അനധികൃത റിസോര്‍ട്ടുകള്‍ക്കെതിരേ നടപടിയില്ല
തൃക്കരിപ്പൂര്‍: തീരദേശ പരിപാലന നിയമം മറികടന്നും പഞ്ചായത്തിന്റെ അനുമതിയില്ലാതെയും വലിയപറമ്പ ദ്വീപിന്റെ വിവിധ ഭാഗങ്ങളില്‍ പണിത റിസോര്‍ട്ടുകള്‍ പൊളിച്ചുനീക്കാന്‍ നടപടിയായില്ല. ദ്വീപില്‍ ആള്‍താമസമില്ലാത്ത പഴയ വീടുകള്‍ വിലക്കെടുത്തു വികസിപ്പിച്ചാണു വന്‍കിട റിസോര്‍ട്ടുകളാക്കി മാറ്റിയെടുത്തത്.
തീരദേശ പരിപാലന നിയമം നിലവിലുള്ള മേഖലയില്‍ പഴയ കെട്ടിടങ്ങള്‍ വികസിപ്പിക്കാനോ പുതിയതു പണിയാനോ അനുവാദമില്ല. ഇത്തരം മേഖലകളിലാണു വന്‍കിടക്കാരുടെ റിസോര്‍ട്ടുകള്‍ നാള്‍ക്കുനാള്‍ ഉയര്‍ന്നുവരുന്നത്. കടല്‍, കായല്‍ എന്നിവകളാല്‍ ചുറ്റപ്പെട്ട വലിയപറമ്പ ദ്വീപിന്റെ ഭൂരിഭാഗവും തീരദേശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നവയാണ്. മേഖലയില്‍ അന്തിയുറങ്ങാന്‍ കൂരയില്ലാത്ത നിരവധി കുടുംബങ്ങള്‍ വീടു പണിയുന്നതിനു തീരദേശ പരിപാലന അതോറിറ്റിയുടെ അനുമതി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. എന്നാല്‍, നിയമം കൈയിലെടുത്ത് റിസോര്‍ട്ട് പണിതവര്‍ക്കെതിരേ ചെറുവിരലനക്കാന്‍ പോലും അധികൃതര്‍ക്കു ഭയക്കുകയാണ്.
രാജ്യത്തെ തന്ത്രപ്രധാനമായ മേഖലയായ ഏഴിമല നാവിക അക്കാദമി സ്ഥിതി ചെയ്യുന്നത് വലിയപറമ്പ ദ്വീപിന്റെ തെക്കന്‍ അതിര്‍ത്തിയോട് ചേര്‍ന്നാണ്. ഈ പ്രദേശങ്ങളിലും അനധികൃത റിസോര്‍ട്ടുകളുണ്ട്. ഇത്തരം റിസോര്‍ട്ടുകളില്‍ ആരൊക്കെ വരുന്നുണ്ട് എന്നു പോലും അധികൃതര്‍ അന്വേഷിക്കുന്നില്ല. അനധികൃത റിസോര്‍ട്ടുകള്‍ക്കെതിരേ വ്യാപകമായ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് തിരുവനന്തപുരത്തുനിന്ന് തീരദേശ പരിപാലന ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായിരുന്നില്ല. പഞ്ചായത്തില്‍ പരാധിപ്പെട്ടാല്‍ അന്വേഷിച്ചു നടപടിയെടുക്കാമെന്നു പറയുമെന്നല്ലാതെ മറിച്ചൊന്നും ഉണ്ടാകാറില്ല. പരാതിക്കാരുടെ സമ്മര്‍ദമേറിയാല്‍ റിസോര്‍ട്ടുകള്‍ക്കുമുന്നില്‍ പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് ഒരു നോട്ടിസ് പതിക്കും. അതില്‍ തീരും ഉദ്യോഗസ്ഥരുടെ നടപടികളെന്നാണു നിലവിലെ സ്ഥിതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."