ജനവഞ്ചകരാകുന്ന ജനപ്രതിനിധികള്‍
കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജനതാദള്‍ എസ് സഖ്യം അധികാരത്തിലേറിയത് മുതല്‍ തുടങ്ങിയതാണ് രാഷ്ട്രീയ കുതിരക്കച്ചവടത്തിന്റെ കുളമ്പടികള്‍ അധികാര സോപാനങ്ങള്‍ക്കു ചുറ്റും മുഴങ്ങാന്‍. അതിപ്പോള്‍ കൂടുതല്‍ ശക്തിയോടെ മുഴങ്ങാന്‍ തുടങ്ങിയിരിക്കുന്നു. ഏതു സമയത്തും കുമാരസ്വാമി മന്ത്രിസഭ നിലംപൊത്താം എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഭരണസഖ്യത്തിലെ 14 എം.എല്‍.എമാര്‍ രാജിവച്ചതോടെ സര്‍ക്കാര്‍ പതനത്തിന്റെ വക്കിലാണ്. തുടര്‍നടപടി നാളെ സ്വീകരിക്കുമെന്ന് സ്പീക്കര്‍ രമേഷ് കുമാര്‍ അറിയിച്ചിട്ടുമുണ്ട്. അതിനിടയില്‍ മന്ത്രിസഭയെ താങ്ങിനിര്‍ത്തുന്നതില്‍ പ്രധാന ശക്തിയായ കോണ്‍ഗ്രസ് നേതാവ് മന്ത്രി ഡി.കെ ശിവകുമാര്‍ എന്തെങ്കിലും പ്രലോഭന മാന്ത്രികവടി ഇടഞ്ഞു നില്‍ക്കുന്ന എം.എല്‍.എമാര്‍ക്കു നേരെ വീശി മന്ത്രിസഭയെ രക്ഷിച്ചാല്‍ അല്‍പകാലം കൂടി കോണ്‍ഗ്രസ്-ദള്‍ മന്ത്രിസഭ നിലനിന്നേക്കാം.
ഏറ്റവും കൂടുതല്‍ എം.എല്‍.എമാര്‍ ഉണ്ടായിട്ടുപോലും പരമാവധി വിട്ടുവീഴ്ച ചെയ്താണ് കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനം കുമാരസ്വാമിക്ക് നല്‍കിയത്. ബി.ജെ.പിയെ അധികാരത്തില്‍നിന്ന് മാറ്റിനിര്‍ത്തുക എന്ന പരമമായ ലക്ഷ്യ സാക്ഷാത്ക്കാരത്തിനു വേണ്ടിയായിരുന്നു കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഈ ത്യാഗത്തിനു തയാറായത്. എന്നാല്‍ അധികാര രാഷ്ട്രീയത്തിന്റെ മധുരം ആവോളം ആസ്വദിച്ച മുന്‍ മുഖ്യമന്ത്രി സിദ്ധ രാമയ്യയെ പോലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് രുചിക്കുന്നതായിരുന്നില്ല കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. രണ്ടു ദിവസം മാത്രം മുഖ്യമന്ത്രിയായിരുന്ന ബി.ജെ.പി നേതാവ് ബി.എസ് യെദ്യൂരപ്പയും വെറുതെയിരിക്കുകയായിരുന്നില്ല. കോണ്‍ഗ്രസിലെ വിമത വിഭാഗത്തിന്റെയും ബി.ജെ.