കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറിയിലും സീറ്റ് റിസര്‍വ് ചെയ്യാം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ഓര്‍ഡിനറി സര്‍വീസുകളിലും സീറ്റ് റിസര്‍വ് ചെയ്യാന്‍ സൗകര്യമൊരുക്കുമെന്ന് കെ.എസ്.ആര്‍.ടി.സി. സ്ഥിരം യാത്രക്കാരെ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.
രാവിലെയുള്ള ട്രിപ്പുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് വൈകിട്ട് തിരിച്ചുള്ള ബസുകളില്‍ സീറ്റുകള്‍ ഉറപ്പാക്കുന്നതിനുവേണ്ടി രാവിലെ തന്നെ കണ്ടക്ടര്‍മാരില്‍ നിന്ന് അഞ്ചുരൂപ വിലയുള്ള കൂപ്പണ്‍ വാങ്ങാം. ശേഷിക്കുന്ന സീറ്റുകള്‍ റിസര്‍വേഷന്‍ കൂപ്പണില്ലാത്ത യാത്രക്കാര്‍ക്ക് മാറ്റിവയ്ക്കും. ഒരു ദിവസം ഒരു ബസില്‍ 30 ല്‍ കൂടുതല്‍ കൂപ്പണുകള്‍ നല്‍കില്ല.
ഓര്‍ഡിനറി സര്‍വീസുകളില്‍ ജോലിസ്ഥലത്തേക്കും മറ്റും സ്ഥിരമായി യാത്ര ചെയ്യുന്ന മുതിര്‍ന്ന പൗരന്‍മാര്‍, വനിതകള്‍, ഭിന്നശേഷിക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് രാവിലെയുള്ള യാത്രകളില്‍ സീറ്റുകള്‍ ലഭിക്കുമെങ്കിലും വൈകുന്നേരമുള്ള മടക്കയാത്രയില്‍ സീറ്റു ലഭിക്കാറില്ലെന്ന് വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഇതിനു പരിഹാരമായാണ് സീറ്റ് റിസര്‍വ് ചെയ്യാനുള്ള സൗകര്യം. വൈകുന്നേരത്തെ മടക്ക യാത്രയില്‍ റിസര്‍വേഷന്‍ കൂപ്പണുള്ള യാത്രക്കാര്‍ക്ക് ബസില്‍ കയറുന്നതിനുള്ള മുന്‍ഗണന കണ്ടക്ടര്‍മാര്‍ തന്നെ ഉറപ്പാക്കും. ഒരേ ബസിലെ മുഴുവന്‍ സീറ്റുകളും മുന്‍ഗണന കൂപ്പണ്‍ പ്രകാരം യാത്രക്കാര്‍ ആവശ്യപ്പെട്ടാല്‍ ആ ഷെഡ്യൂളില്‍ അതേ റൂട്ടില്‍ പകരം മറ്റൊരു ബസ് കൂടി സര്‍വീസ് നടത്തുമെന്നും കെ.എസ്.ആര്‍.ടി.സി അറിയിച്ചു. സ്ഥിരം യാത്രക്കാര്‍ക്ക് സീറ്റുകള്‍ ഉറപ്പ് വരുത്തി കൂടുതല്‍ സ്ഥിരം യാത്രക്കാരെ കെ.എസ്.ആര്‍.ടി.സി സര്‍വീസുകളിലേക്ക് ആകര്‍ഷിക്കുന്നതിന് വേണ്ടിയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് സി.എം.ഡി ബിജുപ്രഭാകര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."