ജില്ലയില്‍ കുരുമുളകിന് രോഗബാധ വ്യാപിക്കുന്നു
പടിഞ്ഞാറത്തറ: കുരുമുളക് കൃഷിയില്‍ ഏര്‍പ്പെട്ട കര്‍ഷകരെ തളര്‍ത്തി രോഗബാധ വ്യാപിക്കുന്നു. ഏക്കറ് കണക്കിന് കുരുമുളക് കൃഷികളാണ് കരിഞ്ഞുണങ്ങിയും രോഗ ബാധയേറ്റും തീര്‍ത്തും നശിച്ച്‌കൊണ്ടിരിക്കുന്നത്.
കറുത്ത പൊന്നിന്റെ നാടായ ജില്ലയില്‍ പ്രളയത്തിന് ശേഷം കുരുമുളക് തോട്ടങ്ങള്‍ കരിഞ്ഞുണങ്ങുന്ന പ്രതിഭാസത്തിന് അറുതിയില്ലാതെ തുടരുമ്പോളും കര്‍ഷകരോട് എന്ത് സമാധാനം പറയണമെന്ന ആശങ്കയിലായിരിക്കയാണ് കൃഷി വകുപ്പും. കുരുമുളക് കൃഷി മാത്രം ജീവിത വരുമാനമാക്കി കാണുന്നവരാണ് ഇതില്‍ ഏറെയും ദുരിതത്തിലായിരിക്കുന്നതും. ഇലകള്‍ പഴുത്ത് ഉണങ്ങി തണ്ട് കരിഞ്ഞ് കുരുമുളക് മൂപ്പെത്താതെ പൊള്ളായി കൊഴിഞ് വീഴുകയാണ് ജില്ലയിലെ വിവിധയിടങ്ങളില്‍ സംഭവിക്കുന്നത്. പ്രളയത്തെ തുടര്‍ന്ന് കായ്ഫലമുള്ള എട്ട് ലക്ഷത്തോളം കുരുമുളക് വള്ളികളും 1252 ഹെക്ടര്‍ സ്ഥലത്തെ പതിമൂന്ന് ലക്ഷം തൈ കൊടികളും നശിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 1990ല്‍ 30660 ഹെക്ടര്‍ സ്ഥലത്ത് കുരുമുളക് കൃഷിയുണ്ടായിരുന്നു. 2004ല്‍ 13978 ടണ്‍ ആയിരുന്നു ജില്ലയിലെ ഉല്‍പാദനം. 2010ല്‍ ഇത് 2431 ടണ്‍ആയും 2017ല്‍ ഉല്‍പാദനം 1500 ടണ്‍ ആയും കുറഞ്ഞു. രോഗബാധ വര്‍ധിച്ചതോടെ ഇത്തവണ ജില്ലയിലെ കുരുമുളക് ഉല്‍പാദനം ആയിരം ടണ്ണിലും കുറയുമെന്നാണ് ആശങ്ക. അങ്ങനെയാണങ്കില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഉല്‍പാദന നഷ്ടമായിരിക്കും ഇത്തവണ ഉണ്ടാവുക. 2017ലെ കണക്കനുസരിച്ച് 9600 ഹെക്ടര്‍ സ്ഥലത്ത് മാത്രമാണ് ജില്ലയില്‍ കുരുമുളക് കൃഷി.
പത്ത് ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് കുരുമുളക് കൃഷിക്കാവശ്യമായ താപനില. ഇതില്‍ വലിയ വ്യത്യാസമുണ്ടായാല്‍ ഉല്‍പാദനത്തെ സാരമായി ബാധിക്കും. 125 സെന്റീമീറ്റര്‍ മുതല്‍ 200 സെന്റീമീറ്റര്‍ വരെയാണ് കുരുമുളക് കൃഷിക്ക് ആവശ്യമായ മഴ. മഴയുടെ ഈ തോത് കൂടിയാലും കുറഞ്ഞാലും പ്രതികൂലമായി ബാധിക്കും. ഇത്തവണ മഴ കൂടിയതാണ് പ്രശ്‌നമായത്. ഇന്ത്യയില്‍ 2007ല്‍ 236180 ഹെക്ടര്‍ സ്ഥലത്താണ് കുരുമുളക് കൃഷി ഉണ്ടായിരുന്നത്. 2002ല്‍ എന്‍പതിനായിരം ടണ്‍ ഉണ്ടായിരുന്ന ഉല്‍പാദനം 2008ല്‍ അന്‍പതിനായിരം ടണ്‍ ആയി കുറഞ്ഞു. കേരളം, കര്‍ണാടകം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളാണ് കുരുമുളക് ഉല്‍പാദനത്തില്‍ മുമ്പില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങള്‍.
കുറഞ്ഞ ഉല്‍പാദന ക്ഷമത, നടീല്‍ വസ്തുക്കളുടെ ലഭ്യതക്കുറവ്, സംസ്‌കരണ സംവിധാനങ്ങളുടെ പരിമിതി, സാങ്കേതിക ജ്ഞാനക്കുറവ് തുടങ്ങിയവയാണ് കുരുമുളക് കര്‍ഷകര്‍ നേരിടുന്ന വെല്ലുവിളികള്‍. ഇതിനിടെയാണ് പ്രകൃതിദുരന്തങ്ങളും കാലാവസ്ഥ മാറ്റവും ഉണ്ടാകുന്നത്. ഈ അവസ്ഥ തുടരുകയാണങ്കില്‍ ബാങ്കില്‍ നിന്നും മറ്റും ലോണെടുത്തും മറ്റും കൃഷി ആരംഭിച്ചവര്‍ ആത്മഹത്യ ചെയ്യേണ്ടി വരുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."