118 A ജനരോഷം കത്തി പിണറായി പിന്മാറി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കരിനിയമമെന്ന ആക്ഷേപവും പ്രതിഷേധവും അതിശക്തമായതിനു പിന്നാലെ പൊലിസ് നിയമ ഭേദഗതി നടപ്പാക്കുന്നതില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറി. സി.പി.എം കേന്ദ്ര നേതൃത്വം ഇന്നലെ രാവിലെ നിര്‍ദേശം നല്‍കുകയും കൂടി ചെയ്തതിനെ തുടര്‍ന്നാണ് പിന്മാറ്റത്തിന് സര്‍ക്കാര്‍ തീരുമാനിച്ചത്.
ഇന്നലെ രാവിലെ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മുഖ്യമന്ത്രി പിണറായി വിജയനെയും സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനെയും നേരിട്ടു ഫോണില്‍ വിളിച്ച് അടിയന്തിരമായി ഭേദഗതി പിന്‍വലിക്കണമെന്ന് നിര്‍ദേശിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നയപരമായ തീരുമാനങ്ങള്‍ പാര്‍ട്ടിയും ഇടതുമുന്നണിയുമായി ആലോചിച്ചു മാത്രമേ എടുക്കാവൂ എന്നും മുഖ്യമന്ത്രിക്ക് യെച്ചൂരി നിര്‍ദേശം നല്‍കി. ഇതിനു പിന്നാലെ സി.പി.എം നിലപാടിന് വിരുദ്ധമായ നിയമഭേദഗതി പുനഃപരിശോധിക്കുമെന്ന് ഡല്‍ഹിയില്‍ യെച്ചൂരി പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു.
തൊട്ടുപിന്നാലെ എ.കെ.ജി സെന്ററിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തി. അവയ്‌ലബിള്‍ സെക്രട്ടേറിയറ്റ് ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്തു. നിയമ ഭേദഗതിയില്‍ സെക്രട്ടേറിയറ്റിലും വിയോജിപ്പുണ്ടായി. സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കുമെതിരേയടക്കമുണ്ടാകുന്ന അപകീര്‍ത്തികരവും അശ്ലീലം കലര്‍ന്നതുമായ പ്രചാരണങ്ങള്‍ക്കെതിരേ നിയമത്തിന്റെ വഴി സ്വീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നതിനെ തുടര്‍ന്നാണ് നിയമഭേദഗതി കൊണ്ടുവന്നതെന്ന് മുഖ്യമന്ത്രി അവയ്‌ലബിള്‍ സെക്രട്ടേറിയറ്റില്‍ ന്യായീകരിച്ചു.
എന്നാല്‍ ഇടതുമുന്നണിയെ അനുകൂലിക്കുന്നവരും ജനാധിപത്യ സംരക്ഷണത്തിനായി നിലകൊള്ളുന്നവരും ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തില്‍ നിയമഭേദഗതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പിണറായി യോഗത്തില്‍ വ്യക്തമാക്കി. തുടര്‍ന്നാണ് നിയമഭേദഗതി നടപ്പാക്കേണ്ടെന്നു തീരുമാനിച്ചത്. ഇതിനു പിന്നാലെ സര്‍ക്കാര്‍ ഭേദഗതി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പ്രസ്താവനയിറക്കി.
പാര്‍ട്ടിയുടെ പരമ്പരാഗത നിലപാടുകള്‍ക്കെതിരാണ് പുതിയ ഭേദഗതി എന്നതില്‍ കേന്ദ്രനേതൃത്വത്തിന് അതൃപ്തിയുണ്ടായിരുന്നു. ഇത്തരം വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെതിരേ സി.പി.എം ശക്തമായ നിലപാട് സ്വീകരിക്കുന്നതിനിടെയാണ് പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനത്ത് സമാനമായ നിയമം നടപ്പാക്കുന്നതെന്നത് തിരിച്ചടിക്കുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍.
