മുന്നണി മാറ്റം വിലയിടും
രാഷ്ട്രീയ ഭൂമികയിലെ അളവുകോലുകള്‍ പ്രകാരം യു.ഡി.എഫ് ചായ്‌വ് പ്രകടമാക്കുന്ന ജില്ലയെന്ന് അവകാശപ്പെടാന്‍ ഏറെ ഘടകങ്ങള്‍ ഇടുക്കി ജില്ലയ്ക്കുണ്ട്. എന്നാല്‍ ഇടുക്കിയുടെ രാഷ്ട്രീയ മനസ് എങ്ങോട്ട് ചായുമെന്നത് ഇക്കുറി പ്രവചനാതീതം. കാര്‍ഷിക, വിനോദ സഞ്ചാര മേഖലകള്‍ക്ക് രണ്ട് പ്രളയവും കൊവിഡ് മഹാമാരിയും ഏല്‍പിച്ച ആഘാതത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍പ്പ് തന്നെയാണ് തെരഞ്ഞെടുപ്പില്‍ മുഖ്യ ചര്‍ച്ചാവിഷയം. ഇതോടൊപ്പം ഭൂവിനിയോഗ ഉത്തരവുകളും കസ്തൂരിരംഗന്‍ ഉയര്‍ത്തുന്ന ആശങ്കകളും ചര്‍ച്ചയാകും. കേരളാ കോണ്‍ഗ്രസ് (എം) ജോസ് വിഭാഗത്തിന്റെ മുന്നണി മാറ്റം തങ്ങള്‍ക്ക് അനുകൂലമെന്ന് എല്‍.ഡി.എഫ് പറയുമ്പോള്‍ അത് ഒരുതരത്തിലും ഏശില്ലെന്ന് യു.ഡി.എഫ് വ്യക്തമാക്കുന്നു. ഏതായായും കേരളാ കോണ്‍ഗ്രസിലെ വേര്‍പിരിയല്‍ ജില്ലയിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ശ്രദ്ധാകേന്ദ്രമാക്കും. എന്നാല്‍ സി.പി.എം കൂടുതല്‍ മമത ജോസ് വിഭാഗത്തോടു കാണിക്കുന്നത് ചില ഘടകകക്ഷികള്‍ക്ക് അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.
ബി.ജെ.പിയും ഇത്തവണ ശക്തമായ പോരാട്ടത്തിനാണ് തയാറെടുക്കുന്നത്. തൊടുപുഴ, കട്ടപ്പന നഗരസഭകളില്‍ നിര്‍ണായക ശക്തിയാകാനാണ് ഇവരുടെ നീക്കം. എന്നാല്‍ കോണ്‍ഗ്രസിനെ പോലും പിന്നിലാക്കുന്ന തരത്തിലുള്ള ബി.ജെ.പിയിലെ ഗ്രൂപ്പ് വഴക്ക് അവര്‍ക്ക് വിനയാകും. 2015 ല്‍ എല്‍.ഡി.എഫിനൊപ്പം കൈകോര്‍ത്ത ഹൈറേഞ്ച് സംരക്ഷണ സമിതി ഇക്കുറി നീര്‍ജീവമാണെന്നത് യു.ഡി.എഫിന് ഏറെ ആശ്വാസമാണ്.
ജില്ലാ പഞ്ചായത്ത്, രണ്ട് നഗരസഭകള്‍, എട്ട് ബ്ലോക്ക് പഞ്ചായത്തുകള്‍, 52 ഗ്രാമപഞ്ചായത്തുകളുമാണ് ജില്ലയിലുള്ളത്. 16 ഡിവിഷനുകളുള്ള ജില്ലാ പഞ്ചായത്ത് യു.ഡി.എഫ് ആണ് ഭരിച്ചിരുന്നത്. യു.ഡി.എഫ് 10, എല്‍.ഡി.എഫ് ആറ് എന്നിങ്ങനെയായിരുന്നു കക്ഷി നില. തൊടുപുഴ, കട്ടപ്പന നഗരസഭകളിലും യു.ഡി.എഫ് ഭരണമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."