മത്സ്യത്തൊഴിലാളികളെ വഞ്ചിക്കുന്ന ബജറ്റ്: ടി.എന്‍ പ്രതാപന്
ന്യൂഡല്‍ഹി: നാമമാത്രമായ തുക അനുവദിച്ചും നേരത്തെ പ്രഖ്യാപിച്ച പദ്ധതിവിഹിതം വെട്ടിക്കുറച്ചും മത്സ്യത്തൊഴിലാളി സമൂഹത്തെ വഞ്ചിക്കുന്ന സമീപനമാണ് ബജറ്റിലേതെന്ന് ടി.എന്‍ പ്രതാപന് എംപി. തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് അവതരിപ്പിച്ച ബജറ്റും ഈ ബജറ്റും തമ്മിലുള്ള താരതമ്യത്തില്‍ ഇതു പ്രകടമാണ്. പുതിയ ഫിഷറീസ് വകുപ്പു തന്നെ പ്രഖ്യാപിച്ചിട്ടും രാജ്യത്താകെ 14 കോടി രൂപയുടെ അധികതുക മാത്രമാണ് പുതുക്കിയ ബജറ്റിലുള്ളത്. മത്സ്യത്തൊഴിലാളി മേഖലയിലെ വോട്ട്ബാങ്ക് ലക്ഷ്യമിട്ടാണ് കേന്ദ്രത്തിന്റെ നീക്കങ്ങളെന്നു വ്യക്തം.
ബ്ലൂ റെവല്യൂഷനടക്കം ഉള്‍പ്പെടുന്ന ഫിഷറീസ് ആന്‍ഡ് അനിമല്‍ ഹസ്ബന്‍ഡറി മന്ത്രാലയത്തിനു അനുവദിച്ച മൊത്തം തുകയുടെ കാര്യത്തിലും വലിയ കുറവു വരുത്തി. തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് അവതരിപ്പിച്ച ബജറ്റില്‍നിന്ന് 367 കോടി രൂപയോളം രൂപ ഇക്കുറി വെട്ടിക്കുറയ്ക്കുകയാണ് ചെയ്തത്. ഫിഷറീസിനു പ്രത്യേക ഡിപ്പാര്‍ട്ട്മെന്റ് എന്ന നിലയില്‍ വലിയ പ്രചാരണം നല്കിയിട്ടാണ് മേഖലയ്ക്കുള്ള തുകയില്‍ കേന്ദ്രം കുറവുവരുത്തിയിരിക്കുന്നതെന്ന് ടി.എന്‍ പ്രതാപന് കുറ്റപ്പെടുത്തി.
സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതത്തിലും കുറവുണ്ട്. 945 കോടി രൂപ സംസ്ഥാനങ്ങള്‍ക്കായി നല്‍കുമെന്നായിരുന്നു കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനം. ഇക്കുറിയത് 795 കോടിയായി കുറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."