HOME
DETAILS

കിഫ്ബിയാണ് വിഷയം

  
backup
November 23 2020 | 23:11 PM

904524863846-2020

 


കിഫ്ബി വിദേശത്തുനിന്ന് പണം കടമെടുക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ. കഴിഞ്ഞ വര്‍ഷം ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍നിന്നു കിഫ്ബി നേടിയ 2150 കോടി രൂപയുടെ മസാല ബോണ്ട് ചെലവഴിക്കുന്നതു വിലക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ആര്‍.എസ്.എസിന്റെ നിയന്ത്രണത്തിലുള്ള സ്വദേശി ജാഗ്‌രണ്‍ മഞ്ച് ഹൈക്കോടതിയില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. സംഘടനയുടെ കേരള കണ്‍വീനറും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമായ രഞ്ജിത്ത് കാര്‍ത്തികേയനാണു പരാതി നല്‍കിയിരിക്കുന്നത്. അദ്ദേഹത്തിനു വേണ്ടി ഹാജരാവുന്നത് കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. മാത്യു കുഴല്‍നാടനും.


ദേശീയതലത്തില്‍ ബി.ജെ.പിയും സംഘ്പരിവാറും സംസ്ഥാനത്ത് കോണ്‍ഗ്രസ് നേതൃത്വവും കിഫ്ബിക്കെതിരേ തിരിഞ്ഞിരിക്കുകയാണ്. കിഫ്ബി പണം സമാഹരിക്കുന്നത് വന്‍തോതില്‍ അഴിമതി നടത്താനാണെന്നും ധനമന്ത്രി ഡോ. തോമസ് ഐസക്കിന് കിഫ്ബിയുടെ കാര്യത്തില്‍ വീഴ്ച പറ്റിയെന്നുമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറയുന്നത് കേരളം ആകെ കടക്കെണിയില്‍ വീണിരിക്കുന്നു എന്നാണ്. '2015-2016 കാലത്ത് കേരളത്തിന്റെ ആകെ കടം 1,57,370.33 കോടി രൂപയായിരുന്നു. ഈ സര്‍ക്കാരിന്റെ കാലാവധി കഴിയുമ്പോഴേയ്ക്ക് കടം മൂന്നുലക്ഷം കോടി കവിയും'- ഉമ്മന്‍ചാണ്ടി മുന്നറിയിപ്പു നല്‍കുന്നു. പണം കടമെടുത്ത് വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ ജനങ്ങളുടെ, അല്ലെങ്കില്‍ സംസ്ഥാനത്തിന്റെ കടബാധ്യത വര്‍ധിക്കുമെന്നതാണ് ഉമ്മന്‍ചാണ്ടിയുടെ കാഴ്ചപ്പാട്.
എന്നാല്‍, ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്കിന് ഇതേപ്പറ്റി തികച്ചും വിഭിന്നമായൊരു നിലപാടാണുള്ളത്. വികസനപ്രവര്‍ത്തനം നടക്കണമെങ്കില്‍ പണം കടമെടുത്തേ മതിയാവൂ. പക്ഷേ സംസ്ഥാനങ്ങള്‍ക്ക് കടമെടുക്കാന്‍ നിയന്ത്രണങ്ങളേറെയുണ്ട്. കേന്ദ്രം അനുവദിക്കുന്ന പരിധിക്കുള്ളില്‍ നിന്നുകൊണ്ടുമാത്രം സംസ്ഥാനങ്ങള്‍ക്കു പണം കടമെടുക്കാനാവൂ എന്ന് ഐസക്ക് ചൂണ്ടിക്കാട്ടുന്നു.

