നിഗൂഢ വഴികളില്‍ ശ്രീഹരി സ്വാമിയായി; കുമ്മനത്തിനൊപ്പം സമരവേദിയിലും
പീഡനശ്രമത്തിനിടെ ജനനേന്ദ്രിയം ഛേദിക്കപ്പെട്ട ഹരിസ്വാമി എന്ന ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ സംസ്ഥാനത്തെ സന്യാസിമാരില്‍ പ്രമുഖന്‍. ഹരിസ്വാമിയുടെ ജീവിതം ഏറെ നാടകീയത നിറഞ്ഞതാണ്.
2010ല്‍ മലബാര്‍ പ്രദേശത്തെ ക്ഷേത്രങ്ങള്‍ ഏറ്റെടുക്കാനുള്ള മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ ശ്രമത്തിനെതിരെ സമരം നയിച്ചവരില്‍ ഇന്നത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനോടൊപ്പം ശ്രീഹരി സ്വാമിയും ഉണ്ടായിരുന്നു. വര്‍ക്കലയിലെ സ്വാമി വിമലാനന്ദ, നെട്ടയത്തെ സ്വാമി വിദ്യാനന്ദഗിരി, ചേങ്കോട്ടുകോണത്തെ ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം എന്നിവരും സംഘത്തിലുണ്ടായിരുന്നു.
15 വര്‍ഷങ്ങള്‍ക്കു മുമ്പാണ് ദൈവസഹായം എന്ന പേരില്‍ ഹോട്ടല്‍ നടത്തി വരികയായിരുന്ന ഈ വിവാദ സ്വാമി ആത്മീയത തേടി നാടുവിടുന്നത്. നാട്ടില്‍ ചെറിയ രീതിയില്‍ പൂജയും ആത്മീയ പരിപാടികളും ഇതിനിടെ നടത്തിയിരുന്നു.
നാടുവിട്ടങ്ങനെ ഇയാള്‍ കൊല്ലം പന്മയിലുള്ള ആശ്രമത്തിലെത്തുകയായിരുന്നു. സന്യാസിയായി ആശ്രമത്തില്‍ കൂടിയതോടെ സാമൂഹിക സാംസ്‌കാരിക രംഗത്ത് സ്ഥിരസാന്നിധ്യമാകാന്‍ അധികം നേരം വേണ്ടിവന്നില്ല. കൊല്ലത്തെ ആശ്രമത്തില്‍ എത്തിയ ശേഷമാണ് ഗംഗേശാനന്ദ് തീര്‍ത്ഥപാദര്‍ എന്ന പേര് സ്വീകരിച്ചത്. റിയല്‍ എസ്റ്റേറ്റ് രംഗത്തും സ്വാമിക്ക് പല ഇടപാടുകളുമുണ്ടെന്ന സൂചനയും പൊലിസിന് ലഭിച്ചിട്ടുണ്ട്.
കുട്ടികളില്‍ ആത്മീയത വളര്‍ത്താന്‍ ഉപദേശം നല്‍കിയിരുന്ന സ്വാമി തന്നെയാണ് ഇപ്പോള്‍ പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ പ്രതിയായിരിക്കുന്നതെന്നതാണ് വിരോധാഭാസം.
തളര്‍ന്നു കിടക്കുന്ന പിതാവിനെ ചികിത്സിക്കാനായും പൂജകള്‍ ചെയ്യാനായും കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു. പൂജകള്‍ക്കെത്തിയ ഇയാള്‍ പെണ്‍കുട്ടിയുടെ അമ്മയുമായി സൗഹൃദം സ്ഥാപിച്ചു. പ്ലസ് വണിന് പഠിക്കുമ്പോള്‍ മുതല്‍ തന്നെ ലൈംഗിക ചൂഷണത്തിന് ഉപയോഗിച്ചിരുന്നതായി പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. ഭീഷണിയെ തുടര്‍ന്നാണ് ഇത്രയും നാള്‍ വിവരങ്ങള്‍ പുറത്ത് പറയാതിരുന്നതെന്നും പെണ്‍കുട്ടി പറഞ്ഞു.
അതേസമയം പ്രതിയ്ക്ക് പന്മന ആശ്രമവുമായി ബന്ധമില്ലെന്ന് അധികൃതര്‍ അറിയിച്ചു. പന്മന ആശ്രമത്തില്‍ നിന്നും 15 വര്‍ഷം മുന്നെ ആശ്രമം വിട്ടതാണ് ഇയാളെന്നും ഇപ്പോള്‍ ആശ്രമവുമായി ഒരു ബന്ധവും സ്വാമിക്ക് ഇല്ലെന്നും ആശ്രമം അധികൃതര്‍ പറഞ്ഞു. സ്വഭാവദൂഷ്യത്തിന്റെ പേരില്‍ പ്രതിയെ നേരത്തെ പുറത്താക്കിയിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
എന്നാല്‍ 15 ദിവസം മുന്നെയും ഇയാള്‍ ആശ്രമത്തില്‍ എത്തിയിരുന്നതായാണ് പൊലിസിന്റെ അന്വേഷണത്തില്‍ നിന്നും വ്യക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."