ന്യൂനപക്ഷാവകാശങ്ങള്‍ അനുവദിച്ച് ഉത്തരവ് ഇറക്കണം: ജമാഅത്ത് ഫെഡറേഷന്‍
തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിയമിച്ച പല കമ്മിറ്റികളും കമ്മിഷനുകളും ശുപാര്‍ഷ ചെയ്ത ന്യൂനപക്ഷാവകാശങ്ങള്‍ ഉടന്‍ അനുവദിച്ച് ഉത്തരവ് ഇറക്കണമെന്ന് കൊല്ലത്ത് ചേര്‍ന്ന കേരളാ മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ ഭാരവാഹികളുടെ അടിയന്തിര യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
എല്‍.ഡി.എഫ് പ്രകടനപത്രിക വാഗ്ദാനം ചെയ്ത അറബിക് സര്‍വകലാശാല, ബാറ്റ്‌ലോഗ് നിയമനം, എന്നിവക്ക് പുറമെ മദ്‌റസാ നവീകരണ ഫണ്ട് വിതരണം, സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന എല്ലാ മേഖലകളിലും സംവരണം നടപ്പിലാക്കല്‍ തുടങ്ങിയ വിഷയങ്ങളിലെ സര്‍ക്കാര്‍ അവഗണനയില്‍ യോഗം ഖേദം പ്രകടിപ്പിച്ചു.
മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകളിലും ഉന്നതമായ അധികാരസ്ഥാനങ്ങളിലും ദളിത്, പിന്നോക്ക ന്യൂനപക്ഷാവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്ന സമീപനം തുടരുകയാണ്.
ഭരണഘടന വിഭാവനം ചെയ്ത സംവരണത്തിന്റെ സത്തയെ അട്ടിമറിക്കുന്ന നിലപാടില്‍ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. ഈ വിഷയത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കാത്ത പക്ഷം ശക്തമായ പ്രതിഷേധയോഗം സംഘടിപ്പിക്കുകയും സമര പരിപാടികളുമായി മുന്നോട്ട് പോകുകയും ചെയ്യുമെന്ന് യോഗം തീരുമാനിച്ചു.
ന്യൂനപക്ഷാവകാശങ്ങളെ സംബന്ധിച്ച് ബോധവല്‍ക്കരിക്കാന്‍ വേണ്ടി ന്യൂനപക്ഷ കമ്മിഷനും വകുപ്പ് മന്ത്രിയും നടത്തുന്ന പരിപാടികള്‍ക്ക് യോഗം പിന്തുണ പ്രഖ്യാപിക്കുകയും ജമാഅത്ത് ഭാരവാഹികള്‍ പൂര്‍ണമായും സഹകരിക്കണമെന്നും യോഗം തീരുമാനിച്ചു. ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി അഡ്വ:കെ.പി മുഹമ്മദ്, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, തേവലക്കര അലിയാരുകുഞ്ഞ് മൗലവി, എ.കെ ഉമര്‍ മൗലവി, പാങ്ങോട്, എ ഖമറുദ്ദീന്‍ മൗലവി, എം.എ സമദ്, കരമന മാഹീന്‍, ആസാദ് റഹീം, കണ്ണനല്ലൂര്‍ നിസാം, കുഴിവേലില്‍ നാസര്‍, മേക്കോണ്‍ അബ്ദുല്‍ അസീസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."