അതുകൊണ്ട് കടമെടുക്കണമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി വേണം. ഒരു സംസ്ഥാനത്തിന്റെ സമ്പദ്ഘടന വളരുന്നതനുസരിച്ച് കൂടുതല്‍ തുക കടമെടുക്കേണ്ടി വരും. ഇങ്ങനെ എടുക്കുന്ന പണം കൂടുതല്‍ വളര്‍ച്ച ഉറപ്പുവരുത്തും. വളരുന്ന സമ്പദ്ഘടന കടം വീട്ടിക്കൊള്ളും. എടുക്കുന്ന പണം കൃത്യമായി തിരിച്ചടയ്ക്കാനുള്ള വ്യക്തമായൊരു പദ്ധതി കിഫ്ബി ഒരുക്കിയിട്ടുണ്ട്. അതുകൊണ്ടു കടക്കെണി ഭീഷണിയാവില്ല തന്നെ-ധനതത്വ ശാസ്ത്രജ്ഞന്‍ കൂടിയായ ഡോ. തോമസ് ഐസക്കിന്റെ കാഴ്ചപ്പാട് ഇങ്ങനെ.
ഇനി കേരളത്തിന്റെ സാമ്പത്തിക രംഗം നോക്കാം. സംസ്ഥാനത്തിന്റെ പ്രധാന വരുമാനം നികുതികളാണ്. ജി.എസ്.ടി, മദ്യവില്‍പ്പനയില്‍ നിന്നുള്ള നികുതി വരുമാനം എന്നിങ്ങനെ. ഇതിനും പുറമെയാണ് കേരളാലോട്ടറി, കെ.എസ്.എഫ്.ഇ നടത്തുന്ന ചിട്ടിയില്‍ നിന്നുള്ള വരുമാനം തുടങ്ങിയ വഴികള്‍. ഇതൊക്കെ സംസ്ഥാന സര്‍ക്കാരിന്റെ വരുമാനമാണ്. ഈ വരുമാനമൊക്കെയും സംസ്ഥാന ബജറ്റ് വഴി കണക്കിലെത്തുന്നവയുമാണ്. ചെലവും ബജറ്റ് വഴി തന്നെ. ഇങ്ങനെ കിട്ടുന്ന പണം ഏറെക്കുറെ മുഴുവനായിത്തന്നെ സര്‍ക്കാര്‍ ചെലവുകള്‍ക്കായി വിനിയോഗിക്കപ്പെടുന്നു. ജീവനക്കാരുടെ ശമ്പളവും പെന്‍ഷനുമാണ് ഇതില്‍ പ്രധാനം. ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ മറ്റു സംസ്ഥാനങ്ങളേക്കാള്‍ വളരെയധികം പണം ചെലവഴിക്കുന്ന സംസ്ഥാനമാണ് കേരളം. പുറമെയാണ് ക്ഷേമപെന്‍ഷനുകള്‍ക്കും മറ്റു സാമൂഹ്യക്ഷേമ പരിപാടികള്‍ക്കും ചെലവഴിക്കുന്ന തുക. ഇതെല്ലാം കഴിഞ്ഞ് വികസനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സര്‍ക്കാരിന്റെ കൈയില്‍ മിച്ചമൊന്നുമുണ്ടാവില്ല തന്നെ.


അപ്പോള്‍ ബജറ്റിന്റെ പരിധിക്കപ്പുറത്ത് പുതിയ രീതികളില്‍ പണം കടമെടുക്കണം. കടമെടുത്തില്ലെങ്കില്‍ വികസനപ്രവര്‍ത്തനങ്ങള്‍ മുടങ്ങും. മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്‍ വലിയ ഉള്‍ക്കാഴ്ചയോടെ തുടങ്ങിവച്ച പദ്ധതിയാണ് കൊച്ചി അന്തര്‍ദേശീയ വിമാനത്താവളം. പണമൊക്കെയും സ്വരൂപിച്ചത് ബജറ്റിനു പുറത്തുനിന്ന്. അതുപോലെ കണ്ണൂര്‍ വിമാനത്താവളം. പിന്നെ കൊച്ചി മെട്രോ. സി.എ.ജി പറയുമ്പോലെ ഇതൊക്കെ ഭരണഘടനാ വിരുദ്ധമായ നടപടികളാണോ?


കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ആക്ട് 1999 എന്ന പേരില്‍ കേരള നിയമസഭ പാസാക്കിയ നിയമപ്രകാരമാണ് കേരളാ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് എന്ന പേരില്‍ കിഫ്ബി രൂപീകരിച്ചത്. 1999-ലെ നിയമമാണെങ്കിലും സഭ പാസാക്കിയത് 2000-ല്‍, അന്ന് ഇ.കെ നായനാരായിരുന്നു മുഖ്യമന്ത്രി. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് കിഫ്ബിയിലൂടെ സര്‍ക്കാര്‍ കാര്യമായി പണം കടമെടുത്തത്. പക്ഷേ കിഫ്ബിയുടെ ശേഷി പരമാവധി ഉപയോഗിക്കാന്‍ തയാറായത് 2016-ല്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷം, 50000 കോടി രൂപയുടെ വിവിധങ്ങളായ പദ്ധതികളാണ് കിഫ്ബി ആവിഷ്‌കരിച്ചത്. മുന്‍ ചീഫ് സെക്രട്ടറി ഡോ. കെ.എം എബ്രഹാം സി.ഇ.ഒ ആയി നിയമിക്കപ്പെട്ടതോടെ കിഫ്ബിയുടെ ലക്ഷ്യത്തിന് പുതിയ മാനങ്ങളുണ്ടായി.


