ന്യൂനപക്ഷങ്ങള്‍ നേരിടുന്ന വെല്ലുവിളികളെ വിദ്യാഭ്യാസത്തിലൂടെ അതിജയിക്കണം: ജിഫ്രി തങ്ങള്‍
ദാറുല്‍ഹുദാ ബംഗാള്‍ കാംപസിലെ ഗ്രാന്‍ഡ് മസ്ജിദ് ഉദ്ഘാടനം ചെയ്തു
ഭീംപൂര്‍ (പശ്ചിമ ബംഗാള്‍): ദാറുല്‍ഹുദാ ഇസ്ലാമിക് സര്‍വകലാശാലയുടെ ബംഗാള്‍ കാംപസില്‍ നിര്‍മിച്ച ഗ്രാന്‍ഡ് മസ്ജിദിന്റെ ഉദ്ഘാടനം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിര്‍വഹിച്ചു. കേരളത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ തുടങ്ങിവച്ച വിദ്യാഭ്യാസ സാമൂഹിക സംരംഭങ്ങളാണ് കേരളീയ മുസ്ലിംകളുടെ സാംസ്കാരിക മുന്നേറ്റത്തിന്റെ അടിത്തറയെന്നും തങ്ങള്‍ പറഞ്ഞു. ഇത് ദേശവ്യാപകമാക്കുകയാണ് ദാറുല്‍ഹുദായും അനുബന്ധ സ്ഥാപനങ്ങളും ചെയ്തുകൊണ്ടിരിക്കുന്നത്. രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികളെ അതിജയിക്കാന്‍ വിദ്യാഭ്യാസ വിപ്ലവം മാത്രമാണ് പരിഹാരമെന്നും തങ്ങള്‍ അഭിപ്രായപ്പെട്ടു.
ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷനായി. മുഫ്തി നൂറുല്‍ ഹുദാ നൂര്‍, ഡോ. മുന്കിര് ഹുസൈന്, സ്ഥലം എം.എല്‍.എ അബ്ദുറഹ്മാന് സംസാരിച്ചു. പ്രദേശവാസികളുടെ സൗകര്യം കൂടി പരിഗണിച്ച് കാംപസില്‍ പ്രധാന റോഡിനോട് ചേര്‍ന്നാണ് മനോഹരമായ മസ്ജിദ് നിര്‍മിച്ചിട്ടുള്ളത്. ഒരേസമയം ആയിരത്തിലേറെ പേര്‍ക്ക് നിസ്കരിക്കാനുള്ള സൗകര്യം മസ്ജിദിലുണ്ട്.
കാംപസില്‍ പുതുതായി നിര്‍മിക്കുന്ന ഹോസ്റ്റല്‍ കെട്ടിടത്തിന്റെ കുറ്റിയടിക്കല്‍ കര്‍മവും തങ്ങള്‍ നിര്‍വഹിച്ചു. ദാറുല്‍ഹുദാ ബംഗാള്‍ കാംപസിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വനിതാ ഡേ കോളജ് ലൈബ്രറിയുടെ ഉദ്ഘാടനം ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി നിര്‍വഹിച്ചു. ബംഗാളിലെ ബീര്‍ഭൂം ജില്ലയിലെ രാംപൂര്‍ഹട്ടില്‍ ദാറുല്‍ഹുദാ രണ്ടാം ബാച്ച് ഹുദവികള്‍ നിര്‍മിച്ച ഹാദിയ മോറല്‍ സ്കൂളിന്റെ ഉദ്ഘാടനം, ഭീംപൂര്‍ ടൗണില്‍ ഹാദിയക്കു വേണ്ടി സമസ്ത ഇസ്ലാമിക് സെന്റര്‍ ജുബൈല്‍ കമ്മിറ്റി നിര്‍മിച്ച ശംസുല്‍ ഉലമാ മെമ്മോറിയല്‍ അല്‍ ഫൗസ് മോറല്‍ സ്കൂളിന്റെ ഉദ്ഘാടനം, ദുംറ ഗ്രാമില്‍ നിര്‍മിച്ച മസ്ജിദിന്റെ ഉദ്ഘാടനം, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ മാതൃകയില്‍ ബംഗാളില്‍ രൂപീകരിക്കുന്ന സമസ്ത ബംഗിയോ ഉലമായുടെ പ്രഖ്യാപനം എന്നിവയും ജിഫ്രി തങ്ങള്‍ നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."