കോണ്‍ഗ്രസിന് പുതിയ അധ്യക്ഷന്‍: അണിയറയില്‍ ചര്‍ച്ച പുരോഗമിക്കുന്നു
ന്യൂഡല്‍ഹി: ബിഹാര്‍ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസിന് പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള ചര്‍ച്ചകള്‍ അണിയറയില്‍ പുരോഗമിക്കുന്നു. ഇതു സംബന്ധിച്ച് ഇന്നലെ ചേര്‍ന്ന പ്രത്യേക സമിതിയോഗം ചര്‍ച്ച ചെയ്തു.
സോണിയ ഗാന്ധി കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ സംഘടനാ കാര്യങ്ങളില്‍ അവരെ സഹായിക്കാന്‍ രൂപം കൊടുത്ത ആറംഗ സമിതിയാണ് ഓണ്‍ലൈനില്‍ യോഗം ചേര്‍ന്നത്. എ.കെ ആന്റണി, അഹമ്മദ് പട്ടേല്‍, അംബികാ സോണി, മുകുള്‍ വാസ്‌നിക്, കെ.സി വേണുഗോപാല്‍, രണ്‍ദീപ് സിങ് സുര്‍ജെവാല എന്നിവരടങ്ങിയതാണ് സമിതി. കൊവിഡ് ബാധിച്ച് അഹമ്മദ് പട്ടേല്‍ ചികിത്സയിലായതിനാല്‍ അദ്ദേഹം പങ്കെടുത്തില്ല.
സോണിയ ഗാന്ധിയും യോഗത്തില്‍ പങ്കെടുത്തില്ല. ബിഹാര്‍ തെരഞ്ഞെടുപ്പിലെ പരാജയം, നേതൃത്വത്തിന്റെ പരാജയത്തെക്കുറിച്ച് മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ തുടങ്ങിയവ സമിതി ചര്‍ച്ച ചെയ്തില്ല. ആറു മാസത്തിനുള്ളില്‍ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുമെന്നാണ് ഓഗസ്റ്റ് 24ന് ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ തീരുമാനിച്ചിരുന്നത്.
ഈ സാഹചര്യത്തിലാണ് ചര്‍ച്ച പുരോഗമിക്കുന്നത്. രാഹുല്‍ ഗാന്ധിയെ തന്നെ വീണ്ടും അധ്യക്ഷനാക്കണമെന്ന നിലപാടിലാണ് നേതൃത്വത്തിലെ വലിയൊരു വിഭാഗമുള്ളത്. മധുസൂദനന്‍ മിസ്ത്രിയുടെ നേതൃത്വത്തിലുള്ള സെന്‍ട്രല്‍ ഇലക്ഷന്‍ അതോറിറ്റിക്കാണ് തെരഞ്ഞെടുപ്പ് നടപടികളുടെ ചുമതല.
അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനൊപ്പം പ്രവര്‍ത്തക സമിതിയിലേക്ക് നോമിനേറ്റ് ചെയ്യുന്ന സംവിധാനം നിര്‍ത്തി തെരഞ്ഞെടുപ്പ് നടത്തുന്ന രീതി കൊണ്ടുവരാനും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. 23 മുതിര്‍ന്ന നേതാക്കള്‍ സോണിയാ ഗാന്ധിക്കെഴുതിയ കത്തിലും പിന്നാലെ കഴിഞ്ഞ ദിവസം കപില്‍ സിബല്‍ നടത്തിയ പരസ്യപ്രസ്താവനയിലും പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പാണ് വേണ്ടതെന്ന ആവശ്യമുന്നയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."