60,000 കോടിയോളം രൂപയുടെ വികസന പദ്ധതികളാണ് ഇപ്പോള്‍ കിഫ്ബിയുടെ മുമ്പിലുള്ളതെന്ന് ഡോ. ഐസക്ക് ചൂണ്ടിക്കാട്ടുന്നു. ഇത്രയും തുക സമാഹരിക്കണം. ഇപ്പോള്‍ കേരളത്തിലെ എല്ലാ ജില്ലകളിലും കിഫ്ബിയുടെ മുതല്‍ മുടക്കില്‍ വിവിധ വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. പാലങ്ങള്‍, റോഡുകള്‍, സ്‌കൂള്‍ കെട്ടിടങ്ങള്‍, ആശുപത്രികള്‍ എന്നിങ്ങനെ. വൈദ്യുതി പുറത്തുനിന്നെത്തിക്കാനുള്ള ട്രാന്‍സ്ഗ്രിഡ് പദ്ധതിയും വീടുകളിലേയ്ക്ക് ഇന്റര്‍നെറ്റ് എത്തിക്കാനുള്ള കെ ഫോണും വ്യവസായ പാര്‍ക്കുകളുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. 140 നിയോജകമണ്ഡലങ്ങളിലും പല തരത്തിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുമുണ്ട്. ഭരണപക്ഷത്തോ പ്രതിപക്ഷത്തോ ഉള്ള നിയമസഭാംഗങ്ങളാരും തന്നെ കിഫ്ബി പദ്ധതികളെ പഴിച്ചിട്ടുമില്ല.


അപ്പോള്‍ പിന്നെ സി.എ.ജിയുടെ ലക്ഷ്യമെന്താണ്? അതില്‍ രാഷ്ട്രീയമുണ്ടോ? ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള സ്വദേശി ജാഗ്‌രണ്‍ മഞ്ച് തന്നെ വളരെ ശ്രദ്ധയോടെ കാര്യങ്ങള്‍ പഠിച്ച് ഹൈക്കോടതിയില്‍ കേസ് കൊടുത്തതില്‍ നിന്ന് ഇതിനു പിന്നിലെ രാഷ്ട്രീയം മനസിലാക്കാന്‍ വിഷമമില്ല. വിദേശത്തുനിന്ന് മസാല ബോണ്ട് വഴി കടമെടുത്ത തുക ഉള്‍പ്പെടെ കിഫ്ബിയുടെ ഫണ്ട് മരവിപ്പിക്കണമെന്നാണ് രഞ്ജിത് കാര്‍ത്തികേയന്‍ നല്‍കിയിരിക്കുന്ന കേസിലെ പ്രധാന ആവശ്യം. ഇതു ഹൈക്കോടതി അംഗീകരിച്ചാല്‍ കിഫ്ബിയുടെ പ്രവര്‍ത്തനങ്ങളൊക്കെയും മൗനത്തിലാവും. പാലങ്ങളും സ്‌കൂള്‍കെട്ടിടങ്ങളും ആശുപത്രികളും റോഡുകളും പണിയുന്നത് നിര്‍ത്തിവയ്‌ക്കേണ്ടിവരും. ഇതു താങ്ങാന്‍ കേരളത്തിനാവുമോ?


