തീരദേശ ബൈപാസ് പുതുവര്‍ഷത്തില്‍ സമര്‍പ്പിക്കും
ആലപ്പുഴ: തീരദേശ ബൈപാസ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ധ്രുതഗതിയില്‍ പുരോഗമിക്കുന്നു. ആവശ്യത്തിനുള്ള പണമുണ്ടെന്ന് വേണുഗോപാല്‍ എം.പി. നേരത്തെ മന്ദഗതിയിലായിരുന്നു ബൈപാസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ എല്ലാവിധ സഹായങ്ങളും നല്‍കുന്നുണ്ട്. ഈ സഹകരണം തുടര്‍ന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും എം.പി പറഞ്ഞു.
പ്രാരംഭഘട്ടത്തില്‍ മന്ദത നേരിട്ടെങ്കിലും ഈ വര്‍ഷം അവസാനത്തോടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിക്കരിക്കാനാണ് ഇപ്പോഴത്തെ ശ്രമം. 355 കോടിയുടെ കേന്ദ്ര- സംസ്ഥാന പദ്ധതിയായ ബൈപാസിന്റെ പൂര്‍ത്തീകരണം ആലപ്പുഴ നിവാസികളുടെ ചിരകാല അഭിലാഷമാണ്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തുല്യ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കൊമ്മാടി മുതല്‍ കളര്‍ക്കോടു വരെ ഏഴ് കിലോമീറ്റര്‍ നീളത്തില്‍ നിര്‍മിക്കുന്ന പാതയില്‍ മൂന്ന് കിലോമീറ്ററോളം എലിവേറ്റഡ് ഹൈവേയാണുള്ളത്. ഇതില്‍ 50 മീറ്റര്‍ നീളവും രണ്ട് മീറ്റര്‍ വീതിയുമുള്ള കൂറ്റന്‍ ഭീമുകള്‍ സ്ഥാപിക്കുന്നതും പാത നിര്‍മാണവുമാണ് പുരോഗമിക്കുന്നത്. 356 ഗര്‍ഡറുകളാണ് ആവശ്യമായി വരുന്നത്. പണി പൂര്‍ത്തിയായ 142 ഓളം ഗര്‍ഡറുകളില്‍ നൂറോളം സ്ഥാപിച്ചു കഴിഞ്ഞു.
ഇ.എസ്.ഐ ജങ്ഷന്‍ മുതല്‍ പോര്‍ട്ട് ഓഫിസ് വരെയുള്ള മുഴുവന്‍ ഗര്‍ഡറുകളും പാത നിര്‍മാണവും പുരോഗമിക്കുന്നുണ്ട്.
തൂണുകളുടെ നിര്‍മാണം ഏകദേശം പൂര്‍ത്തിയായി. കൊച്ചി മെട്രോ നിര്‍മാണ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന അത്യാധുനിക ഉപകരണങ്ങളാണ് ബൈപാസിന്റെ നിര്‍മാണത്തിനും ഉപയോഗിക്കുന്നത്.
മൂന്നു പതിറ്റാണ്ടായി മുടങ്ങി കിടന്ന ബൈപാസിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിരവധി പ്രതിഷേധത്തിനും പ്രക്ഷോഭങ്ങള്‍ക്കും ശേഷമാണ് ആരംഭിച്ചത്.
പാതയോട് ചേര്‍ന്നു കിടക്കുന്ന കടപ്പുറത്തിന്റെ മനോഹാരിത ഒട്ടും ചോര്‍ന്നു പോകാതെ നിര്‍മിക്കാന്‍ ശ്രമിച്ചതാണ് കാലതാമസത്തിന് കാരണമായതെന്ന് എം.പി പറഞ്ഞു.
അതേസമയം രണ്ടിടത്ത് എലിവേറ്റഡ് ഹൈവേ റെയില്‍ പാളത്തിന് കുറകെയാണ് കടന്നുപോകുന്നത്. ഇത്തരത്തില്‍ ഹൈവേ നിര്‍മിക്കുന്നതിനായുള്ള അനുമതിക്കായി സര്‍ക്കാര്‍ റെയില്‍വേയെ സമീപിച്ചിരുന്നു. അനുമതി ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീരപാത പൂര്‍ത്തിയാകുന്നതോടെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പാതയായി ഇതുമാറും.
ജനങ്ങള്‍ക്ക് പാതയുടെ നിര്‍മാണത്തില്‍ ആശങ്കവേണ്ടെന്നും സമയബന്ധിതമായി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുമെന്നും കെ.സി വേണുഗോപാല്‍ എം.പി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."