വി.കെ ശശികല ജയിലിനു പുറത്തേയ്ക്ക്
ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ നേതാവുമായിരുന്ന ജയലളിതയുടെ സഹായി വി.കെ ശശികല ജയില്‍മോചിതയാകുന്നു. അനധികൃത സ്വത്തുസമ്പാദനക്കേസില്‍ നാലു വര്‍ഷത്തെ തടവിനു ശിക്ഷിക്കപ്പെട്ടു കര്‍ണാടകയിലെ പരപ്പന അഗ്രഹാര ജയിലിലുള്ള ശശികലയുടെ മോചനത്തിനുള്ള നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായതായാണ് വിവരം. തമിഴ്‌നാട്ടില്‍ അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് വി.കെ ശശികല തിരിച്ചെത്തുന്നതെന്നതും ശ്രദ്ധേയമാണ്.
നാലു വര്‍ഷത്തെ തടവ് പൂര്‍ത്തിയാക്കിയിട്ടില്ലെങ്കിലും, ജയിലിലെ ഇളവുകള്‍ പരിഗണിക്കുമ്പോള്‍ ദിവസങ്ങള്‍ക്കുള്ളില്‍തന്നെ ഇവര്‍ മോചിതയാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. അഞ്ചു മാസത്തെ ഇളവ് ലഭിക്കുമെന്നാണ് അഭിഭാഷകര്‍ പറയുന്നതെങ്കിലും, അതു ജയില്‍ അധികൃതരുടെ തീരുമാനത്തിനു വിധേയമായിരിക്കും. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കുകയാണെങ്കില്‍ 2021 ജനുവരി 27ന് അവര്‍ ജയില്‍മോചിതയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
2017 ഫെബ്രുവരി 15നായിരുന്നു ഇവര്‍ ജയിലിലെത്തിയിരുന്നത്. ജയില്‍ മോചനത്തിനായി ഇവര്‍ക്കു ചുമത്തപ്പെട്ട പത്തു കോടി രൂപ പിഴ, കഴിഞ്ഞ ദിവസം അടച്ചിരുന്നു. ഇതിനു പിന്നാലെ, ജയിലിലെ നല്ല നടപ്പിന് കിട്ടാവുന്ന ഇളവുകള്‍കൂടി ലഭിക്കുന്നതോടെ അടുത്തുതന്നെ ഇവര്‍ ജയില്‍മോചിതയാകുമെന്നാണ് വിവരം. ഒരു വര്‍ഷത്തില്‍ 30 മുതല്‍ 90 ദിവസം വരെ ഇത്തരത്തില്‍ ഇളവു ലഭിക്കാവുന്നതാണ്. ശശികലയ്ക്കു നാലു വര്‍ഷത്തിലുമായി ഇത്തരത്തില്‍ 129 ദിവസത്തെ ഇളവ് ലഭിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതോടെ, ദിവസങ്ങള്‍ക്കുള്ളില്‍ ശശികല ജയില്‍ വിടുമെന്നാണ് വിവരം. ശശികല സജീവരാഷ്ട്രീയത്തിലേക്കു തിരികെയെത്തിയാല്‍ അതു തമിഴ് രാഷ്ട്രീയത്തില്‍ നിര്‍ണായക മാറ്റങ്ങള്‍ക്കും കാരണമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."