കനത്ത മഴ; ജപ്പാനില്‍ 10 ലക്ഷംപേരെ ഒഴിപ്പിക്കുന്നു
ടോക്കിയോ: കനത്ത മഴയെ തുടര്‍ന്ന് ദക്ഷിണ ജപ്പാനില്‍ പത്തു ലക്ഷത്തിലേറെ ആളുകളെ ഒഴിപ്പിക്കാന്‍ അധികൃതര്‍ ഉത്തരവിട്ടു. ഒന്നേകാല്‍ കോടി ജനസംഖ്യയുള്ള ജപ്പാനിലെ ക്യുഷു ദ്വീപില്‍ ഇന്ന് 350 മില്ലീമീറ്റര്‍ മഴ ലഭിക്കുമെന്നാണ് കരുതുന്നത്. ഇത് ഒരു മാസം പെയ്യുന്ന മഴയുടെ (319 മില്ലീമീറ്റര്‍) അത്രയും വരും.
ദ്വീപിലെ കഗോഷിമ ഭാഗത്ത് മണിക്കൂറില്‍ 80 മില്ലീമീറ്റര്‍ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ഇവിടെ 1,000 മില്ലീമീറ്റര്‍ മഴ പെയ്തതായി കാലാവസ്ഥാ വിഭാഗം പറഞ്ഞു. അടുത്ത ആഴ്ച വരെ മഴ തുടരുമെന്നാണ് റിപ്പോര്‍ട്ട്.
16 ലക്ഷം ജനവാസമുള്ള ഇവിടെ പ്രളയമുണ്ടാവുന്നതോടെ വന്‍ നാശനഷ്ടമുണ്ടാവും. ഇതു മുന്നില്‍ കണ്ടാണ് ലക്ഷക്കണക്കിനു പേരെ മുന്‍കരുതലെന്നോണം വീടുകളില്‍നിന്ന് ഒഴിപ്പിക്കുന്നത്. എന്നാല്‍ ഇതുവരെ 4,000 പേരേ താമസസ്ഥലം വിട്ടുപോയിട്ടുള്ളൂ എന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. രാജ്യത്ത് കനത്ത മഴയും മണ്ണിടിച്ചിലും കാരണം 20 ലക്ഷം ആളുകളെ ഒഴിപ്പിക്കുകയും 70,000 ദ്രുതകര്മസേനക്കാരെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. ജപ്പാനില്‍ ജൂണ്‍, ജൂലൈ മാസങ്ങളില്‍ കനത്ത മഴയുണ്ടാവാറുണ്ട്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും പെട്ട് 200 പേര് കൊല്ലപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."