കേരള സര്‍ക്കാര്‍ സ്ഥാപനം തന്നെയാണ് കിഫ്ബിയെന്നും അതുകൊണ്ടുതന്നെ അധികം വായ്പയെടുക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണമെന്നാണ് സി.എ.ജി ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, മസാല ബോണ്ടിന് റിസര്‍വ് ബാങ്കും കേന്ദ്രധനകാര്യവകുപ്പും മുന്‍കൂര്‍ അനുമതി തന്നിരുന്നുവെന്ന് കിഫ്ബി സി.ഇ.ഒ ഡോ. കെ.എം എബ്രഹാം ചൂണ്ടിക്കാട്ടുന്നു. സി.എ.ജിയുടെ കരടു റിപ്പോര്‍ട്ടിലുണ്ടായിരുന്നതിനോട് നാലു പേജുകള്‍ കൂട്ടിച്ചേര്‍ത്താണ് അന്തിമ റിപ്പോര്‍ട്ട് തയാറാക്കിയിരുന്നത്. ഈ നാലു പുറങ്ങള്‍ നേരത്തെ അയച്ച കരടു റിപ്പോര്‍ട്ടിലുണ്ടായിരുന്നില്ല. അവ ഡല്‍ഹിയില്‍ തയാറാക്കിയതാണെന്ന് ഐസക്ക് ആരോപിക്കുന്നു. ഡല്‍ഹിയില്‍ ആര്‍.എസ്.എസിന്റെ പ്രമുഖ നേതാവ് റാം മാധവിന്റെ നേതൃത്വത്തിലാണ് ഈ വഴിക്കുള്ള നീക്കം നടക്കുന്നതെന്ന് ഐസക്ക് സൂചിപ്പിക്കുന്നു. ഹൈക്കോടതിയില്‍ കേസ് വിജയിച്ചാല്‍ കിഫ്ബിയുടെ പ്രവര്‍ത്തനം നിലയ്ക്കും. അതിന്റെ ദുഷ്ഫലങ്ങള്‍ അനുഭവിക്കാന്‍ പോകുന്നത് അടുത്ത സംസ്ഥാന സര്‍ക്കാരാവും. യു.ഡി.എഫ് ഭരണത്തിലെത്തിയാല്‍ മുഖ്യമന്ത്രിയാവേണ്ട പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആലോചിക്കേണ്ട കാര്യമാണിത്. ആര്‍.എസ്.എസിനും ബി.ജെ.പിക്കും കേരളത്തെക്കുറിച്ചു പ്രത്യേക അജന്‍ഡകളുണ്ടാവാം. പക്ഷേ, അതിനു വക്കാലത്തെടുക്കുന്ന മാത്യു കുഴല്‍നാടനോ?



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സർക്കാരിനെതിരെ നിരന്തരം തീരുമാനമെടുക്കുക എന്നതല്ല ജുഡീഷ്യറി സ്വാതന്ത്ര്യം; ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

National
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-04-11-2024

PSC/UPSC
  •  a month ago
No Image

ലോക്കൽ സമ്മേളനത്തിൽ അവഹേളനം; സിപിഎം വൈപ്പിൻ ഏരിയാ കമ്മിറ്റിയംഗം പാ‍ർട്ടിവിട്ടു

Kerala
  •  a month ago
No Image

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 32 ലക്ഷം രൂപയുടെ സ്വര്‍ണം പൊലിസ് പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് സന്തോഷിക്കാം; ഫ്രീ വിസ പ്രവേശനം അനിശ്ചിത കാലത്തേക്ക് നീട്ടി തായ്‌ലന്‍ഡ്

latest
  •  a month ago
No Image

'ദീപാവലി ദിനത്തില്‍ മരിച്ചാല്‍ സ്വര്‍ഗത്തിലെത്താം'; യുവാവ് ആത്മഹത്യ ചെയ്തു

National
  •  a month ago
No Image

സന്ദീപ് വാര്യരെ അനുനയിപ്പിക്കാന്‍ ആര്‍.എസ്.എസ്; വീട്ടിലെത്തി കൂടിക്കാഴ്ച്ച നടത്തി

Kerala
  •  a month ago
No Image

യുഎഇ ഒരുങ്ങുന്നു വേള്‍ഡ് മെന്റല്‍ സ്‌പോര്‍ട്‌സ് ഒളിമ്പിക്‌സിന് 

uae
  •  a month ago
No Image

സുഹൃത്തുക്കളുമായി പന്തയം വെച്ച് പടക്കത്തിന് മുകളിൽ കയറിയിരുന്നു; യുവാവിന് ദാരുണാന്ത്യം

National
  •  a month ago
No Image

ദുബൈയില്‍ ട്രാക്കില്ലാതെ ഓടിത്തുടങ്ങാന്‍ ട്രാം ഒരുങ്ങുന്നു; ലക്ഷ്യം പരിസ്ഥിതി സൗഹാര്‍ദ്ദം

uae
  •  a month ago