍ മാറ്റം വരുത്തുക എന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. ഇപ്പോള്‍ വരുത്തണമെന്നാഗ്രഹിക്കുന്ന മാറ്റമാകട്ടെ ഏകാധിപത്യ ഭരണത്തിന്റെ മികച്ച ഉപകരണമാകാന്‍ ശേഷിയുള്ള ആശയമാണെന്നതാണ് ഏറ്റവും വലിയ പ്രശ്‌നം.
പ്രാദേശിക രാഷ്ട്രീയ ആഭിമുഖ്യങ്ങളുടെയും കക്ഷികളുടെയും സാധ്യത പരിമിതമാക്കും തരത്തിലാണ് ഒറ്റത്തെരഞ്ഞെടുപ്പു രീതി പ്രവര്‍ത്തിക്കുക. ജനം കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയെ പിന്തുണയ്ക്കാന്‍ നിര്‍ബന്ധിതരാവുന്ന അവസ്ഥ വരുന്നതാണതിലെ ദുരവസ്ഥ. ഇന്ത്യയെ പോലെ നാനാത്വത്തിലുള്ള ഏകത്വത്തില്‍ അഭിമാനം കൊള്ളുന്ന രാജ്യത്ത് ഈ രീതി ജനാധിപത്യ സംവിധാനത്തെ തകര്‍ക്കുന്ന തരത്തിലാണു പ്രവര്‍ത്തിക്കുക. സര്‍ക്കാരുകളെ അധികാരത്തിലെത്തിക്കുന്ന ജനത്തിന് സര്‍ക്കാരുകളെ ചോദ്യം ചെയ്യാനും അവസരമുണ്ടാകണം. ഒരു സര്‍ക്കാരിനെ അധികാരത്തിലേറ്റിയാല്‍ അത് ഏതുരീതിയില്‍ ഏകാധിപത്യപരമായി പ്രവര്‍ത്തിച്ചാലും അഞ്ചുവര്‍ഷ കാലാവധി തികയ്ക്കാന്‍ സര്‍ക്കാരിന് കഴിയുമെങ്കില്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ജനാധിപത്യം ഒരു വാക്കുമാത്രമായി മാറും. എന്നു മാത്രമല്ല, ഇപ്പോഴത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ രണ്ടു ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ക്കിടയിലെ കാലയളവില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ പലപ്പോഴും തിരുത്തല്‍ ശക്തിയായി ഭവിക്കാറുമുണ്ട്. സംസ്ഥാന തെരഞ്ഞെടുപ്പുകളിലെ ഫലങ്ങള്‍ കേന്ദ്രം ഭരിക്കുന്ന കക്ഷിയെ സ്വയം തിരുത്താനും നയങ്ങള്‍ മാറ്റാനുമുള്ള മുന്നറിയിപ്പുകളായി മാറുന്നതു നാം പലവട്ടം കണ്ടിട്ടുണ്ട്. ജനാധിപത്യത്തിന്റെ ഇത്തരം സന്ദേശ സാധ്യതകളെല്ലാം കൊട്ടിയടക്കുന്നതു കൂടിയാകും ഒറ്റത്തെരഞ്ഞെടുപ്പ്.
നമ്മുടെ ഭരണഘടന തെരഞ്ഞെടുപ്പുകളെ സംബന്ധിച്ച് ഒരു പ്രത്യേക അധ്യായം ഉള്‍പ്പെടുത്തിയതു തന്നെ ഇതര ജനാധിപത്യ രാജ്യങ്ങളുടെ ഭരണഘടനകളില്‍ നിന്ന് ഇന്ത്യന്‍ ഭരണഘടനയ്ക്കുള്ള പ്രത്യേകതയാണ്. പല വിദേശ ഭരണഘടനകളും താരതമ്യേന അപ്രധാനമായ വിഷയമായി തെരഞ്ഞെടുപ്പുകളുടെ പ്രയോഗമാതൃകകളെ കരുതുമ്പോള്‍ നമ്മുടെ ഭരണഘടന നിര്‍മാണസഭയാകട്ടെ ഭരണഘടനയുടെ ഒരു അവിഭാജ്യഘടകമെന്ന നിലയിലാണ് ഇതിനെ കണ്ടത്. അതുകൊണ്ട് മൗലികാവകാശങ്ങള്‍ക്കായി രൂപീകരിച്ചിരുന്ന കമ്മിറ്റിയെ തന്നെ ഇതുസംബന്ധമായി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചുമതലപ്പെടുത്തി. പൗരന്റെ മൗലിക അവകാശങ്ങളിലൊന്നായി തെരഞ്ഞെടുപ്പിനെ കരുതണമെന്നും, അതിനെ സര്‍ക്കാരിന്റെ കൈകടത്തലില്‍ നിന്ന് രക്ഷിക്കണമെന്നും സ്വതന്ത്രമായ തെരഞ്ഞെടുപ്പിന് സ്വാതന്ത്ര്യം നല്‍കണമെന്നും, അതിനുവേണ്ട വ്യവസ്ഥകള്‍ രേഖപ്പെടുത്തണമെന്നും മേല്‍ കമ്മിറ്റിയോട് ഭരണഘടനയുടെ നിര്‍മാണസഭ നിര്‍ദേശിച്ചു. പ്രസ്തുത കമ്മിറ്റി വിശദമായ പ്രത്യേക തെരഞ്ഞെടുപ്പു വ്യവസ്ഥകളുണ്ടാക്കി ഭരണഘടനയുടെ പ്രത്യേക അധ്യായത്തില്‍ അവ ഉള്‍ക്കൊള്ളിച്ചു. സ്വതന്ത്രവും കുറ്റമറ്റതുമായ തെരഞ്ഞെടുപ്പ് നടത്തുക മാത്രമല്ല, അധികാരത്തിലിരിക്കുന്ന പാര്‍ട്ടിക്ക് സ്വന്തം വിജയം ഉറപ്പുവരത്തക്ക വിധം പ്രവര്‍ത്തിക്കാനുള്ള അവസരം ഒരിക്കലും നല്‍കുന്നില്ല എന്നുറപ്പു വരുത്തുക കൂടി ചെയ്തു. മൂന്നംഗ തെരഞ്ഞെടുപ്പ് കമ്മിഷന്‍ എന്ന സ്വതന്ത്ര സമിതിക്ക് തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കാനും വേണ്ട നിര്‍ദേശം നല്‍കാനും മേല്‍നോട്ടം വഹിക്കാനുമുള്ള അധികാരം നല്‍കിയ നമ്മുടെ ഭരണഘടന എങ്ങനെ നോക്കുകുത്തിയായെന്നു നാം ഇയ്യിടെ കണ്ടു, ബാക്കി കാണാനിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."