ഭരണകൂടം വെല്ലുവിളി ഉയര്‍ത്തുന്നത് മതേതരത്വത്തിനും ഭരണഘടനയ്ക്കും: ഷബ്‌നം ഹാഷ്മി
കല്‍പ്പറ്റ: ഇന്ത്യന്‍ മതേതരത്വത്തിനും ഭരണഘടനയ്ക്കും വരെ വെല്ലുവിളിയുയര്‍ത്തുകയാണ് മോദി ഭരണകൂടമെന്ന് സാമൂഹ്യപ്രവര്‍ത്തക ഷബ്‌നം ഹാഷ്മി പറഞ്ഞു.
നന്മയുടെയും സ്നേഹത്തിന്റെയും ഭാഷയില്‍ ഇടപെടാന്‍ ഫാസിസ്റ്റ് ഭരണകൂടങ്ങള്‍ക്കാവില്ലെന്നും രാജ്യവ്യാപകമായി നടത്തുന്ന 'ഇന്ത്യ കാക്കാന്‍' സ്ത്രീ സമരമുന്നണി ദേശീയ യാത്രയുടെ ഭാഗമായി വയനാട്ടിലെത്തിയ അവര്‍ കല്‍പ്പറ്റയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഫാസിസ്റ്റുകള്‍ എപ്പോഴും കള്ളങ്ങളുടെയും കലാപങ്ങളുടെയും പിന്നാലെ പോവാനാണ് ഇഷ്ടപ്പെടുക. യു.പി.എ ഭരണകാലത്ത് വന്‍സമരങ്ങളുമായി രംഗത്തെത്തിയ അണ്ണാഹസാരെ ഇപ്പോള്‍ മൗനത്തിലാണ്. അന്നത്തെ സമരങ്ങളെ നയിച്ചിരുന്നത് ആര്‍.എസ്.എസാണെന്ന് തെളിയിക്കുന്നതാണ് അണ്ണാഹസാരെയുടെ ഇപ്പോഴത്തെ മൗനം.
വംശീയവും ജാതീയവുമായി മനുഷ്യരെ വേര്‍തിരിക്കുന്ന ഫാസിസ്റ്റ് ഭരണകൂടത്തിന് കീഴില്‍ ഭരണഘടനയ്ക്കു പോലും സുരക്ഷിതത്വമില്ല. ശക്തമായ പോരാട്ടങ്ങളില്ലെങ്കില്‍ ഭരണകൂടത്തിന്റെ നിലനില്‍പ്പുപോലും ഇല്ലാതാവും. വിമര്‍ശിക്കുന്നവരെ തുറങ്കിലടക്കുന്ന കാലത്ത് തനിക്കു നേരെയും പ്രതികാരനടപടികളുണ്ടാവാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പതിറ്റാണ്ടുകളുടെ പരിശ്രമങ്ങള്‍ക്കൊടുവില്‍ നേടിയെടുത്ത ഗ്രാമീണമേഖലകളുടെ സാമ്പത്തികമികവ് നോട്ട് നിരോധനം കീഴ്മേല്‍മറിച്ചുകളഞ്ഞു.
വിരലിലെണ്ണാവുന്ന അതിസമ്പന്നര്‍ക്കല്ലാതെ നോട്ടുനിരോധനം ആര്‍ക്കും ഗുണം ചെയ്തില്ല. തെരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് വീണ്ടും വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമങ്ങളാണ് കേന്ദ്രഭരണകൂടം നടത്തുന്നത്.
ആര്‍.എസ്.എസ് നേതാവ് മോഹന്‍ഭഗവതിന്റെ പ്രസ്താവന കാല്‍ക്കീഴില്‍ നിന്ന് മണ്ണൊലിച്ച് പോവുന്നത് തിരിച്ചറിഞ്ഞപ്പോഴുണ്ടായതാണെന്നും അവര്‍ പറഞ്ഞു.
കേരളത്തിലുള്‍പ്പെടെ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും പീഡനങ്ങളും അവസാനിച്ചിട്ടില്ല. ഏറെ വൈകിയാണെങ്കിലും കന്യാസ്ത്രീയുടെ പരാതിയിന്മേല്‍ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയതത് സ്വാഗതാര്‍ഹമാണ്.
കേരളത്തിലെ സാമൂഹ്യസ്ഥിതിയും ജനങ്ങളുടെ ഇടപെടലുകളും പ്രശംസനീയമാണെന്നും അവര്‍ പറഞ്ഞു. ഭരണകൂട ഭീകരതയുടെയും വര്‍ഗീയതയുടെ ഇരകളായ ഗുജറാത്ത്, മഹാരാഷ്ട്ര, ഡല്‍ഹി, ജമ്മു കാശ്മീര്‍, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങില്‍ നിന്നുള്ള അക്ടിവിസറ്റുകളും അവര്‍ക്കൊപ്പമുണ്ടായിരുന്നു. അഞ്ച് ദിവസം നീണ്ടു നിന്ന കേരളപര്യടനം അവസാനിപ്പിച്ച് യാത്ര കര്‍ണാടകത്തിലേക്ക് പ്രവേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."