കേന്ദ്ര നേതൃത്വത്തിന് കര്‍ണാടക ബി.ജെ.പി വിമത നേതാവ് ഈശ്വരപ്പയുടെ പരാതി
ബംഗളൂരു: കര്‍ണാടക ബി.ജെ.പിയില്‍ ഉയര്‍ന്ന കലാപം താല്‍ക്കാലികമായി അവസാനിച്ചിരുന്നെങ്കിലും ഇന്നലെ അത് വീണ്ടും ശക്തമായി. മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി സംസ്ഥാന പ്രസിഡന്റുമായ ബി.എസ് യദ്യൂരപ്പക്കെതിരേ കലാപക്കൊടി ഉയര്‍ത്തിയ മുതിര്‍ന്ന നേതാവ് കെ.എസ് ഈശ്വരപ്പയുടെ നേതൃത്വത്തിലാണ് വീണ്ടും പ്രതിസന്ധി മൂര്‍ച്ഛിച്ചത്.
യദ്യൂരപ്പയുടെ നടപടി പാര്‍ട്ടിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുന്നവെന്ന് ചൂണ്ടിക്കാട്ടി ഇന്നലെ ഈശ്വരപ്പ വിഭാഗം കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു. ശനിയാഴ്ച ഇക്കാര്യം ചൂണ്ടിക്കാട്ടി പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയും കര്‍ണാടകയുടെ ചുമതലയുള്ള നേതാവുമായ പി. മുരളീധര റാവുവിനെ സന്ദര്‍ശിച്ച് പരാതി ഉന്നയിച്ചിരുന്നു. ഈശ്വരപ്പക്കൊപ്പം കര്‍ണാടകയിലെ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളായ എം.ബി ഭാനുപ്രകാശ്, എം.ബി നന്ദീഷ്, സോഗഡു ശിവണ്ണ, സോമണ്ണ, എ.എച്ച് ശിവയോഗി സ്വാമി, എസ്.എ രവീന്ദ്ര നാഥ് തുടങ്ങിയവരാണ് റാവുവിനെ കണ്ട് ചര്‍ച്ച നടത്തിയത്. ഏതാണ്ട് ഒരു മണിക്കൂര്‍ നേരം റാവുവുമായി ഇവര്‍ ചര്‍ച്ച നടത്തിയിരുന്നു.
ഇതിനിടയില്‍ 18 ബി.ജെ.പി വിമതര്‍ യദ്യൂരപ്പയുടെ നടപടികളെ പരസ്യമായി ചോദ്യം ചെയ്തതോടെ തെരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങിയ സംസ്ഥാനത്ത് ബി.ജെ.പി കടുത്ത പ്രതിസന്ധിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ജില്ലാ പ്രസിഡന്റുമാര്‍ അടക്കമുള്ളവരെ തെരഞ്ഞെടുത്തതില്‍ യദ്യൂരപ്പയുടെ താല്‍പര്യക്കാര്‍ മാത്രമാണെന്നാരോപിച്ചാണ് വിമതര്‍ പ്രതിഷേധം ഉയര്‍ത്തിയത്. ഓഫിസ് ഭാരവാഹികളെ തെരഞ്ഞെടുത്തത് റദ്ദാക്കി പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ഇവര്‍ ശനിയാഴ്ച ബംഗളൂരുവില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. യദ്യൂരപ്പ പക്ഷക്കാരനായ സംസ്ഥാന ജനറല്‍ സെക്രട്ടറി അനാവശ്യമായി ഇടപെടലുകള്‍ നടത്തുന്നത് പാര്‍ട്ടിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുന്നുവെന്നും വിമതര്‍ ആരോപിക്കുന്നു.
നേതാക്കള്‍ ഉന്നയിച്ച കാര്യങ്ങള്‍ കേന്ദ്ര നേതൃത്വത്തെ അറിയിക്കുമെന്ന് മുരളീധര്‍ റാവു വ്യക്തമാക്കി. എത്രയും പെട്ടെന്ന് സംസ്ഥാനത്ത് ഉയര്‍ന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."