ഇന്ത്യയിൽ നിന്നും സഊദിയിലേക്ക് ആരോഗ്യ പ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കും പ്രവേശനാനുമതി
റിയാദ്: ഇന്ത്യയിൽ നിന്നും സഊദിയിലേക്കുള്ള വിലക്കിൽ നിന്നും ആരോഗ്യ പ്രവർത്തകരെയും കുടുംബങ്ങളെയും ഒഴിവാക്കി. ഘട്ടം ഘട്ടമായി വിമാന സർവ്വീസ് ആരംഭിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ആരോഗ്യ പ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കും രാജ്യത്ത് പ്രവേശിക്കാമെന്ന് സഊദി സിവിൽ എവിയേഷൻ അതോറിറ്റി അറിയിച്ചു.
ഇന്ത്യയിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകർക്കും അവരുടെ കുടുംബാംഗങ്ങൾക്കും സഊദിയിലേക്കുള്ള യാത്ര വിലക്ക് നീക്കിയാണ് ഇപ്പോൾ സർക്കുലർ പുറത്ത് വന്നത്. അധികം വൈകാതെ ഇന്ത്യയിൽനിന്ന് സഊദിയിലേക്ക് നേരിട്ടുള്ള വിമാനസർവീസും ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
നേരത്തെ ഇന്ത്യയുൾപ്പെടെയുള്ള ചില രാജ്യങ്ങൾക്ക് സഊദി യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു. ഈ വിലക്കിൽ നിന്നാണിപ്പോൾ ഇന്ത്യയിലെ ആരോഗ്യ പ്രവർത്തകർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഇളവ് അനുവദിച്ചത്. അതേ സമയം, ഇന്ത്യയുമായുള്ള എയർ ബബ്ൾ കരാർ സംബന്ധിച്ച് തീരുമാനം ഉടൻ ഉണ്ടായേക്കും. ഇതു വന്നാൽ മാത്രമാകും സാധാരണക്കാർക്ക് സൗദിയിലേക്ക് മടങ്ങാനാകൂ.
കൊവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ യാത്ര നിരോധനം നീക്കുക, ഇരു ഭാഗത്തു നിന്നുമുള്ള വിമാന സർവ്വീസിന് വേണ്ടി എയർ ബബിൾ കരാർ ഒപ്പിടുക, വിമാന സർവ്വീസുകൾ സാധ്യമായ രീതിയിൽ ഉടനെ പുനസ്ഥാപിക്കുക എന്നീ വിഷയങ്ങളിൽ ഇന്ത്യൻ എംബസി സഊദി അധികൃതരുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. ഇതിൽ സഊദി സിവിൽ എവിയേഷൻ അധികൃതർക്ക് അധികൃതർക്ക് അനുകൂലമായ നിലപാടാണ് ഉള്ളതെന്ന് എംബസിയധികൃതർ പറഞ്ഞു. ചർച്ചകൾ പുരോഗമിക്കുകയാണെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാലുടൻ വിമാന സർവ്വീസ് പുനരാരംഭിക്കാനാവുമെന്നും എംബസി അറിയിച്ചിരുന്നു.
കൂടാതെ, ആരോഗ്യ മന്ത്രാലയവുമായും ഇന്ത്യൻ എംബസി ചർച്ച നടത്തി വരുന്നുണ്ട്. ഇന്ത്യൻ അംബാസഡർ ഡോ.ഔസാഫ് സഈദ് ഈ വിഷയത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി അബ്ദുറഹ്മാൻ അൽ ഐബാൻ, അസിസ്റ്റന്റ് ഡെപ്യൂട്ടി മന്ത്രി സാറ അൽ സഈദ് എന്നിവരുമായി ഓൺലൈനിൽ ചർച്ച നടത്തിയതായും എംബസി അധികൃതർ അറിയിച്ചിരുന്നു. ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടാറി അസീം അൻവറും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. എംബസിയുടെ ഈ നീക്കത്തെ പ്രവാസി സമൂഹം പ്രതീക്ഷയോടെയാണ് കാണുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."