കാപ്പ കേസിലെ പ്രതിയടക്കം 3 പേർ കുറ്റിക്കാട്ടിനുള്ളിൽ എംഡിഎംഎ വിൽപ്പനയ്ക്കിടെ പിടിയിൽ
കാസർകോട്: സംശയാസ്പദമായ സാഹചര്യത്തിൽ കുറ്റിക്കാട്ടിൽ കണ്ട മൂന്ന് പേരെ പിന്തുടർന്ന് പിടികൂടി നടത്തിയ പരിശോധനയിൽ മാരക മയക്കുമരുന്നായ എംഡിഎംഎ പിടിച്ചെടുത്തു. ജില്ലാ പൊലിസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും (ഡാൻസാഫ്) കുമ്പള പൊലിസും ചേർന്നാണ് മയക്കുമരുന്ന് വിൽപ്പന സംഘത്തിലെ മൂന്ന് പേരെ പിടികൂടിയത്. മംഗൽപാടി സോങ്കാലിൽ വെച്ചാണ് സംഭവം.
ഓടി രക്ഷപ്പെടാൻ ശ്രമം; സാഹസികമായി കീഴ്പ്പെടുത്തി
സോങ്കാലിലെ ഒറ്റപ്പെട്ട കുറ്റിക്കാട്ടിൽ മൂന്ന് പേർ കൂട്ടംകൂടി നിൽക്കുന്നത് കണ്ടാണ് രഹസ്യവിവരം ശേഖരിക്കുന്നതിനായി പെട്രോളിങ് നടത്തുകയായിരുന്ന ഡാൻസാഫ് സ്ക്വാഡിന് സംശയം തോന്നിയത്. പൊലിസ് അടുത്തുചെന്നതോടെ പ്രതികൾ തിടുക്കത്തിൽ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ, പൊലിസ് പിന്നാലെ ഓടി സാഹസികമായി ഇവരെ കീഴ്പ്പെടുത്തുകയായിരുന്നു.പിടിയിലായവരിൽ നിന്ന് ആകെ 43.77 ഗ്രാം എംഡിഎംഎ കണ്ടെത്തി.
പിടിയിലായ പ്രതികളും ക്രിമിനൽ പശ്ചാത്തലവും
അഷ്‌റഫ് എ എം (26) കോയിപ്പാടി ഷേഡിക്കാവ് സ്വദേശിയും മംഗൽപാടി സോങ്കാലിൽ താമസിക്കുന്നയാളാണ്. ഇയാൾ നേരത്തെ 50 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ മേൽപറമ്പ് പൊലിസ് സ്റ്റേഷനിൽ പ്രതിയാണ്.സാദിഖ് കെ (33) കോയിപ്പാടി കടപ്പുറം സ്വദേശി. ലഹരി കേസുകളിലും കാപ്പ നിയമം ലംഘിച്ച കേസുകളിലും പ്രതിയാണ്.ഷംസുദ്ധീൻ എ കെ (33) കുഡ്‌ലു ആസാദ് നഗർ സ്വദേശിയും പെരിയടുക്കയിൽ താമസിക്കുന്നയാളുമാണ്. അടിപിടിക്കേസുകളിൽ പ്രതിയാണ്.
ജില്ലാ പൊലിസ് മേധാവി ബി വി. വിജയ ഭരത് റെഡ്‌ഡിയുടെ നിർദ്ദേശപ്രകാരമായിരുന്നു രഹസ്യനിരീക്ഷണം. കാസർകോട് എഎസ്പി ഡോ. നന്ദഗോപന്റെ മേൽനോട്ടത്തിൽ കുമ്പള സബ് ഇൻസ്‌പെക്ടർമാരായ ശ്രീജേഷ്, അനന്തകൃഷ്ണൻ, എ എസ് ഐ അതുൽ റാം എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."