അന്വേഷണസംഘത്തിനെതിരേ മിഷനറീസ് ഓഫ് ജീസസ്
കോട്ടയം: കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ട കേസ് അന്വേഷിക്കുന്ന പൊലിസ് സംഘത്തിനെതിരേ രൂക്ഷമായ ആരോപണങ്ങളുമായി മിഷനറീസ് ഓഫ് ജീസസ്. ഫ്രാങ്കോ മുളയ്ക്കല്‍ നിരപരാധിയാണെന്നും അദ്ദേഹത്തെ പുറത്തിറക്കാതിരിക്കാന്‍ അന്വേഷണസംഘത്തിന് ഗൂഢലക്ഷ്യങ്ങളുണ്ടെന്നും മിഷനറീസ് ഓഫ് ജീസസ് മദര്‍ ജനറല്‍ സിസ്റ്റര്‍ റെജീന, അസിസ്റ്റന്റ് ജനറല്‍ സിസ്റ്റര്‍ മരിയ, ജനറല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ അമല എന്നിവര്‍ പുറത്തിറക്കിയ സംയുക്ത വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.
ഇല്ലാത്ത കുറ്റത്തിന്റെ പേരില്‍ ബിഷപ്പ് ക്രൂശിക്കപ്പെടുന്നതിലും ജയില്‍വാസം അനുഭവിക്കേണ്ടിവരുന്നതിലും ക്ഷമചോദിക്കുന്നുവെന്നും പാപപരിഹാരത്തിനായി ഉപവസിച്ച് പ്രാര്‍ഥിക്കുമെന്നും അറിയിച്ചുകൊണ്ടാണ് വാര്‍ത്താക്കുറിപ്പ് ആരംഭിക്കുന്നത്. ബിഷപ്പിനെതിരേ തെളിവുകളില്ലാത്ത സാഹചര്യത്തില്‍ വ്യക്തമായ അജണ്ടയോടെ തങ്ങളുടെ മഠത്തെ അന്വേഷണ ഉദ്യോഗസ്ഥര്‍ കരുവാക്കുകയാണ്. ചില കേന്ദ്രങ്ങളില്‍നിന്ന് ലഭിക്കുന്ന നിര്‍ദേശ പ്രകാരം പല കന്യാസ്ത്രീമഠങ്ങളിലും മുന്നറിയിപ്പില്ലാതെ കയറിച്ചെന്ന് ഭയപ്പെടുത്തി ബിഷപ്പിനെതിരേ മൊഴി നല്‍കാന്‍ അന്വേഷണസംഘം നിര്‍ബന്ധിക്കുകയാണ്.
ബിഷപ്പിന് അനുകൂലമായി സത്യം പറയുന്നവരെ അവഹേളിക്കുകയും കൂട്ടുപ്രതികളാക്കുമെന്ന് ഭീഷണിപ്പെടുത്തി മാനസിക സമ്മര്‍ദത്തിലാക്കുകയും ചെയ്യുന്നു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ പരാതിയുള്ളവര്‍ ബന്ധപ്പെട്ട ജില്ലകളിലെ പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കണമെന്ന നിര്‍ദേശം ആശങ്കാജനകമാണ്. കന്യാസ്ത്രീക്കെതിരേ ഡല്‍ഹിയില്‍ നിന്ന് പരാതി ലഭിക്കുന്നതിന് മുന്‍പായി കെട്ടിച്ചമച്ച പീഡനകഥ മഠത്തിലുള്ളവരോട് നേരത്തെ പറഞ്ഞെന്ന് വരുത്തി ബിഷപ്പിനെതിരേ നീങ്ങാനാണ് അന്വേഷണസംഘം ശ്രമിക്കുന്നത്. ഇതിനെ ശക്തമായി അപലപിക്കുന്നു.
കുറവിലങ്ങാട് മഠത്തില്‍ രാത്രി രണ്ടുമണിവരെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചിരിച്ചുകളിച്ച് ഉല്ലസിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് തങ്ങളുടെ സന്യാസ സഭയുടെ ചട്ടങ്ങള്‍ക്കെതിരാണ്. ഒരുമിച്ചിരുന്ന് ആലോചിച്ച് ബിഷപ്പിനെതിരേ തെളിവുണ്ടാക്കാനുള്ള ഗൂഢലക്ഷ്യത്തിന്റെ ഭാഗമായാണ് ഇത്തരം നടപടികളെന്ന് ഭയപ്പെടുന്നു. സത്യം എത്ര മൂടിവച്ചാലും അത് പുറത്തുവരുമെന്നു പറഞ്ഞാണ് വാര്‍ത്താക്കുറിപ്പ് അവസാനിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."