ജനവാസമേഖലകളിലെ കൊമ്പന്മാരെ തളയ്ക്കാന്‍ ക്യാമറകളുമായി വനംവകുപ്പ്
വാളയാര്‍: ജില്ലയില്‍ തുടരുന്ന കാട്ടാനശല്യത്തിന് പരിഹാരം കാണാന്‍ ക്യാമറകളുമായി വനംവകുപ്പ്. കഴിഞ്ഞ ഒരു വര്‍ഷമായി ജനവാസ കേന്ദ്രങ്ങളിലെ കാട്ടാന ശല്യത്തിന് നിലവിലെ സംവിധാനങ്ങള്‍കൊണ്ട് പരിഹാരം കാണാന്‍ കഴിയാത്തതിനാലാണ് ക്യാമറകള്‍ സ്ഥാപിച്ചത്.
വാളയാര്‍, കഞ്ചിക്കോട്, മലമ്പുഴ, മുണ്ടൂര്‍ എന്നിവിടങ്ങളിലാണ് അടുത്തകാലത്തായി കാട്ടാനശല്യം വര്‍ധിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിരവധി ജീവനുകള്‍ കാട്ടാനകളുടെ ആക്രമണത്തില്‍ പൊലിഞ്ഞത്. ഇതിനുപുറമേ നിരവധി വീടുകളും കാര്‍ഷിക വിളകളും കാട്ടുകൊമ്പന്മാരുടെ പരാക്രമത്തില്‍ നഷ്ടപ്പെടുകയുണ്ടായി. ഒടുവില്‍ കഴിഞ്ഞയാഴ്ച്ച കുഴല്‍മന്ദത്തെ ജനവാസമേഖലയിലിറങ്ങിയ കൊമ്പന്‍ വീട്ടമ്മയെ കുത്തിപരുക്കേല്‍പ്പിച്ചിരുന്നു.
ഭരണകൂടങ്ങളും വനംവകുപ്പും കാട്ടാനകളുടെ ശല്യം തടയുന്നതിനായി നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്‌തെങ്കിലും പലതും ഫലവത്താവാത്ത സ്ഥിതിയായി. മുണ്ടൂര്‍, പൊരിയാനി, പുതുപ്പരിയാരം ഭാഗത്തെത്തിയ കൊമ്പന്മാര്‍ കര്‍ഷകരുടെ ഏക്കര്‍ക്കണക്കിനു കൃഷിയാണ് നശിപ്പിച്ചത്. വള്ളിക്കോടന്‍ മലയിറങ്ങിയ മൂന്നും അഞ്ചും എണ്ണമുള്ള സംഘമായാണ് കൊമ്പന്മാര്‍ ജനവാസമേഖലയിലിറങ്ങുന്നതെന്നിരിക്കെ ഇവരെ തുരത്തലും പ്രതിസന്ധിയിലാണ്.
പടക്കംപൊട്ടിച്ചും മറ്റുമാണ് കൊമ്പന്മാരെ കാടുകയറ്റലെന്നിരിക്കെ ഇതും പലപ്പോഴും വനംവകുപ്പിനെയും ജനങ്ങളെയും ആശങ്കയിലാക്കുന്നുണ്ട്. കാടിറങ്ങുന്ന കൊമ്പന്മാരെ തിരിച്ച് കാട്ടിലേക്കു കയറ്റിവിട്ടാലും വീണ്ടും തിരികെയെത്തുന്നതാണ് വനംവകുപ്പിനെയും പ്രതിസന്ധിയിലാക്കുന്നത്. മാസങ്ങള്‍ക്കുമുമ്പ് പെരിങ്ങോട്ടുകുര്‍ശ്ശിയിലെത്തിയ മൂന്നു കൊമ്പന്മാരും, കോട്ടായിലെത്തിയ രണ്ടു കൊമ്പന്മാരെയും കാടുകയറ്റാന്‍ നാളുകളെടുത്തു അധികൃതര്‍ക്ക്.
