1,100 കോടിയുടെ ഗ്രീന്‍ ബോണ്ട്; വിദേശ വായ്പയ്ക്ക് വീണ്ടും കിഫ്ബി
തിരുവനന്തപുരം: മസാല ബോണ്ടിന് പിന്നാലെ വിദേശവായ്പയ്ക്കായി കിഫ്ബി വീണ്ടും ശ്രമം തുടങ്ങി. ലോകബാങ്കിന്റെ ഭാഗമായ ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പറേഷനില്‍ നിന്ന് 1,100 കോടി രൂപ വായ്പയെടുക്കാനാണ് കിഫ്ബിയുടെ നീക്കം. ഇതുസംബന്ധിച്ച് റിസര്‍വ് ബാങ്കിന്റെ അനുമതിതേടി. അമേരിക്ക ആസ്ഥാനമായുള്ള ഐ.എഫ്.സി വികസ്വര രാജ്യങ്ങളിലെ സ്വകാര്യമേഖലയുടെ വികസനത്തിന് ധനസഹായം നല്‍കുന്ന സ്ഥാപനമാണ്. ഗ്രീന്‍ ബോണ്ടുകള്‍ ഇറക്കിയാകും വായ്പയെടുക്കുന്നത്. പരിസ്ഥിതിസൗഹൃദ പദ്ധതികള്‍ക്ക് ധനസമാഹരണം നടത്തുന്നതിനാണ് ഗ്രീന്‍ ബോണ്ട് ഇറക്കുന്നത്. 30 വര്‍ഷം കൊണ്ട് വായ്പ തിരിച്ചടച്ചാല്‍ മതി. ജൂണ്‍ 30ന് ചേര്‍ന്ന കിഫ്ബി ബോര്‍ഡ് യോഗം ഇതിന് അനുമതി നല്‍കിയിരുന്നു.
നേരത്തെ മസാല ബോണ്ടിന് അനുമതിതേടിയ സമാനരീതിയിലാണ് കിഫ്ബി ഗ്രീന്‍ ബോണ്ടിനും ആര്‍.ബി.ഐയുടെ അനുമതി ആവശ്യപ്പെട്ടിരിക്കുന്നത്.
ആര്‍.ബി.ഐ നല്‍കിയ നിരാക്ഷേപപത്രത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കിഫ്ബി ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ മസാല ബോണ്ടിറക്കിയത്. എന്നാല്‍, കിഫ്ബിക്ക് വായ്പയെടുക്കാന്‍ അവകാശമില്ലെന്നും മസാലബോണ്ടിന് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയത് തെറ്റാണെന്നും സി.എ.ജി റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ട് നിയമസഭയില്‍ വച്ചില്ലെങ്കിലും ധനമന്ത്രി തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നു.
കൂടാതെ മസാലബോണ്ടിറക്കാന്‍ നല്‍കിയ അനുമതി സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് ആര്‍.ബി.ഐയോട് വിവരംതേടുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മസാല ബോണ്ടിന് നല്‍കിയതുപോലെ എളുപ്പത്തില്‍ ഗ്രീന്‍ ബോണ്ടിന് ആര്‍.ബി.ഐ നിരാക്ഷേപപത്രം നല്‍കിയേക്കില്ല.
ഗ്രീന്‍ ബോണ്ടിന് ആര്‍.ബി.ഐ അനുമതി നല്‍കിയില്ലെങ്കില്‍ അതും സര്‍ക്കാരിന് രാഷ്ട്രീയ ആയുധമാകും. വിവാദങ്ങള്‍ കിഫ്ബിയുടെ ധനസമാഹരണ മാര്‍ഗം അടയ്ക്കുന്നുവെന്നും വികസനപദ്ധതികളെ പ്രതിസന്ധിയിലാക്കുന്നുവെന്നുമുള്ള വാദം കൂടുതല്‍ ശക്തമായി ഉന്നയിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."