വകുപ്പുകള്‍ക്ക് അതൃപ്തി; സ്വാശ്രയ കോളജുകളുടെ ലയനം ഒഴിവാക്കി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വാശ്രയ കോളജുകളുടെ ലയനം വകുപ്പുകളുടെ അതൃപ്തിയെത്തുടര്‍ന്ന് ഒഴിവാക്കി.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് (ഐ.എച്ച്.ആര്‍.ഡി), ലാല്‍ ബഹദൂര്‍ ശാസ്ത്രി സെന്റര്‍ (എല്‍.ബി.എസ്), സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ് എജ്യൂക്കേഷന്‍ (സി.സി.ഇ.ഇ), കോ- ഓപ്പറേറ്റീവ് അക്കാദമി ഫോര്‍ പ്രൊഫഷനല്‍ എജ്യൂക്കേഷന്‍ (കേപ്പ്), ശ്രീ ചിത്തിര തിരുനാള്‍ എന്‍ജിനീയറിങ് കോളജ് എന്നിവയെ ലയിപ്പിച്ച് ഒറ്റ സ്ഥാപനമാക്കാനുള്ള നടപടിക്രമങ്ങളാണ് വിവിധ വകുപ്പുകളുടെ അതൃപ്തിയെത്തുടര്‍ന്ന് ഒഴിവാക്കിയത്.
ഈ സാമ്പത്തിക വര്‍ഷം ലയനം വേണ്ട എന്ന ധനവകുപ്പിന്റെ ശുപാര്‍ശയും ലയനം ഒഴിവാക്കാന്‍ കാരണമായി. ലയനത്തിലൂടെ ഭരണച്ചെലവ് കുറയ്ക്കാനും സാമ്പത്തിക ബാധ്യതകള്‍ ഒഴിവാക്കാനുമാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിട്ടിരുന്നത്.
എന്നാല്‍ കനത്ത നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കേപ്പിന്റെ സാമ്പത്തിക ബാധ്യത മറ്റുള്ളവര്‍ ഏറ്റെടുക്കേണ്ടി വരുമെന്ന് ചൂണ്ടിക്കാട്ടിയാണ് മറ്റു വകുപ്പുകള്‍ ലയനത്തെ എതിര്‍ത്തത്.
കെ.എസ്.ആര്‍.ടി.സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏക സ്ഥാപനമായതിനാല്‍ ശ്രീ ചിത്തിര തിരുനാള്‍ എന്‍ജിനിയറിങ് കോളജ് വിട്ടുനല്‍കാന്‍ ഗതാഗത വകുപ്പിനും താല്‍പ്പര്യമുണ്ടായിരുന്നില്ല. കേപ്പിന്റെ ഭരണാവകാശം മുഴുവനായി ഉന്നത വിദ്യാഭ്യാസ വകുപ്പിനു വിട്ടുനല്‍കുന്നതില്‍ സഹകരണ വകുപ്പിനും അതൃപ്തിയുണ്ടായിരുന്നു.
വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പള സ്‌കെയിലിലെ വ്യത്യാസവും സ്ഥിര നിയമനം നല്‍കുന്നതിലെ പ്രായോഗിക പ്രശ്‌നങ്ങളും വിവിധ വകുപ്പുകള്‍ ലയനത്തെ എതിര്‍ക്കാന്‍ കാരണമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."