നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുക്കാനൊരുങ്ങി ഈ കര്‍ഷകന്‍
ചാലക്കുടി: മഴവെള്ളക്കെടുതി വരുത്തി വച്ച കൃഷിനാശത്തില്‍ തളരാതെ നഷ്ടപ്പെട്ടവയെല്ലാം വീണ്ടെടുക്കാനൊരുങ്ങുകയാണ് ജോയ് എന്ന കര്‍ഷകന്‍. സാമ്പത്തിക ബാധ്യതകളടക്കം നിരവധി കഷ്ടതകള്‍ മഴവെള്ളപാച്ചിലില്‍ വന്നെത്തിയെങ്കിലും ആത്മവിശ്വാസം കൈവിടാതെ കൃഷിയിറക്കാനുള്ള തിരക്കിലാണ് പതിയാപറമ്പില്‍ ജോയ്. ന
35 വര്‍ഷങ്ങള്‍ക്ക് മുമ്പ് മണ്ണിനെ സ്‌നേഹിച്ച് കൃഷിപണിയിലേക്കിറങ്ങിയ ഈ കര്‍ഷകനെ കാര്‍ഷിക രംഗത്തു നിന്നു പിന്തിരിപ്പിക്കാനൊന്നും ഈ പ്രളയത്തിനാകില്ല. മൂന്നേക്കര്‍ വരുന്ന കൃഷി മുഴുവനും മലവെള്ളം കവര്‍ന്നിട്ടും കൃഷിപ്പണി ഉപേക്ഷിക്കാനൊന്നും കോട്ടാറ്റ് പതിയപറമ്പില്‍ വീട്ടില്‍ ജോയിയെ കിട്ടില്ല.
ചെളിയും ചണ്ടിയും കയറി നശിച്ച കൃഷിയിടം കൃഷിക്കായി ഒരുക്കുകയാണ് ജോയ്. പാവലം, വെണ്ട, വെള്ളരി, മത്തന്‍, പച്ചക്കറി തുടങ്ങി പന്ത്രണ്ട് ഇനം പച്ചക്കറികളാണ് ജോയ് മൂന്നേക്കര്‍ സ്ഥലത്ത് കൃഷി ചെയ്തിരുന്നത്.
ഇവയെല്ലാം മഴവെള്ള പാച്ചലില്‍ ഇല്ലാതായി. കൃഷിയിടത്തിനോട് ചേര്‍ന്ന് ഒരുക്കിയിരുന്ന പോളി ഹൗസും നശിച്ചു. ഇവിടെ വില്പനക്കായി തയാറാക്കി വച്ചിരുന്ന ഒരു ലക്ഷം പച്ചക്കറി തൈകളാണ് നശിച്ചു പോയത്. വിവിധ കൃഷിഭവനുകളിലേക്ക് നല്‍കാനായി ഒരുക്കിയ പച്ചക്കറി തൈകളാണ് നശിച്ചത്. അഞ്ച് ലക്ഷം രൂപ ചെലവിലാണ് പോളിഹൗസ് നിര്‍മിച്ചത്. കേടുപാടുകള്‍ സംഭവിച്ച പോളിഹൗസ് പുനര്‍ നിര്‍മിക്കണമെങ്കില്‍ മൂന്ന് ലക്ഷം രൂപയോളം വേണ്ടിവരും. വിളവെടുപ്പിന് തയാറായി നിന്നിരുന്ന ചേന, മത്തന്‍, വെള്ളരി, കപ്പ തുടങ്ങിയവയും വ്യാപകമായി നശിച്ചു.
ഇവ കൃഷിയിടത്ത് നിന്ന് മാറ്റി മറ്റൊരിടത്ത് കൂട്ടിയിട്ടിരിക്കുകയാണ്. ഓണം വിപണി മുന്നില്‍ കണ്ട് കൃഷിയിറക്കിയ വാഴയടക്കമുള്ളവ വെള്ളത്തില്‍ നശിച്ചു പോയി. ലക്ഷങ്ങളുടെ നഷ്ടമാണ് ജോയിക്ക് സംഭവിച്ചത്. ഓണവിപണിക്ക് മാത്രമായി ഒരുക്കി വിളവെടുപ്പിന് പാകമായ രണ്ടര ലക്ഷം രൂപയുടെ പച്ചക്കറികളും നശിച്ചു. സ്വന്തമായുള്ള ഒന്നരേക്കറിന് പുറമെ പാട്ടത്തിനെടുത്ത ഒന്നരേക്കര്‍ ഭൂമിയും ഉപയോഗപ്പെടുത്തിയാണ് കൃഷിചെയ്യുന്നത്. കൃഷിപണി ലാഭകരമാണെന്നാണ് ജോയി പറയുന്നത്. ജോയ് ഇതിനകം 50 സെന്റോളം സ്ഥലത്ത് വെണ്ടതൈകള്‍ നട്ടുകഴിഞ്ഞു. വിത്തുകള്‍ ലഭ്യമല്ലാത്തതാണ് ഇപ്പോള്‍ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി.
തമിഴ്‌നാട്ടില്‍ നിന്നും അധികവില കൊടുത്താണ് വിത്തുകള്‍ കൊണ്ടുവരുന്നത്. 100 ഗ്രാം വിത്തിന്400 മുതല്‍ 500രൂപ വരെ കൊടുക്കണം. പ്രളയത്തിനു ശേഷം ചെളിയും ചണ്ടിയുമടക്കമുള്ള മാലിന്യങ്ങള്‍ കൃഷിയിടത്തില്‍ അവശേഷിച്ചു. ഇവ നീക്കം ചെയ്താലെ പുതിയ കൃഷിയിറക്കാനാകൂ. ട്രാക്റ്റര്‍ ഉപയോഗിച്ച് ഉഴുത് മറിച്ചാണ് ഇപ്പോള്‍ കൃഷിയിടം ഒരുക്കുന്നത്. അടുത്ത സീസനിലേക്കുള്ള പച്ചക്കറികള്‍ ഒരുക്കാനുള്ള തിരക്കിലാണ് ഇപ്പോള്‍ ഈ കര്‍ഷകന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."