രണ്ടു പ്രതികള്‍കൂടി കീഴടങ്ങി
തലശേരി: സി.ഒ.ടി നസീര്‍ വധശ്രമക്കേസില്‍ രണ്ടു പ്രതികള്‍കൂടി കോടതിയില്‍ കീഴടങ്ങി. തലശേരി കാവുംഭാഗം മുക്കാളില്‍ മീത്തല്‍ ഹൗസില്‍ ജിത്തു എന്ന വി. ജിതേഷ് (35), കളരിമുക്ക് കുന്നിനേരി മീത്തല്‍ ഹൗസില്‍ ബ്രിട്ടോ എന്ന എം. വിപിന്‍ (32) എന്നിവരാണു ജുഡിഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്.
പൊലിസിന്റെ കണ്ണുവെട്ടിച്ചാണ് അഭിഭാഷകന് മുഖേന ഇരുവരും കോടതിയില്‍ കീഴടങ്ങിയത്. പ്രതികളെ ജൂലൈ അഞ്ചുവരെ റിമാന്‍ഡ് ചെയ്തു. ഇതോടെ കേസില്‍ പിടിയിലായ പ്രതികളുടെ എണ്ണം ഒന്‍പതായി. 12 പേരടങ്ങുന്ന പ്രതിപ്പട്ടികയാണു പൊലിസ് കോടതിയില്‍ സമര്‍പ്പിച്ചത്. കീഴടങ്ങിയ പ്രതികളെ ചോദ്യംചെയ്യാന്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം അടുത്തദിവസം തന്നെ കോടതിയില്‍ അപേക്ഷ നല്‍കും. വിപിന്‍ ഏഴാംപ്രതിയും ജിതേഷ് എട്ടാം പ്രതിയുമാണ്. ഇരുവരും നേരത്തെ മുന്‍കൂര്‍ ജാമ്യഹരജി നല്‍കിയിരുന്നെങ്കിലും തള്ളിയിരുന്നു.
നേരത്തെ ഇവരോടൊപ്പം ജാമ്യഹരജി നല്കിയ കാവുംഭാഗം ചെറിയാണ്ടി ഹൗസില്‍ സി. മിഥുന് (30) ഇന്നലെ കീഴടങ്ങിയിട്ടില്ല. ഇയാളും കേസിലെ പ്രതിയാണ്. പ്രതിപ്പട്ടിക പുറത്ത് വരുന്നതിന് മുന്‍പായിരുന്നു കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന സംശയത്തില്‍ മൂവരും മുന്‍കൂര്‍ ജാമ്യഹരജി നല്‍കിയിരുന്നത്. പൊലിസ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയ കേസിലെ മുഖ്യസൂത്രധാരനായ കുണ്ടുചിറ സ്വദേശി പൊട്ട്യന്‍ സന്തോഷിനെ ഇന്നു തിരികെ കോടതിയില്‍ ഹാജരാക്കും.
കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്ത കതിരൂര്‍ ആണിക്കാംപൊയിലിലെ സി. ശ്രീജിന്‍ (26), കാവുംഭാഗം ശ്രീലക്ഷ്മി ക്വാട്ടേഴ്സില്‍ റോഷന് (26), പൊന്ന്യം വെസ്റ്റ്ചേരി പുതിയവീട്ടില്‍ കെ. അശ്വന്ത് (20) എന്നിവര്‍ റിമാന്‍ഡില്‍ തുടരുകയാണ്. നാലു മുതല്‍ 12 വരെ പ്രതികള്‍ ഗൂഢാലോചനയില്‍ പങ്കെടുത്തവരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."