ചട്ടംലംഘിച്ച് സംസ്ഥാനം
തിരുവനന്തപുരം: റിയല്‍ എസ്റ്റേറ്റ് മേഖലയിലെ തട്ടിപ്പുകള്‍ തടയുന്നതിനും മാഫിയകളെ നിയന്ത്രിക്കുന്നതിനുമായി കേന്ദ്രം കൊണ്ടുവന്ന നിയമത്തിന്റെ അടിസ്ഥാനത്തില്‍ കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കാതെ സംസ്ഥാനം.
2018ല്‍ താല്‍ക്കാലിക അതോറിറ്റി രൂപീകരിച്ചെങ്കിലും രജിസ്‌ട്രേഷനുകള്‍ നടത്തുകയോ പരാതികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. നിയമം പ്രാബല്യത്തില്‍വന്ന് ഒരു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനങ്ങള്‍ അതോറിറ്റി രൂപീകരിക്കണമെന്ന് ചട്ടമുള്ളപ്പോഴാണ് സംസ്ഥാനത്തിന്റെ അനാസ്ഥ. 2016ല്‍ കേന്ദ്രത്തില്‍ നിലവില്‍വന്ന റിയല്‍ എസ്റ്റേറ്റ് (റെഗുലേഷന്‍ ആന്‍ഡ് ഡെവല്പമെന്റ്) ആക്ട് പ്രകാരം ട്രൈബ്യൂണല്‍ രൂപീകരിക്കാത്ത രാജ്യത്തെ ഏതാനും സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിന്റെ കണക്കുകളനുസരിച്ച് 23 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും അതോറിറ്റി രൂപീകരിച്ചു.
40,750 റിയല്‍ എസ്റ്റേറ്റ് പ്രോജക്ടുകളും 31,693 ഏജന്റുമാരും ഈ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2018 ജൂണ്‍ 28ലെ ഉത്തരവുപ്രകാരം തദ്ദേശ സ്വയംഭരണ വകുപ്പ് അഡിഷനല്‍ സെക്രട്ടറി ഡോ.റ്റി.മിത്രയെ ഇടക്കാല റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയായി സംസ്ഥാനം നിയമിച്ചെങ്കിലും പിന്നീട് ഒരു പുരോഗതിയും ഉണ്ടായിട്ടില്ല.
അതിനിടെ, അതോറിറ്റി അധ്യക്ഷനെയും രണ്ട് അംഗങ്ങളെയും തെരഞ്ഞെടുക്കുന്നതിനായി 2018 സെപ്റ്റംബറില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് അപേക്ഷ ക്ഷണിച്ചിരുന്നു. താല്‍ക്കാലിക അധ്യക്ഷനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങി ഒരുവര്‍ഷം പൂര്‍ത്തിയാകുംമുന്‍പ് സ്ഥിരാംഗങ്ങളെ നിയമിക്കാനാണ് സര്‍ക്കാര്‍തലത്തിലുണ്ടായ തീരുമാനമെങ്കിലും യാതൊരു പുരോഗതിയും ഉണ്ടായില്ല.
കേന്ദ്രനിയമത്തിന്റെ അടിസ്ഥാനത്തില്‍ ചെയര്‍മാനും രണ്ട് അംഗങ്ങളുമാണ് റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിക്ക് വേണ്ടത്. ഹൈക്കോടതി ചീഫ് ജസ്റ്റിസോ അദ്ദേഹം നിര്‍ദേശിക്കുന്നയാളോ അധ്യക്ഷനും ഭവന-നിയമ വകുപ്പ് സെക്രട്ടറിമാര്‍ അംഗങ്ങളുമായുള്ള മൂന്നംഗ സെലക്ഷന്‍ കമ്മിറ്റി പാനല്‍ തയാറാക്കി സര്‍ക്കാരിന് കൈമാറിയിരുന്നു. വിരമിച്ച അഡിഷനല്‍ ചീഫ് സെക്രട്ടറി ഉള്‍പ്പെടെ രണ്ടുപേരെ ചെയര്‍മാന്‍ സ്ഥാനത്തേക്കും മറ്റ് ആറുപേരെ അംഗങ്ങളായും പരിഗണിക്കാമെന്ന് ഈ സമിതി സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരുന്നു. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഇപ്പോള്‍ പ്രഖ്യാപനം നടത്താന്‍ കഴിയില്ലെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം പ്രഖ്യാപനം ഉണ്ടാകുമെന്നുമാണ് രണ്ടുമാസം മുന്‍പ് തദ്ദേശ സ്വയംഭരണ മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞത്. ചെയര്‍മാന്റെയും അംഗങ്ങളുടെയും കാര്യത്തില്‍ നിലനില്‍ക്കുന്ന ചില അനിശ്ചിതത്വങ്ങളാണ് തീരുമാനമെടുക്കാന്‍ വൈകുന്നതിന് കാരണമെന്നാണ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."