സെക്രട്ടേറിയേറ്റിലെ തീപ്പിടിത്തം: പൊലിസിനേയും സര്‍ക്കാരിനെയും തള്ളി ഫോറന്‍സിക് പരിശോധനാഫലം
തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലെ തീപ്പിടിത്തത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ലെന്ന് ഫോറന്‍സിക് പരിശോധനാഫലം. സര്‍ക്കാരിന്റെയും പൊലിസിന്റെയും വാദങ്ങളെ പൂര്‍ണമായും തള്ളുന്നതാണ് ഈ പരിശോധനാഫലം.
മുറിയിലെ ഫാനില്‍നിന്ന് തീ പിടിച്ചതിന്റെ തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന്റെ കാരണമെന്നായിരുന്നു പോലിസിന്റെയും സര്‍ക്കാരിന്റെയും ആദ്യവാദം. നേരത്തെ ഫിസിക്സ് ഡിപ്പാര്‍ട്മെന്റ് നടത്തിയ പരിശോധനയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ല കാരണമെന്ന് കണ്ടെത്തിയിരുന്നു.
അപ്പോള്‍ പുതിയ വാദവുമായാണ് പൊലിസ് രംഗത്തെത്തിയത്. പ്രോട്ടോക്കോള്‍ ഓഫിസിലെ ഫാനില്‍നിന്നുണ്ടായ തീ ഫയലിലേക്കും മറ്റും പടര്‍ന്നാണ് തീപ്പിടിത്തം ഉണ്ടായതെന്നായിരുന്നു പൊലിസ് പിന്നീട് വ്യക്തമാക്കിയത്. അതിനെ സാധൂകരിക്കാന്‍ ഗ്രാഫിക് ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു. എന്നാല്‍ ഫാനില്‍നിന്ന് തീപ്പിടിത്തം ഉണ്ടായതിന് യാതൊരു തെളിവും ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്താനായില്ല എന്നതാണ് ഈ റിപ്പോര്‍ട്ടിലെ പ്രധാന ഭാഗം.
കെമിസ്ട്രി ഡിപ്പാര്‍ട്മെന്റും ഫിസിക്സ് ഡിപ്പാര്‍ട്മെന്റും രണ്ടു തരത്തിലുള്ള പരിശോധനയാണ് ഇതു സംബന്ധിച്ച് നടത്തിയത്. കെമിസ്ട്രി ഡിപ്പാര്‍ട്മെന്റ് നാല്‍പ്പത്തഞ്ചോളം സാമ്പിളുകള്‍ പരിശോധിച്ചിരുന്നു. ഫിസിക്സ് ഡിപ്പാര്‍ട്മെന്റ് പതിനാറ് സാമ്പിളുകളും പരിശോധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."