സോണിയയുടെ വലംകൈ, കോണ്‍ഗ്രസിന്റെ ട്രബ്ള്‍ ഷൂട്ടര്‍, അമിത് ഷായെ പോലും കുരുക്കിയ തന്ത്രജ്ഞന്‍
ന്യൂഡല്‍ഹി: എതിര്‍പ്പുകള്‍ ഏറെ ഉയര്‍ന്നപ്പോഴും സ്വന്തം പാര്‍ട്ടിയിലുള്ളവര്‍ പോലും വിമര്‍ശനങ്ങളുമായി രംഗത്തെത്തിയപ്പോഴും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കൊപ്പം അദ്ദേഹമുണ്ടായിരുന്നു. അഹമ്മദ് പട്ടേല്‍. സോണിയ ഗാന്ധിയുടെ രാഷ്ട്രീയ ഉപദേശകരില്‍ പ്രധാനിയും ഗാന്ധി കുടുംബത്തിന്റെ എക്കാലത്തേയും വിശ്വസ്തനുമായിരുന്നു അഹമ്മദ് പട്ടേല്‍.
പാര്‍ട്ടിക്കകത്ത് പ്രതിസന്ധി പുകയുന്ന നാളുകളില്‍ ഡല്‍ഹി മദര്‍ തെരേസ ക്രെസന്റ് റോഡിലെ ഇരുപത്തിമൂന്നാം നമ്പര്‍ വസതിയില്‍ പുലരുവോളം വെളിച്ചമായിരിക്കും. രാവുകളെ പകലാക്കി അവിടെ അദ്ദേഹമുണ്ടാവും. അങ്ങിനെ മറ്റുള്ളവര്‍ മുഴുവന്‍ ആ രാവ് ഉറങ്ങി എണീക്കുമ്പോഴേക്കും ഏത് പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടിരിക്കും പട്ടേല്‍. കേരളത്തിലെ കോണ്‍ഗ്രസിന്റെ ഏറ്റവും പ്രക്ഷുബ്ധമായ കാലത്ത് സംഘടന ചുമതല വഹിച്ചിരുന്ന അഹമ്മദ് പട്ടേലിന്റെ മെയ്‌വഴക്കവും നയാതന്ത്രജ്ഞതയും ഏറ്റവും അടുത്തറിഞ്ഞവരാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളും മാധ്യമപ്രവര്‍ത്തകരും.
ഗാന്ധി തലമുറകള്‍ക്കൊപ്പം നടന്നവന്‍
1977, 1980, 1984 വര്‍ഷങ്ങളില്‍ ബറൂച്ച് മണ്ഡലത്തില്‍നിന്നുള്ള എംപിയായിരുന്നു പട്ടേല്‍. 1977ല്‍ 28 വയസ്സുള്ളപ്പോള്‍ ഇന്ദിരാ ഗാന്ധിയാണ് ബറൂച്ചില്‍നിന്ന് ലോക്‌സഭയിലേക്കു മത്സരിക്കാന്‍ പട്ടേലിനോട് ആവശ്യപ്പെട്ടത്.
1985ലാണ് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി പട്ടേലിനെ പാര്‍ലമെന്ററി സെക്രട്ടറിയായി നിയമിക്കുന്നത്. 1989ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജിതനായെങ്കിലും 1993ല്‍ രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. അന്നുമുതല്‍ ഇന്നുവരെ അദ്ദേഹം രാജ്യസഭാംഗമായിരുന്നു.
കോണ്‍ഗ്രസിനെ നയിക്കുന്നതില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും നിര്‍ണായക ഘട്ടങ്ങളിലെല്ലാം അന്തിമ ആശ്രയം അഹമ്മദ് പട്ടേലിന്റെ ഉപദേശങ്ങളും നിര്‍ദേശങ്ങളുമായിരുന്നു. രാഷ്ട്രീയത്തിലിറങ്ങാന്‍ സോണിയ ഗാന്ധി തീരുമാനിച്ചപ്പോള്‍ പട്ടേലിനെയാണ് അവര്‍ രാഷ്ട്രീയകാര്യ സെക്രട്ടറിയായി നിയമിച്ചത്. 2008 ജൂലൈയില്‍ ഇന്ത്യ - യു.എസ് ആണവ കരാറിനെത്തുടര്‍ന്ന് ഇടതുപാര്‍ട്ടികള്‍ സഖ്യം വിട്ടപ്പോഴും 2ജി സ്‌പെക്ട്രം ലേല വിഷയത്തില്‍ ഡിഎംകെ നേതാക്കള്‍ ഉള്‍പ്പെട്ടപ്പോഴും യുപിഎ സര്‍ക്കാരിനെ 'രക്ഷിക്കാന്‍' കോണ്‍ഗ്രസ് പാര്‍ട്ടിയും സോണിയ ഗാന്ധിയും ആശ്രയിച്ചത് പട്ടേലിനെയായിരുന്നു.
