ആലഞ്ചേരിയോട് നിസ്സഹകരണം; ഭൂരിപക്ഷം പള്ളികളിലും ഇടയലേഖനം വായിച്ചില്ല
കൊച്ചി: സിറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയോട് നിസ്സഹകരണം തുടരുന്ന സാഹചര്യത്തില്‍ ആലഞ്ചേരി ഇറക്കിയ ഇടയലേഖനം അതിരൂപതയിലെ ഭൂരിപക്ഷം പള്ളികളിലും വായിച്ചില്ല. സഭാ ദിനത്തിന്റെ ഭാഗമായാണ് ആലഞ്ചേരി ഇടയലേഖനം ഇറക്കിയത്. സിറോ മലബാര്‍ സഭയിലെ മുഴുവന്‍ പള്ളികളിലും കുര്‍ബാന മധ്യേ വായിക്കാന്‍ നിര്‍ദേശിച്ചായിരുന്നു ഇടയലേഖനം. കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയോട് വിമതവിഭാഗം വൈദികര്‍ പൂര്‍ണ നിസ്സഹകരണം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇടയലേഖനം ബഹിഷ്‌കരിച്ചത്.
കര്‍ദിനാള്‍ അനുകൂല, വിരുദ്ധപക്ഷങ്ങള്‍ തമ്മിലുള്ള ചേരിപ്പോര് രൂക്ഷമായി തുടരുന്നതിനിടയില്‍ പോരായ്മകള്‍ അംഗീകരിച്ച് സഭയുടെ എല്ലാ മേഖലകളിലും ജാഗ്രത ഉറപ്പാക്കണമെന്ന് ഇടയലേഖനം ചൂണ്ടിക്കാട്ടിയിരുന്നു. ഓഗസ്റ്റില്‍ നടക്കുന്ന മെത്രാന്‍ സിനഡിനായി എല്ലാവരും പ്രാര്‍ഥിക്കണമെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തന്റെ ഇടയലേഖനത്തില്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ വീണ്ടും എറണാകുളം അങ്കമാലി അതിരൂപതയുടെ ഭരണച്ചുമതല ഏല്‍പ്പിച്ചതിനെതിരേ ഒരു വിഭാഗം വൈദികരും വിശ്വാസികളും പ്രതിഷേധത്തിലാണ്.
മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഭരണച്ചുമതല തിരികെ നല്‍കിയതിനൊപ്പം മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനേയും മാര്‍ ജോസ് പുത്തന്‍വീട്ടിലിനേയും അതിരൂപതയുടെ സഹായമെത്രാന്‍ സ്ഥാനത്തുനിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് ഇവര്‍ പ്രമേയം പാസാക്കിയിരുന്നു.
വരുംദിവസം തന്നെ ഇത് വത്തിക്കാനിലേക്ക് അയച്ചു കൊടുക്കുമെന്നും ഇവര്‍ പറഞ്ഞു. ഒരു കാരണവും വ്യക്തമാക്കാതെയാണ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനേയും മാര്‍ ജോസ് പുത്തന്‍വീട്ടിലിനേയും അതിരൂപതയുടെ സഹായമെത്രാന്‍ സ്ഥാനത്തുനിന്ന് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ഇത്തരത്തില്‍ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അതിന് ചില നടപടിക്രമങ്ങള്‍ ഉണ്ട്. അത് പാലിക്കാതെയാണ് ചെയ്തിരിക്കുന്നത്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കര്‍ദിനാള്‍ വിരുദ്ധ പക്ഷക്കാരായ വൈദികര്‍ വ്യക്തമാക്കുന്നു.
കര്‍ദിനാളിനെ അതിരൂപതയുടെ ചുമതലയില്‍നിന്ന് നീക്കിയപ്പോള്‍ പകരം അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റായി നിയോഗിച്ചിരുന്ന മാര്‍ ജേക്കബ് മനത്തോടത്തിന്റെ റിപ്പോര്‍ട്ട് പ്രകാരമാണ് നിലവിലെ നടപടിയെന്ന തരത്തില്‍ കര്‍ദിനാള്‍ അനൂകൂല പക്ഷം നടത്തുന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. തന്റെ റിപ്പോര്‍ട്ട് പ്രകാരമുള്ള നടപടിയല്ല ഇപ്പോഴുണ്ടായിരിക്കുന്നതെന്ന് മാര്‍ ജേക്കബ് മനത്തോടത്ത് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടില്‍ ഓഗസ്റ്റില്‍ ചേരുന്ന സിനഡില്‍ മാത്രമേ തുടര്‍ നടപടികളുണ്ടാകുകയുള്ളുവെന്നും കര്‍ദിനാള്‍ വിരുദ്ധ പക്ഷക്കാരായ വൈദികര്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."