പി.സി ജോര്‍ജിനെതിരായ പരാതി എത്തിക്‌സ് കമ്മിറ്റി പരിഗണിച്ചു
തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ പരാതി നല്‍കിയ കന്യാസ്ത്രീയെ അവഹേളിച്ച പി.സി ജോര്‍ജ് എം.എല്‍.എയ്‌ക്കെതിരായ പരാതി നിയമസഭയുടെ എത്തിക്‌സ്- പ്രിവിലേജസ് കമ്മിറ്റി പരിഗണിച്ചു.
എ. പ്രദീപ്കുമാര്‍ അധ്യക്ഷനായ എത്തിക്‌സ് കമ്മിറ്റിയില്‍ അംഗമായ പി.സി ജോര്‍ജ് യോഗത്തില്‍ പങ്കെടുക്കുമെന്നു നേരത്തെ അറിയിച്ചിരുന്നെങ്കിലും വിട്ടുനിന്നു.
വനിതാ കമ്മിഷന്‍ നല്‍കിയ പരാതിയാണ് ഇന്നു എത്തിക്‌സ് കമ്മിറ്റി പരിശോധിച്ചത്. കന്യാസ്ത്രീക്കെതിരേ ജോര്‍ജ് നടത്തിയ പരാമര്‍ശത്തിന്റെ തെളിവുകളായ പത്രക്കട്ടിങ്ങുകളും വിഡിയോ ക്ലിപ്പുകളും ഉള്‍പ്പെടെ ഹാജരാക്കാന്‍ കമ്മിറ്റി പരാതിക്കാര്‍ക്കു നിര്‍ദേശം നല്‍കി.
അടുത്തയാഴ്ച വീണ്ടും യോഗം ചേരാനും തെളിവുകള്‍ പരിശോധിക്കാനും തീരുമാനിച്ചു. അതിനിടെ, പി.സി ജോര്‍ജിനെ എത്തിക്‌സ് കമ്മിറ്റിയില്‍നിന്നു മാറ്റണമെന്നും കമ്മിഷന്‍ നല്‍കിയ പരാതി ജോര്‍ജ് അംഗമായ കമ്മിറ്റി പരിഗണിക്കരുതെന്നും വനിതാ കമ്മിഷന്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ 13നാണ് വനിതാ കമ്മിഷന്‍ നല്‍കിയ പരാതി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ എത്തിക്‌സ് കമ്മിറ്റിക്കു വിട്ടിരുന്നത്. യോഗത്തില്‍ കമ്മിറ്റി അംഗങ്ങളായ ജോര്‍ജ് എം. തോമസ്, ജോണ്‍ ഫെര്‍ണാണ്ടസ്, വി.കെ.സി മമ്മദ് കോയ, മോന്‍സ് ജോസഫ്, ഡി.കെ മുരളി, വി.എസ് ശിവകുമാര്‍, ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.
ഇതു രണ്ടാം തവണയാണ് ജോര്‍ജിനെതിരേ എത്തിക്‌സ് കമ്മിറ്റിക്കു പരാതി വരുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കെ.ആര്‍ ഗൗരിയമ്മയ്‌ക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ ജോര്‍ജിനെ ശാസിച്ചിരുന്നു.
അന്നത്തെ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ നല്‍കിയ പരാതിയില്‍ കെ. മുരളീധരന്‍ അധ്യക്ഷനായ എത്തിക്‌സ് കമ്മിറ്റിയാണ് പരാതി പരിഗണിച്ചിരുന്നത്. ജോര്‍ജിനെ സസ്‌പെന്‍ഡ് ചെയ്യണമെന്നായിരുന്നു അന്നു കോടിയേരി ആവശ്യപ്പെട്ടത്. അംഗങ്ങളായിരുന്ന ജി. സുധാകരന്‍, മാത്യു ടി. തോമസ്, സാജുപോള്‍ എന്നിവരും ജോര്‍ജിനെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ടു. ഇവരുടെ വിയോജനക്കുറിപ്പ് സഹിതമാണ് അന്നു സമിതി റിപ്പോര്‍ട്ട് തയാറാക്കിയിരുന്നത്. സമിതിയുടെ ശുപാര്‍ശയനുസരിച്ച് 2015 ജൂലൈ 15ന് അന്നത്തെ സ്പീക്കര്‍ എന്‍. ശക്തന്‍ ജോര്‍ജിനെ ശാസിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."