തെരഞ്ഞെടുപ്പ്: തമിഴ്‌നാട്ടില്‍ വര്‍ഗീയ മുതലെടുപ്പിന് ബി.ജെ.പി
ചെന്നൈ: തമിഴ്‌നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ വര്‍ഗീയ മുതലെടുപ്പ് നീക്കവുമായി ബി.ജെ.പി. തങ്ങളുടെ കടുത്ത എതിര്‍പ്പ് വകവയ്ക്കാതെ വര്‍ഗീയ ചേരിതിരിവിനിടയാക്കുന്ന വെട്രിവേല്‍ യാത്രയുമായി മുന്നോട്ടുപോകുന്ന ബി.ജെ.പിയുടെ നടപടിയില്‍ സംസ്ഥാനത്തെ സഖ്യകക്ഷിയായ അണ്ണാ ഡി.എം.കെയ്ക്ക് ശക്തമായ പ്രതിഷേധമുണ്ട്. വെട്രിവേല്‍ യാത്ര തമിഴരെ മതപരമായി ഭിന്നിപ്പിക്കാനുള്ള ശ്രമമാണെന്ന് അണ്ണാ ഡി.എം.കെ ആരോപിച്ചു. 'കറുപ്പര്‍ കൂട്ടമായാലും കാവിക്കൊടി പിടിച്ചവരായാലും' എന്ന തലക്കെട്ടില്‍ മുഖപത്രമായ 'നമത് അമ്മ'യില്‍ വന്ന ലേഖനത്തിലാണ് സംസ്ഥാനത്ത് വര്‍ഗീയ മുതലെടുപ്പുനടത്തി തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനുള്ള ബി.ജെ.പി നടപടിയെ അണ്ണാ ഡി.എം.കെ വിമര്‍ശിച്ചത്.
സമാധാനത്തിന്റെയും ഐക്യത്തിന്റെയും നാടാണ് തമിഴ്‌നാട്. ഭിന്നിപ്പിക്കുന്ന യാത്രകള്‍ നടത്തി ആര്‍ക്കും തമിഴ് ജനതയെ വിഭജിക്കാനാവില്ല. മതപരമായും വര്‍ഗീയമായും തമിഴ് ജനതയെ ഭിന്നിപ്പിക്കാന്‍ അനുവദിക്കില്ല- അണ്ണാ ഡി.എം.കെ മുഖപത്രം ഓര്‍മിപ്പിച്ചു.
യാത്രയ്‌ക്കെതിരേ തുടക്കംമുതല്‍ അണ്ണാ ഡി.എം.കെ സര്‍ക്കാരും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും രംഗത്തുവന്നിരുന്നു. കഴിഞ്ഞയാഴ്ച വിലക്കുലംഘിച്ച് യാത്ര നടത്തിയ നാനൂറോളം ബി.ജെ.പി പ്രവര്‍ത്തകരോടൊപ്പം സംസ്ഥാന അധ്യക്ഷന്‍ എല്‍. മുരുകനെയും പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. യാത്ര തടയാന്‍ അണ്ണാ ഡി.എം.കെ പ്രവര്‍ത്തകരും മുന്നിലുണ്ടായിരുന്നു.
ഭൂരിഭാഗം തമിഴരും ആരാധിക്കുന്ന മുരുകനെ പെരിയാറിസ്റ്റുകള്‍ അപമാനിക്കുന്നുവെന്ന് ആരോപിച്ച് മുരുകനെ സംരക്ഷിക്കാന്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ബി.ജെ.പി വെട്രിവേല്‍ യാത്ര നടത്തുന്നത്. സംസ്ഥാനത്തെ ഏഴ് മുരുകന്‍ ക്ഷേത്രങ്ങളിലൂടെയാണ് യാത്ര കടന്നുപോവുന്നത്. യാത്രയ്ക്ക് സര്‍ക്കാര്‍ അനുമതി നിഷേധിച്ചതോടെ തിളക്കം കുറഞ്ഞെങ്കിലും യാത്രയുമായി മുന്നോട്ടുപോവുകയാണ് ബി.ജെ.പി. വര്‍ഗീയ അസ്വാരസ്യങ്ങള്‍ പൊതുവെ കുറവായ തമിഴ്‌നാട്ടില്‍ ശക്തമായ മതധ്രുവീകരണം ഉണ്ടായാല്‍ തങ്ങള്‍ക്ക് ഗുണമാവില്ലെന്നും ബി.ജെ.പിക്ക് മാത്രമേ ഗുണമാവൂവെന്നും അണ്ണാ ഡി.എം.കെയ്ക്ക് അറിയാം. ബാബരി മസ്ജിദ് തകര്‍ത്ത ദിനമായ ഡിസംബര്‍ ആറിന് അവസാനിക്കുന്ന വിധത്തിലാണ് ബി.ജെ.പി യാത്ര ആസൂത്രണം ചെയ്തിരിക്കുന്നത്. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ജെ.ഡി.യുവിനെ പിന്തള്ളി ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ രാഷ്ട്രീയ സാഹചര്യവും വെട്രിവേല്‍ യാത്രയ്‌ക്കെതിരായ എതിര്‍പ്പ് ശക്തമാക്കാന്‍ അണ്ണാ ഡി.എം.കെയെ പ്രേരിപ്പിച്ചിട്ടുണ്ട്.