ഇറക്കിയ ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ ഇനി മന്ത്രിസഭ ചേര്‍ന്ന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യുന്നതു വരെ തുടര്‍നടപടികള്‍ സ്വീകരിക്കരുതെന്ന് മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിനു നിര്‍ദേശം നല്‍കി. പൊലിസ് നിയമം 118 എ വകുപ്പ് കൂട്ടിച്ചേര്‍ത്ത് ഭേദഗതി ചെയ്തുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ട് രണ്ടുദിവസം കഴിഞ്ഞപ്പോഴാണ് പാര്‍ട്ടിക്കുള്ളിലും പുറത്തുനിന്നുമുള്ള കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ പിന്മാറ്റം.
സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതിയില്‍ വ്യാപക വിര്‍ശനമാണ് വിവിധ മേഖലകളില്‍ നിന്നുയര്‍ന്നത്. പ്രതിപക്ഷനിര സര്‍ക്കാരിനെതിരേ ആഞ്ഞടിച്ചു. സാമൂഹിക, സാംസ്‌കാരിക മേഖലകളില്‍ നിന്നും ഇടതു സഹയാത്രികരടക്കമുള്ളവരില്‍ നിന്നും കടുത്ത വിമര്‍ശനമാണ് സര്‍ക്കാര്‍ നിലപാടിനെതിരേ ഉയര്‍ന്നുവന്നത്. ഭേദഗതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിയമപരമായ ഇടപെടലുകളും വിവിധ കേന്ദ്രങ്ങളില്‍ നിന്നുണ്ടായി. സി.പി.എം കേന്ദ്രനേതൃത്വം കടുത്ത അതൃപ്തി രേഖപ്പെടുത്തി. നിയമം തിരുത്തണമെന്ന് പൊളിറ്റ് ബ്യൂറോ നിര്‍ദേശിച്ചു.
ദേശീയതലത്തില്‍ തന്നെ ഏറെ വിവാദമായ 66 എ വകുപ്പിനെതിരേ കടുത്ത നിലപാടാണ് സി.പി.എം നേരത്തെ സ്വീകരിച്ചത്. പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയില്‍ നടന്ന വിശദമായ ചര്‍ച്ചയ്ക്കു ശേഷം അഭിപ്രായ സ്വാതന്ത്ര്യം, വ്യക്തിസ്വാതന്ത്ര്യം, മൗലികാവകാശം എന്നിവയെ ബാധിക്കുന്ന തരത്തിലുളള ഒരു നിയമത്തെയും പിന്തുണയ്‌ക്കേണ്ടതില്ലെന്ന് സി.പി.എം തീരുമാനിച്ചിരുന്നു. അന്ന് പാര്‍ട്ടിയെടുത്ത നിലപാടിനെതിരാണ് പാര്‍ട്ടി നയിക്കുന്ന കേരള സര്‍ക്കാര്‍ കൊണ്ടുവന്ന പൊലിസ് ആക്ട് ഭേദഗതി എന്ന വിമര്‍ശനം ശക്തമായിരുന്നു.
നിയമസഭയില്‍ ചര്‍ച്ച നടത്തിയ
ശേഷം തുടര്‍നടപടി: മുഖ്യമന്ത്രി
തിരുവനന്തപുരം: കേരള പൊലിസ് നിയമത്തില്‍ ഭേദഗതി കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ച നിയമസഭയില്‍ നടത്തി എല്ലാ ഭാഗത്തുനിന്നും അഭിപ്രായം കേട്ട് ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഭേദഗതി പ്രഖ്യാപിക്കപ്പെട്ടതോടെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഉയര്‍ന്നുവന്നത്. ഇടതുമുന്നണിയെ അനൂകൂലിക്കുന്നവരും ജനാധിപത്യ സംരക്ഷണത്തിനായി നിലക്കൊള്ളുന്നവരുമടക്കം ആശങ്ക പ്രകടിപ്പിച്ചു. ഈ സാഹചര്യത്തില്‍ നിയമ ഭേദഗതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ല.
പൗരന്റെ വ്യക്തിസ്വാതന്ത്ര്യവും ഭരണഘടനാദത്തമായ അന്തസ്സും ചോദ്യം ചെയ്യുന്ന രീതിയില്‍ സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും വ്യാപകമായി നടക്കുന്ന ദുഷ്പ്രചാരണങ്ങള്‍ തടയാനുള്ള ശ്രമമെന്ന നിലയിലാണ് പൊലിസ് നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."