പിയുടെയും ദ്വിമുഖാക്രമണ ഭീഷണിയെ പ്രതിരോധിച്ചു കൊണ്ടാണ് കുമാരസ്വാമി മന്ത്രിസഭ മുന്നോട്ടു പോയിക്കൊണ്ടിരുന്നത്. ഭീഷണി ഉയരുമ്പോഴേക്കും കിട്ടാവുന്നേടത്തോളം എം.എല്‍.എമാരെ ലക്ഷ്വറി ബസില്‍ കയറ്റി റിസോര്‍ട്ടുകള്‍ തേടിപ്പോകേണ്ട ഗതികേടിലാണ് കുമാരസ്വാമി മന്ത്രിസഭ. ഇപ്പോള്‍ രാജിവച്ച എം.എല്‍.എമാരെ സ്വന്തം വിമാനത്തില്‍ കയറ്റി ബി.ജെ.പി എം.പി രാജീവ് ചന്ദ്രശേഖര്‍ മുംബൈക്ക് പറന്നതോടെ അവരെ തിരികെ കിട്ടുക പ്രയാസം തന്നെയായിരിക്കും. പ്രശ്‌നം പരിഹരിക്കാനെത്തിയ എ.ഐ.സി.സി ജന. സെക്രട്ടറി കെ.സി വേണുഗോപാലിന് അതു സാധ്യമാകുമോ എന്നു കണ്ടറിയേണ്ടിയിരിക്കുന്നു. ഗോവയില്‍ കോണ്‍ഗ്രസിനു ഭൂരിപക്ഷം ഉണ്ടായിട്ടുപോലും ഗോവയുടെ ചുമതലക്കാരനായിരുന്ന കെ.സി വേണുഗോപാലിന് അവിടെ ഒരു കോണ്‍ഗ്രസ് മന്ത്രിസഭ ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട വിശാല സഖ്യത്തിനു വലിയ ഊര്‍ജമായിരുന്നു കര്‍ണാടകയിലെ ദള്‍-കോണ്‍ഗ്രസ് കൂട്ടുകെട്ട് നല്‍കിയിരുന്നത്. എന്നാല്‍ അധികാരമേറ്റത് മുതല്‍ മുഖ്യമന്ത്രി കുമാരസ്വാമിക്ക് ശരശയ്യയായിരുന്നു ശരണം. ഇനി 13 ദള്‍- കോണ്‍ഗ്രസ് എം.എല്‍.എമാരുടെ രാജി സ്പീക്കര്‍ സ്വീകരിച്ചാല്‍ കുമാരസ്വാമി മന്ത്രിസഭയുടെ ചരമഗീതം ആലപിക്കപ്പെടും.
28 സീറ്റിലേക്ക് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 26 സീറ്റിലും വന്‍ ഭൂരിപക്ഷത്തോടെ ജയിച്ചു കയറിയതാണ് കുമാരസ്വാമി മന്ത്രിസഭയെ എത്രയും പെട്ടെന്ന് താഴെയിറക്കാന്‍ അവരെ വല്ലാതെ ഉത്സുകരാക്കുന്നത്. ഈ അവസ്ഥയില്‍ ഒരു ഇടക്കാല തെരഞ്ഞെടുപ്പ് നടന്നാല്‍ സീറ്റുകള്‍ തൂത്തുവാരാമെന്ന് അവര്‍ കണക്കുകൂട്ടുന്നു. 2018 ജൂണില്‍ അധികാരത്തില്‍ വന്ന കുമാരസ്വാമി മന്ത്രിസഭ അന്നു മുതല്‍ ഇരിക്കാപ്പൊറുതിയില്ലാതെയാണ് ഒരുവര്‍ഷം തികച്ചത്. ഇപ്പോഴദ്ദേഹം യു.എസില്‍ സന്ദര്‍ശനം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് പുതിയ കുതിരക്കച്ചവട സാധ്യതകള്‍ അധികാരമോഹികള്‍ ആരാഞ്ഞുകൊണ്ടിരിക്കുന്നത്.