നിലവില്‍ ബി.ജെ.പിക്ക് പ്രാതിനിധ്യമില്ലാത്ത ഏക വലിയ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ ഏതുവിധേനയും സീറ്റ് നേടുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. പുതിയ സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ 21ന് തമിഴ്‌നാട് സന്ദര്‍ശിക്കുന്നുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിന് അമിത്ഷാ നേരിട്ട് നേതൃത്വം നല്‍കുമെന്നും സൂചനയുണ്ട്. ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള അമിത്ഷായുടെ ആദ്യ തമിഴ്‌നാട് സന്ദര്‍ശനമാണിത്. കേരളത്തിനും പശ്ചിമബംഗാളിനുമൊപ്പം ഏപ്രില്‍-മെയ് മാസങ്ങളിലാവും തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് നടക്കുക.
ബി.ജെ.പിയുമായി അടുത്ത് അഴഗിരി
ചെന്നൈ: പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് ബി.ജെ.പിയുമായി അടുക്കാന്‍ തയാറെടുത്ത് കരുണാനിധിയുടെ മൂത്തമകനും ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്റെ സഹോദരനുമായ എം.കെ അഴഗിരി. ഡി.എം.കെയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചാവും പുതിയ പാര്‍ട്ടിയുടെ രൂപീകരണം.
എന്‍.ഡി.എയുമായുള്ള സഖ്യത്തിലുള്ള പുതിയ പാര്‍ട്ടി രൂപീകരിക്കാനാണ് അഴഗിരിയുടെ നീക്കമെന്നും ഇതു സംബന്ധിച്ച് അദ്ദേഹം ബി.ജെ.പി നേതാക്കളുമായി ചര്‍ച്ചനടത്തിയെന്നും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു. ഈ മാസം 21ന് സംസ്ഥാനത്തെത്തുന്ന അമിത്ഷായുമായി അഴഗിരി ചര്‍ച്ച നടത്തുന്നുണ്ട്. അതിന് ശേഷമാവും ഔദ്യോഗിക പ്രഖ്യാപനമെന്നാണ് സൂചന.
ഒരു കാലത്ത് ഡി.എം.കെയുടെ ശക്തനായ നേതാവായിരുന്ന അഴഗിരിയെ 2014 പാര്‍ട്ടി വിരുദ്ധ പ്രസ്താവനകള്‍ നടത്തിയതിനെ തുടര്‍ന്ന് പുറത്താക്കുകയായിരുന്നു. ഇതിന് ശേഷം സജീവരാഷ്ട്രീയത്തില്‍ അദ്ദേഹമില്ല. അതേസമയം, ജനപിന്തുണയില്ലാത്ത അഴഗിരി എന്തു ചെയ്താലും തങ്ങളെ ബാധിക്കില്ലെന്നാണ് ഇക്കാര്യത്തില്‍ ഡി.എം.കെയുടെ പ്രതികരണം. അഴഗിരിയെ അകറ്റിയത് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ തട്ടകമായ മധുരയില്‍ പാര്‍ട്ടിക്ക് തിരിച്ചടിയാവുമോ എന്ന് ഡി.എം.കെയ്ക്ക് ആശങ്കയുണ്ടായിരുന്നു. എന്നാല്‍, ഫലം വന്നപ്പോള്‍ മധുരയില്‍ ഡി.എം.കെ പിന്തുണയുള്ള സി.പി.എം സ്ഥാനാര്‍ഥി എസ്. വെങ്കിടേശന്‍ ഒന്നേകാല്‍ ലക്ഷത്തിലധികം വോട്ടുകള്‍ക്ക് വിജയിച്ചു. കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച നടി ഖുശ്ബു അടുത്തിടെ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.
ഇതിന് പിന്നാലെയാണ് സംസ്ഥാനത്തെ മറ്റൊരു പ്രമുഖനെ കൂടി ബി.ജെ.പി കൂടെ കൂട്ടുന്നത്. സൂപ്പര്‍ സ്റ്റാര്‍ രജനികാന്തുമായും ബി.ജെ.പി സൗഹൃദത്തിന് ശ്രമിച്ചുവരികയാണ്. അമിത്ഷായുടെ സന്ദര്‍ശനസമയത്ത് രജനികാന്തുമായി ചര്‍ച്ചയ്ക്കുള്ള സാഹചര്യം ബി.ജെ.പി ഒരുക്കുന്നുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ താരത്തിന്റെ അടുത്തു നിന്നുള്ള അനുകൂല പ്രതികരണത്തിന് കാത്തിരിക്കുകയാണ് ബി.ജെ.പി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."