കഞ്ചാവ് കടത്തിയ രണ്ടുപേര്‍ പിടിയില്‍; ബാങ്ക് കൊള്ളക്കേസിലെ പ്രതി രക്ഷപ്പെട്ടു
കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി രണ്ടുപേരെ പൊലിസ് പിടികൂടി. സംഘത്തിലുണ്ടായിരുന്ന ബാങ്ക് കൊള്ളക്കേസിലെ പ്രതി രക്ഷപ്പെട്ടു. മധൂര്‍ നീര്ച്ചാല് റോഡിലെ ശിഹാബ് (26), സലിം (23) എന്നിവരെയാണു കഴിഞ്ഞദിവസം പൊലിസ് പിടികൂടിയത്.
ഉപ്പളയില്‍ നിന്നു കാസര്‍കോട്ടേക്ക് കാറില്‍ കഞ്ചാവ് കടത്തുന്നതായി പൊലിസിനു രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് എരിയാല്‍ പാലത്തിനു സമീപം വാഹനപരിശോധന നടത്തുകയായിരുന്നു. ഉപ്പളഭാഗത്തുനിന്നു വരുകയായിരുന്ന നമ്പറില്ലാത്ത ആള്‍ട്ടോ കാര്‍ തടഞ്ഞുനിര്‍ത്തി കാസര്‍കോട് സി.ഐയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ രണ്ടു കിലോയോളം കഞ്ചാവ് പൊലിസ് കണ്ടെടുത്തു.
ഇതിനിടയില്‍ കാറിലുണ്ടായിരുന്ന കുഡ്ലു സര്‍വിസ് സഹകരണ ബാങ്ക് പട്ടാപ്പകല്‍ കൊള്ളനടത്തിയകേസിലെ പ്രതി രക്ഷപ്പെട്ടതായി പൊലിസ് പറയുന്നു. കാറിലുണ്ടായിരുന്ന ഷിഹാബിനെയും സലീമിനെയും ചോദ്യം ചെയ്തതോടെയാണ് കടന്നുകളഞ്ഞത് ബാങ്ക് കൊള്ള കേസിലെ പ്രതിയാണെന്ന് പൊലിസിനു മനസ്സിലായത്.
സംഭവത്തില്‍ ഇരുവരേയും പൊലിസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം ദുബൈയിലേക്കു പോകുകയായിരുന്ന യാത്രക്കാര്‍ സഞ്ചരിച്ച വാഹനത്തില്‍ കഞ്ചാവ് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ടു അന്വേഷണം നടക്കുന്നതിനിടെയാണ് വീണ്ടും കഞ്ചാവ് പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."