സഹാറന്‍പൂര്‍ ആക്രമണം: ഡല്‍ഹിയില്‍ ദലിത് പ്രക്ഷോഭം നിരവധി ദലിത് യുവാക്കള്‍ ഹിന്ദുമതം ഉപേക്ഷിച്ചു
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ നടന്ന സവര്‍ണ അതിക്രമങ്ങള്‍ക്കെതിരേ ഡല്‍ഹി ജന്തര്‍മന്ദിറില്‍ ദലിതരുടെ പ്രതിഷേധം. നേരത്തെ ഉത്തര്‍പ്രദേശിലെ ഗാന്ധി പാര്‍ക്കില്‍ മഹാപഞ്ചായത്ത് എന്ന പേരില്‍ ഈ മാസം ഒന്‍പതിന് നടത്താനിരുന്ന റാലിക്ക് പോലിസ് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് ഇന്നലെ ഭീം ആര്‍മിയുടെ നേതൃത്വത്തില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത കൂറ്റന്‍ പ്രകടനം നടന്നത്. 
രണ്ടാഴ്ച്ച മുമ്പ് അംബേദ്ക്കര്‍ ജയന്തി ദിനത്തില്‍ സവര്‍ണ സമുദായക്കാരായ താക്കൂര്‍ വിഭാഗക്കാര്‍ ദലിതരെ ആക്രമിച്ചതിനെ തുടര്‍ന്നാണു സഹാറന്‍പൂരില്‍ സംഘര്‍ഷമുണ്ടായത്. താക്കൂര്‍ സമുദായത്തില്‍ പെട്ടവര്‍ സഹാറന്‍പൂരിലെ ദലിതരുടെ വീടുകളും വാഹനങ്ങളും തീയിട്ടു. സവര്‍ണ ആക്രമണത്തെ ചെറുക്കുമെന്നു പ്രഖ്യാപിച്ച് ചന്ദ്രശേഖര്‍ എന്ന യുവാവിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ഭീം ആര്‍മി പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് ഇന്നലെ ഡല്‍ഹിയില്‍ പ്രക്ഷോഭം നടന്നത്. 
ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ സര്‍ക്കാര്‍ ദലിതരെ അവഗണിക്കുകയാണെന്നും അര്‍ഹിക്കുന്ന നീതി തങ്ങള്‍ക്കു ലഭിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ദലിതര്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരേ ശക്തമായ പ്രതിരോധം തീര്‍ക്കുമെന്ന് ഭീം ആര്‍മി പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചു. സഹാറന്‍പൂരില്‍ ദലിതുകള്‍ക്കെതിരേ പൊലിസ് എടുത്ത കേസുകള്‍ റദ്ദാക്കണമെന്നും സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. പ്രക്ഷോഭത്തിനിടെ യുവാക്കള്‍ ഹിന്ദുമതം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചു. ഹിന്ദു ആചാരപ്രകാരം ധരിച്ചിരുന്ന ചരടുകള്‍ പൊട്ടിച്ചെറിഞ്ഞാണ് ഇവര്‍ ഹിന്ദുമതം ഉപേക്ഷിച്ചത്. ദലിതുകള്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് 180 ദലിത് കുടുംബങ്ങള്‍ കഴിഞ്ഞദിവസം ബുദ്ധമതം സ്വീകരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."