'പരേതരുടെ തോഴന്' പ്രചാരണത്തിരക്കില്‍
കോഴിക്കോട്: വീടുകള്‍ കയറി വോട്ടഭ്യര്ഥിക്കുന്നതിനിടയിലാണ് അബ്ദുല്‍ അസീസിന്റെ ഫോണിലേക്ക് പൊലിസ് സ്റ്റേഷനില്‍ നിന്നും വിളി വന്നത്. റഹ്മാന് ബസാറിനു സമീപത്തെ വെള്ളക്കെട്ടില്‍ ദിവസങ്ങളോളം പഴക്കമുള്ളതും പുഴുവരിച്ചു ജീര്‍ണിച്ച് ദുര്‍ഗന്ധം വമിക്കുന്നതുമായ ഒരു മൃതദേഹം കിടക്കുന്നു എന്നതായിരുന്നു സന്ദേശം.
തനിക്കൊപ്പമുള്ള പ്രവര്‍ത്തകരോട് 'ഉടനെ എത്താം' എന്നു പറഞ്ഞ് അദ്ദേഹം സംഭവ സ്ഥലത്തേക്ക് കുതിച്ചു. സുരക്ഷാ ക്രമീകരണങ്ങളും പി.പി.ഇ കിറ്റും ധരിച്ച് ആ മൃതദേഹത്തെ കരക്കെത്തിക്കുകയും പൊലിസ് നടപടികള്‍ക്ക് ശേഷം മോര്‍ച്ചറിയിലേക്ക് മാറ്റാന്‍ ആംബുലന്‍സില്‍ കയറ്റുകയും ചെയ്തു. ശേഷം കുളിച്ചു വൃത്തിയായി വീണ്ടും വോട്ടഭ്യര്‍ഥന.
കോഴിക്കോട് ഒളവണ്ണ ഗ്രാമപഞ്ചായത്ത് 18ാം വാര്‍ഡ് ഒടുമ്പ്രയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി മഠത്തില്‍ അബ്ദുള്‍ അസീസിനെ അറിയുന്നവര്‍ക്ക് ഇതൊന്നും പുതുമയുള്ളതല്ല. കാരണം കഴിഞ്ഞ 37 വര്‍ഷമായി 3,812 അജ്ഞാത മൃതദേഹങ്ങള്‍ക്കാണ് ഇദ്ദേഹം അത്താണിയായത്. അതില്‍ 1,000 ഓളം മൃതദേഹവും പുറത്തെടുത്തത് പഞ്ചായത്ത് അംഗമായിരിക്കെയാണ്. മൃതദേഹങ്ങളുടെ തോഴന് എന്ന അപൂര്‍വ വിശേഷണത്തിനുടമയായ അസീസ് ഇതു മൂന്നാം തവണയാണ് തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്നത്.
ആദ്യ തവണ ബ്ലോക്ക് പഞ്ചായത്തിലേക്കായിരുന്നു മത്സരിച്ചത്. അന്ന് പരാജയപ്പെട്ടെങ്കിലും രണ്ടാമത്തെ തവണ ഒളവണ്ണ ഗ്രാമപഞ്ചായത്തില്‍ അംഗമായി. അതേ വിജയം ആവര്‍ത്തിക്കാനാണ് മൂന്നാംവട്ടവും മത്സര രംഗത്ത് എത്തുന്നത്. ഇതിനകം തന്നെ നിരവധി അവാര്‍ഡുകളും അസീസിന്റെ നിസ്വാര്‍ഥ സേവനത്തെ തേടിയെത്തിയിട്ടുണ്ട്. സ്ഥാനാര്‍ഥിയായി പ്രചാരണ തിരക്കിലാണെങ്കിലും ആരോരുമില്ലാതെ, അനാഥരായി കിടക്കുന്ന മൃതദേഹങ്ങള്‍ക്ക് തുണയായി വിളിപ്പുറത്തുണ്ട് ഇദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."