കനത്തമഴ: ഹിമാചലില്‍ 30 അംഗ മലയാളി യാത്രാസംഘം കുടുങ്ങി
കൊല്ലങ്കോട് (പാലക്കാട്): ഹിമാചല്‍ പ്രദേശിലേക്ക് വിനോദ സഞ്ചാരത്തിന് പോയ സംഘം മണ്ണിടിച്ചിലില്‍ കുടുങ്ങി. കൊല്ലങ്കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വിനോദയാത്രാ സംഘമാണ് ഹിമാചലിലെ മണാലിയില്‍ കുടുങ്ങിയത്. കൊല്ലങ്കോട് ആനമാറി, എലവഞ്ചേരി, മുതലമട എന്നീ പ്രദേശങ്ങളിലെ 30 വ്യാപാരികളാണ് വിനോദ സഞ്ചാര യാത്രക്കിടെ കുടുങ്ങിയത്.
ഇക്കഴിഞ്ഞ 20നാണ് സംഘം യാത്ര പുറപ്പെട്ടത്. ഷിംലയിലെത്തിയ സംഘം കുളുവിലേക്കുള്ള യാത്രക്കിടെയാണ് കഴിഞ്ഞ ദിവസം വൈകുന്നേരം മുതല്‍ ശക്തമായ മഴയിലും മണ്ണിടിച്ചിലിലും കുടുങ്ങിയത്. ഇവര്‍ ഇപ്പോള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ കുടുങ്ങിക്കിടക്കുകയാണ്. അവിനാശ്, എന്‍.ആര്‍ റിയാസ,് എ.എം.ജമേഷ്, എ.എം. ജിനേഷ്, പ്രസാദ്, സുകുമാരന്‍, വൈശാഖ്, ആഷിഖ്, സുന്ദര്‍, കൃഷ്ണദാസ്, വിശ്വംഭരന്‍, ഉസ്മാന്‍, സെയ്ഫുദീന്‍ , ഹരിദാസ്, ഭണ്ഡപാണി, രാജകുമാരന്‍, മണികണ്ഠന്‍, ഷെയ്ഖ് മുസ്തഫ, സി.ജി.രാജേഷ്, ബാരിസ്, അശോകന്‍, സക്കീര്‍ ഹുസൈന്‍, മഹാലിംഗം, സജീവ് കുമാര്‍, രാമകൃഷ്ണന്‍, അജി ലാല്‍, നാരായണന്‍, എന്നിവരടങ്ങുന്ന സംഘമാണ് ഹിമാചലിലെ ഓള്‍ഡ് മണാലിയില്‍ കുടുങ്ങിയത്.
കുളുവിലേക്ക് 25 കിലോമീറ്റര്‍ യാത്ര ചെയ്യുന്നതിനിടെ മണ്ണിടിച്ചില്‍ ശക്തമായതോടെ മണാലിയിലേക്ക് തിരിച്ചു വരികയായിരുന്നു. ഇപ്പോഴും മഴ ശക്തമായി തുടരുകയാണ്. ഷിംലയില്‍ പ്രധാന റോഡില്‍ നിരവധി സ്ഥലങ്ങളില്‍ മണ്ണിടിഞ്ഞ് ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. പല യാത്രാ സംഘങ്ങളും യാത്ര അവസാനിപ്പിച്ച് മടങ്ങി. കുളുവിലും മണാലിയിലും കനത്ത മഴയും പലസ്ഥലത്തും വെള്ളപ്പൊക്കവുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."