രാഷ്ട്രീയത്തിലെ സദാചാരവും ധാര്‍മികതയും നാള്‍ക്കുനാള്‍ ചോര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ രാഷ്ട്രീയത്തിലെ കുതിരക്കച്ചവടത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതു തന്നെ നിരര്‍ഥകമായേക്കാം. ഭാവിയില്‍ തെരഞ്ഞെടുപ്പുകള്‍ വെറുമൊരു ചടങ്ങായി മാറിയേക്കാമെന്ന് ഇന്ത്യന്‍ ജനാധിപത്യ ഭരണകൂടത്തിന്റെ നിലനില്‍പ്പിനെക്കുറിച്ച് രാഷ്ട്രീയ നിരീക്ഷകര്‍ ആശങ്കപ്പെടുന്ന ഒരു കാലവും കൂടിയാണിത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് എല്ലാ ധാര്‍മിക മൂല്യങ്ങളെയും കാറ്റില്‍ പറത്തുന്നതായിരുന്നുവെന്ന് വിരമിച്ച എഴുപതോളം ഐ.എ.എസ് ഉദ്യോഗസ്ഥര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷനെ കുറ്റപ്പെടുത്തി പ്രസ്താവനയിറക്കിയത് കഴിഞ്ഞ ദിവസമാണ്. നിഷ്പക്ഷമായും നിര്‍ഭയമായും തെരഞ്ഞെടുപ്പ് നിര്‍വഹണച്ചുമതല വഹിക്കേണ്ട മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷനുകള്‍ പോലും ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ ആജ്ഞാനുവര്‍ത്തികളായി മാറിക്കൊണ്ടിരിക്കുന്ന മഹത്തായ ജനാധിപത്യ രാജ്യത്ത് രാഷ്ട്രീയ നേതാക്കള്‍ അധികാരത്തിന്റെ ചക്കരക്കുടത്തില്‍ കൈയിട്ട് നക്കാന്‍ ഓടുന്നതില്‍ എന്തത്ഭുതം.
ഒരു ജനപ്രതിനിധി ഒരുപാട് ആളുകളുടെ പ്രതീക്ഷയുടെ പ്രതീകമാണ്. ജനങ്ങളുടെ ആശയാഭിലാഷങ്ങള്‍ക്ക് അല്‍പമെങ്കിലും യാഥാര്‍ഥ്യത്തിന്റെ മിഴിവ് ചേര്‍ക്കാന്‍ അവര്‍ തെരഞ്ഞെടുത്തയക്കുന്ന ജനപ്രതിനിധികള്‍ ആത്മാര്‍ഥമായി ശ്രമിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഓരോ ജനപ്രതിനിധിയെയും നിയമനിര്‍മാണ സഭയിലേക്ക് അയക്കുന്നത്. കറകളഞ്ഞ കമ്മ്യൂണിസ്റ്റ് നേതാവ് എ.കെ ഗോപാലന്‍ പോലും പാര്‍ലമെന്റ് അംഗത്തിന്റെ സുഖസൗകര്യം കണ്ട് ജനപ്രതിനിധികള്‍ അതില്‍ വീണുപോകുമെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ ദീര്‍ഘദര്‍ശനം നടത്തിയതാണ്. അധികാരം നല്‍കുന്ന സുഖസൗകര്യങ്ങളും ആര്‍ഭാടവും ജനപ്രതിനിധികളായ പലരെയും മോഹവലയത്തില്‍ പെടുത്തിയിട്ടുണ്ട്. കോടികള്‍ക്കായും മന്ത്രിപദവിക്കായും മറ്റു ചിലതിനായും എല്ലാ ആശയാദര്‍ശങ്ങളും വലിച്ചെറിയാനും തെരഞ്ഞെടുത്തയച്ച ജനതയോടുള്ള പ്രതിബദ്ധത കാറ്റില്‍ പറത്താനും അശേഷം മടിയില്ലാത്തൊരു വിഭാഗമായി ജനപ്രതിനിധികളില്‍ പലരും മാറിയിരിക്കുന്നു.
ഈ 12ന് ആരംഭിക്കുന്ന കര്‍ണാടക നിയമസഭാ സമ്മേളനം കുമാരസ്വാമി മന്ത്രിസഭയുടെ ഭാവി തീരുമാനിക്കും. വാഴിക്കണോ വീഴ്ത്തണോ... രണ്ടായാലും അധികാര ദാഹാര്‍ത്തര്‍ ഒരിക്കലും അടങ്ങിയിരിക്കില്ല. ഇന്ത്യന്‍ ജനാധിപത്യം ഫാസിസ്റ്റ് ഭീഷണിക്കൊപ്പം നേരിടുന്നതാണ് അധികാരക്കൊതിയന്മാരുടെ നിരന്തരമായ കാല്‍മാറ്റവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."