മുക്കുപണ്ടം പണയംവച്ച് ലക്ഷങ്ങള്‍ തട്ടി; രണ്ടു സ്ത്രീകള്‍ അറസ്റ്റില്‍
കോഴിക്കോട്: സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ മുക്കുപണ്ടം പണയംവച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ രണ്ടു പേര്‍ പിടിയില്‍. കോഴിക്കോട് സ്വദേശികളായ സജിനി, തസ്‌റീന എന്നിവരെയാണ് നടക്കാവ് പൊലിസ് അറസ്റ്റു ചെയ്തത്.
തട്ടിപ്പ് ആസൂത്രണം ചെയ്ത തിരൂര്‍ സ്വദേശി മൊയ്തീന്‍ കുട്ടിയെ പിടികൂടിയെങ്കിലും പിന്നീട് പൊലിസ് വിട്ടയച്ചു. സംഭവം വിവാദമാവാനുള്ള സാധ്യത കണക്കിലെടുത്ത് ഇയാളെ വീണ്ടും പിടികൂടാന്‍ പൊലിസ് തയാറായപ്പോഴേക്കും പ്രതി മുങ്ങി. കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. വെസ്റ്റ്ഹില്ലിലെ ധനകാര്യ സ്ഥാപനത്തില്‍ സ്വര്‍ണം പണയം വയ്ക്കാനായി എത്തിയതായിരുന്നു സജിനി. ഇവര്‍ നല്‍കിയ സ്വര്‍ണം പരിശോധിക്കുന്നതിനിടെ സംശയം തോന്നിയ ജീവനക്കാരന്‍ വിശദമായി വീണ്ടും പരിശോധിക്കുകയും മുക്കുപണ്ടമാണെന്ന് തിരിച്ചറിയുകയുമായിരുന്നു. തുടര്‍ന്ന് സജിനിയെയും കൂടെയെത്തിയ തസ്‌റീന, മൊയ്തീന്‍കുട്ടി എന്നിവരേയും ഇവര്‍ പിടികൂടി. പിന്നീട് മൂന്നുപേരെയും നടക്കാവ് പൊലിസിന് കൈമാറുകയുമായിരുന്നു. ഇവര്‍ ഉപയോഗിച്ച പുതിയ കാറും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്റ്റേഷനിലെത്തിയ ഇവരെ കുറിച്ച് കൂടുതല്‍ അന്വേഷിക്കാതെ പൊലിസ് വിട്ടയച്ചു. അതിനിടെ പുതിയ കാറും വിട്ടുതരണമെന്ന് മുഹമ്മദ് കുട്ടി ആവശ്യപ്പെട്ടു. കാറിന്റെ ആര്‍.സി പരിശോധിച്ചപ്പോള്‍ മൊയ്തീന്‍ കുട്ടിയുടേതല്ലെന്ന് ബോധ്യപ്പെട്ട പൊലിസ് ആര്‍.സി ഉടമയെത്തിയാല്‍ മാത്രമേ കാര്‍ വിട്ടു നല്‍കുകയുള്ളൂവെന്ന് അറിയിച്ചു. തുടര്‍ന്ന് മൂവരും പോവുകയായിരുന്നു. അതിനിടെ ധനകാര്യ സ്ഥാപന അധികൃതര്‍ ഇവര്‍ നേരത്തെ പണയം വച്ച സ്വര്‍ണം പരിശോധിച്ചു. ഈ സ്വര്‍ണവും മുക്കുപണ്ടമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലിസിനെ അറിയിച്ചു. അപ്പോഴേക്കും പ്രതികളെല്ലാം സ്റ്റേഷനില്‍ നിന്ന് പോയിരുന്നു. സമാനമായ രീതിയില്‍ പലയിടത്തും പ്രതികള്‍ തട്ടിപ്പു നടത്തിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സജിനിയേയും തസ്‌റീനയേയും പൊലിസ് പിടികൂടിയെങ്കിലും സൂത്രധാരനെ പിടികൂടാന്‍ കഴിഞ്ഞില്ല.
ചോദ്യം ചെയ്യലില്‍ ഇവര്‍ വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തിട്ടുണ്ടെന്ന് പൊലിസിനോട് പറഞ്ഞു. നടക്കാവ് പൊലിസ് പരിധിയില്‍ നാല് കേസുകളാണ് ഇവര്‍ക്കെതിരേയുള്ളത്. ചേവായൂര്‍, മെഡിക്കല്‍ കോളജ് പൊലിസ് പരിധിയിലും സമാനമായ രീതിയില്‍ മുക്കുപണ്ടം പണയംവച്ച് ലക്ഷങ്ങള്‍ വായ്പയെടുത്തിട്ടുണ്ട്.
മൊയ്തീന്‍കുട്ടിയുടെ നിര്‍ദേശപ്രകാരമാണ് പണയം വയ്ക്കാനായി എത്താറുള്ളതെന്നാണ് സ്ത്രീകള്‍ പറയുന്നത്. തൃശൂര്‍ സ്വദേശിയായ ബാബു എന്നയാളാണ് മുക്കം പണ്ടം നിര്‍മിച്ചു നല്‍കുന്നതെന്നും പൊലിസിന് വ്യക്തമായി. എന്നാല്‍ മൊയ്തീന്‍കുട്ടിയേയും ബാബുവിനേയും കണ്ടെത്താന്‍ പൊലിസിനായിട്ടില്ല. അതേസമയം ലക്ഷങ്ങള്‍ തട്ടിപ്പു നടത്തിയ മുഖ്യപ്രതിയെ പൊലിസ് വിട്ടയച്ചതിനെ കുറിച്ച് രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."