കസ്റ്റഡി മരണത്തില്‍ ജുഡിഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം ഇറങ്ങിപ്പോയി
തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ജുഡിഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി.
കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ക്കെതിരേ കേസെടുത്തതിനെതിരായ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് പ്രതിപക്ഷം ഇറങ്ങിപ്പോയത്. ഈ വിഷയം മുന്‍പ് പരിഗണിച്ചതാണെന്നും രണ്ടുതവണ അവതരിപ്പിക്കാന്‍ സാധിക്കില്ലെന്നും പുതിയ കാര്യങ്ങള്‍ മാത്രം സംസാരിക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് സംസാരിച്ച മുഖ്യമന്ത്രി ലോക്കപ്പിനകത്ത് തല്ലുകയും തല്ലിക്കൊല്ലിക്കുകയും ചെയ്യുന്ന ആരും സര്‍വിസില്‍ ഉണ്ടാകില്ലെന്ന് പറഞ്ഞു.
കസ്റ്റഡിയില്‍ മരിച്ച രാജ്കുമാറിനെ ജയിലില്‍ എത്തിക്കുമ്പോള്‍ പ്രാഥമികകൃത്യം നിര്‍വഹിക്കുന്നതിന് മറ്റൊരാളുടെ സഹായം ആവശ്യമായിരുന്നു. എന്നിട്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചില്ല. പീരുമേട്ടില്‍നിന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ കൊണ്ടുപോയിട്ടും എന്തുകൊണ്ട് കിടത്തിചികിത്സ നല്‍കിയില്ലെന്നത് പരിശോധിക്കണം. വിശദമായ അന്വേഷണമാണ് ക്രൈംബ്രാഞ്ച് നടത്തിവരുന്നത്. കസ്റ്റഡി മരണത്തെ ഗൗരവമായാണ് സര്‍ക്കാര്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
നാട്ടുകാരുടെ പേരില്‍ കേസെടുത്ത് കസ്റ്റഡി മരണക്കേസ് ദുര്‍ബലപ്പെടുത്താനാണ് പൊലിസ് ശ്രമിക്കുന്നതെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിക്കൊണ്ട് വി.ഡി സതീശന്‍ പറഞ്ഞു. കസ്റ്റഡിയിലെടുക്കുന്നതിന് മുന്‍പ് രാജ്കുമാറിന് മര്‍ദനമേറ്റിരുന്നെങ്കില്‍ എന്തുകൊണ്ട് ചികിത്സ നല്‍കിയില്ലെന്ന് ചോദിച്ച അദ്ദേഹം അവിശ്വസനീയമായ കാര്യങ്ങളാണ് പൊലിസ് പറയുന്നതെന്നും കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കിയ പഞ്ചായത്ത് അംഗത്തില്‍നിന്ന് പൊലിസ് പരാതി എഴുതിവാങ്ങുകയായിരുന്നു. സി.പി.എം നേതാവ് പ്രസിഡന്റായ സഹകരണ ബാങ്കിലാണ് രാജ്കുമാറിന്റെ സ്ഥാപനം പണം നിക്ഷേപിച്ചത്. തട്ടിപ്പ് പുറത്തുകൊണ്ടുവരാനല്ല, ഒളിച്ചുവച്ചിരിക്കുന്ന പണം സ്വന്തമാക്കാനാണ് പൊലിസ് തുടക്കംമുതല്‍ ശ്രമിച്ചത്. പൊലിസിനെ കയറൂരിവിട്ടിരിക്കുകയാണ്. ഇടുക്കി എസ്.പിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടക്കുന്നത് നരനായാട്ടാണ്. മന്ത്രി എം.എം മണിയുടെ കിങ്കരനായ എസ്.പി കൊല്ലുന്ന മന്ത്രിക്ക് തിന്നുന്ന എസ്.പി എന്നതുപോലെയാണെന്നും അദ്ദേഹം പരിഹസിച്ചു.
തനിക്കെതിരേ ഉയര്‍ന്നത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നും പൊലിസ് കസ്റ്റഡിയില്‍ എടുക്കുന്നതിന് മുന്‍പ് രാജ്കുമാര്‍ എവിടെയായിരുന്നുവെന്ന് പരിശോധിക്കണമെന്നും മന്ത്രി എം.എം മണി പറഞ്ഞു. കോണ്‍ഗ്രസുകാരാണ് തട്ടിപ്പിനുപിന്നില്‍. തിരുവഞ്ചൂര്‍ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് തന്നെ നാല് കേസുകളില്‍ പ്രതിയാക്കാന്‍ ശ്രമിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. താന്‍ മണിയെ പ്രതിയാക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും വണ്‍ ടു ത്രീ പ്രസംഗത്തിന്റെ വിഡിയോ സ്വന്തം പാര്‍ട്ടിക്കാര്‍തന്നെ പുറത്തുവിട്ടതിനാലാണ് കേസായതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
കസ്റ്റഡി മരണത്തെ ന്യായീകരിക്കേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി മറുപടിയായി പറഞ്ഞു. ജുഡിഷ്യല്‍ അന്വേഷണം കാലതാമസമുണ്ടാക്കും. അന്വേഷണത്തിന്റെ പ്രാഥമികഘട്ടം ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാകും. നടന്നതെന്തെന്ന് അപ്പോള്‍ വ്യക്തമാകും. അതിനാല്‍ വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു.
മുഖ്യമന്ത്രിയുടെ വാക്കിന് കീറച്ചാക്കിന്റെയെങ്കിലും വിലയുണ്ടോയെന്ന് വാക്കൗട്ട് പ്രസംഗത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."