മൂന്നാറില്‍ വീണ്ടും ഒഴിപ്പിക്കല്‍; 19 ഏക്കര്‍ പിടിച്ചെടുത്തു
തൊടുപുഴ: ഒരിടവേളക്ക് ശേഷം മൂന്നാറില്‍ വീണ്ടും ഒഴിപ്പിക്കല്‍ തുടങ്ങി. ലക്ഷ്മി എസ്റ്റേറ്റിലെ ക്യാംലോട്ട് റിസോര്‍ട്ടിന് സമീപത്തായി പ്രവാസികള്‍ കൈയേറിയ 19 ഏക്കര്‍ ഭൂമി സബ് കലക്ടര്‍ വി. ശ്രീറാമിന്റെ നിര്‍ദേശപ്രകാരം റവന്യൂസംഘം ഇന്നലെ പിടിച്ചെടുത്തു. റിസോര്‍ട്ടിന് സമീപത്തായി ജര്‍മന്‍ സ്വദേശിയായ ജെസിക്ക് ഒരു ഏക്കര്‍ പട്ടയഭൂമിയുണ്ടായിരുന്നു. വിലകൊടുത്ത് വാങ്ങിയ ഭൂമിയുടെ പവര്‍ ഓഫ് അറ്റോണി പിതാവ് ജോളി പോളിന് നല്‍കി ജെസി വിദേശത്തേക്ക് മടങ്ങുകയും ചെയ്തു. എന്നാല്‍ ഈ പട്ടയം മറയാക്കി പിതാവ് സമീപത്തെ സര്‍ക്കാര്‍ ഭൂമി കൈയേറുകയായിരുന്നു.
മൂന്നാറിലെ വന്‍കിട കൈയേറ്റങ്ങള്‍ കണ്ടെത്തുന്നതിന് ജില്ലാ ഭരണകൂടം നിയോഗിച്ച സംഘമാണ് ലക്ഷ്മി എസ്റ്റേറ്റിലെ പ്രവാസികളുടെ കൈയേറ്റം കണ്ടെത്തിയത്. ഉടമകള്‍ക്ക് നോട്ടിസ് നല്‍കുന്നതിനായി ഉദ്യോഗസ്ഥര്‍ എസ്റ്റേറ്റിലെത്തിയെങ്കിലും കൈപറ്റാന്‍ ആരുമുണ്ടായിരുന്നില്ല. വര്‍ഷങ്ങള്‍ക്കുമുമ്പ് ജോളി പോളും ഭൂമി ഉപേക്ഷിച്ച് വിദേശത്തേക്ക് മടങ്ങിയതായി സമീപവാസികള്‍ പറയുന്നു. ചെങ്കുത്തായ മലകളും ചോലവനങ്ങളുമാണ് കൈയേറ്റഭൂമിയിലുള്ളത്. ഇവിടെ സര്‍ക്കാര്‍ ഭൂമി എന്ന ബോര്‍ഡ് സ്ഥാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."