അന്തര്‍സംസ്ഥാന ബസുകളുടെ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി
കോഴിക്കോട്: അന്തര്‍സംസ്ഥാന സ്വകാര്യ ബസുകളുടെ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. ഇതോടെ കര്‍ണാടക, തമിഴ്‌നാട്, ആന്ധ്ര തുടങ്ങിയ അയല്‍സംസ്ഥാനങ്ങളില്‍ പോകേണ്ട യാത്രക്കാര്‍ ദുരിതത്തിലായി. നാനൂറോളം ബസുകളാണ് സര്‍വിസ് നിര്‍ത്തിയിരിക്കുന്നത്.
സര്‍ക്കാരിന്റെ പീഡനത്തെ തുടര്‍ന്ന് സര്‍വിസ് നടത്താന്‍ കഴിയാതെവന്നതോടെയാണ് സമരം പ്രഖ്യാപിച്ചതെന്നാണ് ബസുടമകള്‍ പറയുന്നത്. എന്നാല്‍, നോട്ടിസ് പോലും നല്‍കാതെ നിയമവിരുദ്ധമായാണ് ബസുകള്‍ ഓട്ടം നിര്‍ത്തിയതെന്നും സമരത്തെ നേരിടുമെന്നുമാണ് സര്‍ക്കാരിന്റെ പ്രതികരണം.
സമരം മലബാര്‍ മേഖലയില്‍ നിന്നുള്ള യാത്രക്കാരെയാണ് കൂടുതലായി ബാധിച്ചിരിക്കുന്നത്. കല്ലട ബസില്‍ യാത്രക്കാര്‍ക്ക് നേരിട്ട പീഡനങ്ങള്‍ക്കുപിന്നാലെ അന്തര്‍സംസ്ഥാന സ്വകാര്യ ബസുകളുടെ നിയമലംഘനത്തിനെതിരേ ഓപറേഷന്‍ നൈറ്റ് റൈഡേഴ്‌സ് എന്ന പേരില്‍ മോട്ടോര്‍വാഹന വകുപ്പ് കര്‍ശന നടപടി സ്വീകരിച്ചിരുന്നു. എന്നാല്‍, ഓപറേഷന്‍ നൈറ്റ് റൈഡേഴ്‌സിന്റെ പേരില്‍ ബസ് വ്യവസായത്തെ തകര്‍ക്കാനാണ് മോട്ടോര്‍വാഹന വകുപ്പ് ശ്രമിക്കുന്നതെന്നാണ് ബസുടമകളുടെ ആരോപണം. ഏതെങ്കിലും ഒരു ജീവനക്കാരന്റെ മോശമായ പ്രവര്‍ത്തനം മുന്‍നിര്‍ത്തി ബസ് വ്യവസായത്തെ മൊത്തം നശിപ്പിക്കുന്നത് ശരിയല്ലെന്നും സര്‍ക്കാരുമായി സഹകരിച്ച് പോകാമെന്ന് അറിയിച്ചിട്ടും അനുകൂല നടപടിയുണ്ടാകാത്തതിനാലാണ് സര്‍വിസ് നിര്‍ത്തിവച്ചതെന്നും ഇന്റര്‍ സ്റ്റേറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
അതിനിടെ, സമരത്തെ നേരിടാന്‍ കെ.എസ്.ആര്‍.ടി.സിയെ ഉപയോഗിച്ച് സര്‍ക്കാര്‍ നീക്കം തുടങ്ങി. 49 ബംഗളൂരു സര്‍വിസുകളില്‍ ഇതിനോടകം ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. എട്ട് അധിക സര്‍വിസുകള്‍ കൂടി നടത്തും. സൂപ്പര്‍ ഡീലക്‌സ്, എക്‌സ്പ്രസ്, സൂപ്പര്‍ ഫാസ്റ്റ് ബസുകളായിരിക്കും സര്‍വിസ് നടത്തുക. അതിനിടെ, അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകളെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് എം.രാമചന്ദ്രന്‍ കമ്മിഷന്‍ സര്‍ക്കാരിന് ഇടക്കാല റിപ്പോര്‍ട്ട് നല്‍കി.
മന്ത്രി നടത്തിയ ചര്‍ച്ച പരാജയം
തിരുവനന്തപുരം: സമരം നടത്തുന്ന അന്തര്‍ സംസ്ഥാന സ്വകാര്യ ബസുടമകളുമായി ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ നടത്തിയ ചര്‍ച്ച പരാജയം.
പെര്‍മിറ്റ് ലംഘനത്തിന്റെ പേരില്‍ അന്യായമായി പിഴ ഈടാക്കുന്നത് താങ്ങാനാകില്ലെന്ന് ഗതാഗത മന്ത്രിയുമായുള്ള ചര്‍ച്ചക്കുശേഷം ബസുടമകള്‍ പറഞ്ഞു. അതിനാല്‍ വീട്ടുവീഴ്ച ചെയ്യാനാകില്ല. കല്ലടയുടെ ഭാഗത്ത് നിന്നുണ്ടായ തെറ്റിന് എല്ലാവരും അനുഭവിക്കണമെന്ന് പറയുന്നത് ശരിയല്ല. കോണ്‍ട്രാക്ട് ക്യാരേജ് പെര്‍മിറ്റുള്ള ബസുകള്‍ മറ്റ് സംസ്ഥാനങ്ങളില്‍ സുഗമമായി സര്‍വിസ് നടത്തുന്നു. അതേ പെര്‍മിറ്റുള്ള ബസുകള്‍ക്ക് കേരളത്തില്‍ പിഴ ഈടാക്കുന്നത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതായും ബസുടമകള്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ മോട്ടാര്‍ വാഹന നിയമം ഭേദഗതി ചെയ്യുന്ന സാഹചര്യത്തില്‍ പെര്‍മിറ്റ് ലംഘനത്തിന്റെ പേരിലുള്ള നടപടി നിര്‍ത്തിവയ്ക്കണം. കോടികളുടെ സാമ്പത്തിക ബാധ്യതയാണ് ഓരോ ബസുടമക്കും ഉള്ളതെന്നും ബസുടമകള്‍ പറഞ്ഞു. അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകളിലെ പരിശോധനയും പിഴ ഈടാക്കലും നിര്‍ത്തിവയ്ക്കില്ലെന്ന് ഗതാഗത മന്ത്രി യോഗത്തില്‍ വ്യക്തമാക്കി. സമരം പിന്‍വലിക്കണമെന്ന് ഉടമകളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തില്‍ പരിശോധന ഉണ്ടാകില്ല. പരിശോധനയുടെ പേരില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പീഡനം ഉണ്ടാകില്ലെന്ന് ചര്‍ച്ചയില്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കല്ലട സംഭവത്തിന്റെ പേരില്‍ സര്‍ക്കാര്‍ തങ്ങളെ മനപ്പൂര്‍വം ദ്രോഹിക്കുന്നുവെന്നാരോപിച്ച് നാനൂറോളം ബസുകളാണ് ഇന്നലെ മുതല്‍ സര്‍വിസ് നിര്‍ത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."