ഇതിന് പരിഹാരമായാണ് ക്യാറകള്‍ സ്ഥാപിച്ച് ആനകളെ നിരീക്ഷിക്കുന്നത്. കഴിഞ്ഞ ജൂലായ് മാസത്തിലാണ് ഒലവക്കോട്, വാളയാര്‍ റെയ്ഞ്ചുകളിലെ വനമേഖലകളില്‍ കാടിറങ്ങുന്ന കൊമ്പന്മാരെ നിരീക്ഷിക്കുന്നതിനായി വനംവകുപ്പധികൃതര്‍ നാല്‍പതോളം ക്യാമറകള്‍ സ്ഥാപിച്ചത്. മലമ്പുഴ, ആറങ്ങോട്ടുകുളമ്പ്, പല്ലടി, പയറ്റുകാട്, പന്നിമട, മുണ്ടൂര്‍, വേലഞ്ചേരി എന്നിവിടങ്ങളിലാണ് ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ളത്.
ക്യാമറകളില്‍പെടുന്ന സ്ഥിരം ശല്യക്കാരായ ആനകള്‍ക്ക് റേഡിയോ കോളര്‍ പിടിപ്പിച്ച് കഴിഞ്ഞാല്‍ ആനകളുടെ സാന്നിധ്യം മുന്‍കൂട്ടി തിരിച്ചറിഞ്ഞ് ജനവാസ കേന്ദ്രത്തിലേക്കെത്തുന്നത് തടയാനാകും. വാളയാര്‍ മേഖലയില്‍ വനംവകുപ്പ് സ്ഥാപിച്ച ക്യാമറകളില്‍ കുടുങ്ങിയ ശല്യക്കാരായ മൂന്നു കൊമ്പന്മാര്‍ക്ക് റോഡിയോകോളര്‍ ഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍.
കാടിറങ്ങുന്ന കൊമ്പന്മാരുടെ ശല്യം നിയന്ത്രിക്കുന്നതിനായുള്ള കിടങ്ങും സൗരോര്‍ജ്ജവേലികളുമൊക്കെ ഫലവത്താകാത്ത സാഹചര്യത്തില്‍ വനത്തിനകത്തെ ക്യാമറകള്‍ ഫലംകണ്ടുതുടങ്ങിയെങ്കിലും കൊമ്പന്മാരെ തളയ്ക്കണമെങ്കില്‍ റേഡിയോകോളര്‍ സംവിധാനം കൂടിയേതീരുവെന്നാണ് അനുമാനിക്കുന്നത്.
ആദ്യകാലങ്ങളില്‍ റെയില്‍വേട്രാക്കുകളില്‍ ഇറങ്ങിയിരുന്ന കൊമ്പന്മാര്‍ അടുത്തകാലത്തായി ദേശീയ-സംസ്ഥാനപാതകളിലൂടെ ജനവാസമേഖലയിലേക്കെത്തിയിരിക്കുകയാണ്. ജീവനും സ്വത്തിനും ഭീഷണിയായ കൊമ്പന്മാരെ കുടുക്കലും തളയ്ക്കലും കാടുകയറ്റലുമെല്ലാം ജനങ്ങള്‍ക്കും വനംവകുപ്പിനും ചോദ്യചിഹ്നമായതോടെ നൂതനസംവിധാനം ഫലവത്താകുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പും ജനങ്ങളുമെല്ലാം.
അതേ സമയം റേഡിയോകോളര്‍ ശല്യക്കാരായ കൊമ്പന്മാരില്‍ ഘടിപ്പിക്കാന്‍ വനംവകുപ്പ് പദ്ധതിയിടുമ്പോഴും റേഡിയോകോളര്‍ വിതരണത്തിന് ഇന്ത്യയില്‍ ഏജന്‍സികള്‍ കുറവാണെന്നതും പ്രതിസന്ധിയിലാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."