പരിഗണിക്കാനിരിക്കുന്നത് സുപ്രധാന കേസുകള്‍
ന്യൂഡല്‍ഹി: ആറാഴ്ച നീണ്ട വേനലവധിക്ക് ശേഷം സുപ്രിംകോടതി ഇന്ന് തുറക്കും. റാഫേല്‍ പുനപ്പരിശോധനാഹരജി, അയോധ്യയിലെ ബാബരി ഭൂമി തര്‍ക്കം, രാഹുല്‍ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യക്കേസ്, ശബരിമല പുനപ്പരിശോധനാഹരജി, ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരായ ലൈംഗികാരോപണം, തെരഞ്ഞെടുപ്പ് ബോണ്ട് കേസ്, 35 എ കേസ്, സുപ്രിംകോടതി ചീഫ് ജസ്റ്റിസിന്റെ ഓഫിസ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമോ, സാമ്പത്തിക സംവരണത്തിനെതിരായ ഹരജി, അസം പൗരത്വ പട്ടിക തുടങ്ങി നിരവധി സുപ്രധാന കേസുകള്‍ തുടര്‍ ദിവസങ്ങളില്‍ സുപ്രിംകോടതി പരിഗണിക്കും.
റാഫേല്‍, രാഹുലിനെതിരായ കോടതിയലക്ഷ്യ ഹരജി എന്നീ കേസുകള്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിധി പറയാനായി മാറ്റിവച്ചിരിക്കുകയായിരുന്നു. വൈകാതെ ഈ രണ്ടു കേസുകളിലും കോടതി വിധിപറയും.
ബാബരി ഭൂമി കേസ് നിലവില്‍ മൂന്നംഗ മധ്യസ്ഥരുടെ പരിഗണനയിലാണുള്ളത്. മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് അനുവദിച്ച സമയം ഓഗസ്ത് 15വരെ നീട്ടി നല്‍കിയിട്ടുണ്ട്. എന്നാല്‍ മധ്യസ്ഥര്‍ സമര്‍പ്പിക്കുന്ന ചര്‍ച്ചയുടെ പുരോഗതി റിപ്പോര്‍ട്ട് കോടതി പരിശോധിക്കും. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനപ്പരിശോധനാഹരജിയിലും വാദം പൂര്‍ത്തിയായിട്ടുണ്ട്. ഇതിലും കോടതി വിധി പറയും.
ഇലക്ട്രല്‍ ബോണ്ട് കേസില്‍ മെയ് 30വരെ സ്വീകരിച്ച ബോണ്ടുകളുടെ വിവരങ്ങള്‍ മുദ്രവച്ച കവറില്‍ കോടതിക്ക് സമര്‍പ്പിക്കാന്‍ സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നു. കശ്മിരിലെ 35എ കേസ് കോടതി ഇതുവരെ കാര്യമായി പരിഗണിച്ചിട്ടില്ല. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കശ്മിരിലെ പ്രക്ഷോഭമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് കേസ് നീട്ടിവയ്ക്കുകയായിരുന്നു.
ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണത്തില്‍ സുപ്രിംകോടതി സമിതി രഞ്ജന്‍ ഗൊഗോയിക്ക് ശുദ്ധിപത്രം നല്‍കിയെങ്കിലും അതിപ്പോഴും ഇപ്പോഴും സുപ്രിംകോടതിയിലെ കത്തുന്ന വിഷയമാണ്.
അസം പൗരത്വ പട്ടികയുമായി ബന്ധപ്പെട്ട പരിഗണനയിലുള്ള രണ്ടു കേസുകളും സുപ്രിംകോടതി പരിഗണിക്കും. അനധികൃത കുടിയേറ്റക്കാരായി പ്രഖ്യാപിക്കുന്നവരെ പാര്‍പ്പിക്കുന്ന തടവു കേന്ദ്രങ്ങളിലെ ശോചനീയവസ്ഥ സംബന്ധിച്ച കേസാണ് ഇതിലൊന്ന്.
തടവുകേന്ദ്രങ്ങളിലെ താമസക്കാരെ എന്തുചെയ്യണമെന്ന കാര്യത്തില്‍ കോടതിയുടെ ഭാഗത്തുനിന്ന് തീരുമാനമുണ്ടാകും. അന്തിമ പൗരത്വ പട്ടിക പ്രസിദ്ധീകരിക്കാനുള്ള അവസാന തിയതി ജൂലൈ 31നാണ് സുപ്രിംകോടതി നല്‍കിയത്. ഇതും സുപ്രിംകോടതി പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."