വിലക്കയറ്റത്തിനെതിരേ വെല്‍ഫെയര്‍ പാര്‍ട്ടി സമരം നടത്തും
കൊച്ചി: വിലക്കയറ്റം സൃഷ്ടിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങള്‍ക്കെതിരേ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രക്ഷോഭത്തിനു മുന്നോടിയായി നാളെ സംസ്ഥാനത്തെ എല്ലാ മണ്ഡലം കേന്ദ്രങ്ങളിലും വെള്ളംതിളപ്പിക്കല്‍ സമരം നടത്തും. ദുസ്സഹമായ വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ പിണറായി സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്നും സാധാരണക്കാരന്റെ നട്ടെല്ലൊടിക്കുന്ന വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ അടിയന്തര നടപടി കൈക്കൊള്ളണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി ആവശ്യപ്പെട്ടു. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം അരിവില കിലോയ്ക്ക് നാലുരൂപയിലേറെയാണ് വര്‍ധിച്ചത്.
പൊതുവിതരണ മേഖലയാകെ സ്തംഭനാവസ്ഥയിലാണ്. മാവേലി സ്റ്റോറുകളിലും റേഷന്‍കടകളിലും നിത്യോപയോഗ സാധനങ്ങള്‍ കിട്ടാനില്ലെന്നും വെല്‍ഫെയര്‍ പാര്‍ട്ടി ആരോപിച്ചു. പൂഴ്ത്തിവെപ്പും കരിഞ്ചന്തയും വ്യാപകമാക്കാനുള്ള സൗകര്യങ്ങളാണ് സര്‍ക്കാര്‍ ചെയ്യുന്നത്. സര്‍ക്കാര്‍ വിഷയത്തില്‍ ഉടന്‍ ഇടപെട്ടില്ലെങ്കില്‍ ഓണത്തിന് പച്ചക്കറി ഉള്‍പ്പെടെയുള്ള വസ്തുക്കളുടെ വില കുതിച്ചുയരുമെന്നും നേതാക്കള്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ എറണാകുളം ജില്ലാ സെക്രട്ടറി കെ.എ സദീഖ്, ജില്ലാ വൈസ് പ്രസിഡന്റ് സോമന്‍ ജി.വെണ്‍പുഴശ്ശേരി എന്നിവരും പങ്കടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."