രാഹുല്‍ ഗാന്ധിയുമായി അടുത്ത ബന്ധമായിരുന്നു പട്ടേലിന്. രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായും കോര്‍പ്പറേറ്റുകളുമായും കാര്യമായ ബന്ധമില്ലാത്ത രാഹുല്‍ ഗാന്ധി 2018ല്‍ കോണ്‍ഗ്രസ് അധ്യക്ഷനായപ്പോള്‍ പാര്‍ട്ടി ട്രഷററായി പട്ടേലിനെ മുന്‍പന്തിയിലേക്ക് കൊണ്ടുവന്നു. 2019ലെ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഫണ്ട് കണ്ടെത്തുന്നതിലും അദ്ദേഹത്തിന്റെ സാന്നിധ്യം കോണ്‍ഗ്രസിന് അനിവാര്യമായിരുന്നു.
പട്ടേല്‍ ദേശീയ രാഷ്ട്രീയത്തില്‍ വളര്‍ന്നു, കോണ്‍ഗ്രസ് ഗുജറാത്തില്‍ തളര്‍ന്നു
ഗുജറാത്തുകാരനായ അഹമ്മദ് പട്ടേല്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ നട്ടെല്ലായി മാറിയെങ്കിലും സംസ്ഥാനത്ത് അദ്ദേഹത്തിന് കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. പട്ടേലിന്റെ പ്രതിച്ഛായ ദേശീയതലത്തില്‍ വളര്‍ന്നപ്പോള്‍ ഗുജറാത്തില്‍ കോണ്‍ഗ്രസ് ശോഷിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്.
പട്ടേലിനെപ്പോലൊരാള്‍ വളര്‍ന്നുപന്തലിച്ചപ്പോള്‍ പ്രാദേശിക നേതാക്കന്‍മാരെ സംസ്ഥാനത്തു വളര്‍ത്താന്‍ അനുവദിച്ചില്ലെന്നു പലരും ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്. ഗുജറാത്തില്‍നിന്നു ശക്തനായ നേതാവ് പാര്‍ട്ടിയുടെ ആസ്ഥാനത്തുണ്ടായിട്ടും പാര്‍ട്ടിക്ക് സംസ്ഥാനത്ത് കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിയാത്തത് ഈ ആരോപണങ്ങള്‍ക്കു മൂര്‍ച്ച കൂട്ടി.
അമിത് ഷായുടെ കുതന്ത്രങ്ങളെ പോലും അതി ജീവിച്ചവന്‍
അമിത് ഷായുടെ രാഷ്ട്രീയ കുതന്ത്രങ്ങളെ അതിജീവിച്ചാണ് ഏറ്റവും ഒടുവില്‍ പട്ടേല്‍ രാജ്യസഭയില്‍ എത്തിയത്. 2017 ആഗസ്റ്റിലായിരുന്നു തെരഞ്ഞെടുപ്പ്. ബി.ജെ.പിക്കെതിരെയുള്ള പോരാട്ടമായാണ് അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് വിശേഷിപ്പിക്കപ്പെട്ടത്. അഹ്മദ് പട്ടേലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ഇദ്ദേഹത്തെ പരാജയപ്പെടുത്താന്‍ സാക്ഷാല്‍ അമിത് ഷാ തന്നെ പഠിച്ച പണി പതിനെട്ടും പയറ്റി. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്കുമുന്‍പ് ആറ് കോണ്‍ഗ്രസ് എം.എല്‍.എമാരാണ് രാജിവച്ചത്. ഇതോടെ 44 വോട്ടുകള്‍ നേടി ജയിക്കാമെന്ന പട്ടേലിന്റെ പ്രതീക്ഷകള്‍ക്കുമേല്‍ കരിനിഴല്‍വീണു.
സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയെ എന്തു വില കൊടുത്തും തോല്‍പിക്കുകയായിരുന്നു അന്ന് ബി.ജെ.പി അധ്യക്ഷനായിരുന്ന അമിത് ഷായുടെ ലക്ഷ്യം. രാഷ്ട്രീയശത്രുവായ പട്ടേലിനെ പരാജയപ്പെടുത്തുന്നതിനൊപ്പം കോണ്‍ഗ്രസിനു മാരകമായ പരുക്കേല്‍പ്പിക്കാമെന്നും അദ്ദേഹം കണക്കുകൂട്ടി. എന്നാല്‍ പട്ടേല്‍ ജയിച്ചു. കുതിരക്കച്ചവടം നടത്തി കോണ്‍ഗ്രസ് എം.എല്‍.എമാരെ വിലക്കെടുത്തിട്ടും പട്ടേല്‍ അനായാസം ജയിച്ചുകയറി.
രണ്ടു കോണ്‍ഗ്രസ് വിമതരുടെ പരസ്യ വോട്ട് തിരഞ്ഞെടുപ്പു കമ്മിഷന്‍ അസാധുവാക്കി തന്റെ വിജയം പ്രഖ്യാപിച്ചതിനു പിന്നാലെ പട്ടേല്‍ 'സത്യമേവ ജയതേ' എന്നാണ് ട്വിറ്ററില്‍ കുറിച്ചത്.
പിന്നണിയിലെ 'അഹമ്മദ് ഭായ്'
രാഷ്ട്രീയ തന്ത്രങ്ങള്‍ മെനയുന്നതില്‍ പ്രത്യേക വൈദഗ്ദ്ധ്യമുണ്ടായിരുന്ന അഹമ്മദ് പട്ടേലിന്റെ വിടവാങ്ങല്‍ പ്രതിസന്ധിയില്‍ തുടരുന്ന കോണ്‍ഗ്രസിന് കനത്ത നഷ്ടമാണ്. നേതൃത്വത്തിനെതിരെ ഒരു വിഭാഗം നേതാക്കള്‍ പരസ്യ പ്രതികരണങ്ങള്‍ ഉയര്‍ത്തികൊണ്ടിരിക്കുന്ന ഘട്ടംകൂടിയാണിത്. പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ സഹായിക്കുന്നതിനായി അടുത്തിടെ രൂപീകരിച്ച കമ്മിറ്റിയിലും അഹമ്മദ് പട്ടേലുണ്ടായിരുന്നു.
രാഷ്ട്രീയ വൃത്തങ്ങളില്‍ 'അഹമ്മദ് ഭായ്' അല്ലെങ്കില്‍ എപി എന്നറിയപ്പെട്ടിരുന്ന അഹമ്മദ് പട്ടേല്‍ അണിയറകളിലാണ് രാഷ്ട്രീയ തന്ത്രങ്ങള്‍ മെനഞ്ഞിരുന്നത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് മന്ത്രിസ്ഥാനം പലതവണ വച്ചുനീട്ടിയിട്ടും അത് നിരസിച്ച് പട്ടേല്‍ പിന്നണിയിലെ റോളാണ് എക്കാലവും ഇഷ്ടപ്പെട്ടിരുന്നത്.
ഒക്ടോബര്‍ ഒന്നിനാണ് പട്ടേലിന് കൊവിഡ് ബാധിച്ചത്. ഫരീദാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിച്ചെങ്കിലും ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലേക്കു മാറ്റി. കൊവിഡ് മൂലമുണ്ടാകുന്ന നിരവധി ആരോഗ്യപ്രശ്‌നങ്ങളോടു പോരാടി ബുധനാഴ്ച പുലര്‍ച്ചെ അദ്ദേഹം ലോകത്തോടു വിടപറഞ്ഞു.
ഗുജറാത്ത് കലാപവേളയില്‍ സംഘ്പരിവാര്‍ ക്രിമിനലുകള്‍ തീവെച്ച് കൊലപ്പെടുത്തിയ ഇഹ്‌സാന്‍ ജഫ്രിക്ക് ശേഷം ഗുജറാത്തില്‍നിന്ന് ലോക്‌സഭ എം.പിയായി തെരഞ്ഞെടുക്കപ്പെട്ട രണ്ടാമത്തെ മുസ്‌ലിം കൂടിയാണ് പട്ടേല്‍.അഹമ്മദ് പട്ടേല്‍ കോളജില്‍ പഠിക്കുമ്പോള്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്നു. അതേ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെയാണ് പട്ടേല്‍ രാഷ്ട്രീയ ജീവിതത്തിലെ ഏണിപ്പടികള്‍ ഓടിക്കയറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."