കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ നിയന്ത്രണം; യാത്രക്കാര്‍ നെട്ടോട്ടത്തില്‍
കോഴിക്കോട്: റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ പ്രവേശിക്കുന്നതിനും പുറത്തിറങ്ങുന്നതിനും ഏര്‍പ്പെടുത്തിയ നിയന്ത്രണം യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. പ്ലാറ്റ്‌ഫോമിലേക്ക് യാത്രക്കാര്‍ പ്രവേശിക്കേണ്ടതും പുറത്ത് കടക്കേണ്ടതും വെവ്വേറെ വഴികളിലൂടെയാകണമെന്ന റെയില്‍വേ അധികൃതരുടെ കര്‍ശന നിര്‍ദേശമാണ് യാത്രക്കാരെ പ്രയാസത്തിലാക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച മുതലാണ് പരിഷ്‌കാരം നടപ്പിലാക്കിയത്.
ഇതുവരെ അന്വേഷണ കൗണ്ടറിനും ടിക്കറ്റ് കൗണ്ടറിനടുത്തുമുള്ള കവാടത്തിലൂടെ ഒന്നാം പ്ലാറ്റ്‌ഫോമിനകത്തേക്കും പുറത്തേക്കും കടക്കാമായിരുന്നു. എന്നാല്‍ ഇതു നിര്‍ത്തലാക്കി പുതിയ സംവിധാനപ്രകാരം അന്വേഷണ കൗണ്ടറിനടുത്തുള്ള കവാടം വഴി പ്ലാറ്റ്‌ഫോമിനകത്തേക്ക് കടക്കാനാവില്ല. ഇതു പ്ലാറ്റ്‌ഫോമില്‍നിന്ന് പുറത്തേക്കു പോകാനുള്ള വഴി മാത്രമാണ്. ടിക്കറ്റ് കൗണ്ടറിനടുത്തുള്ള കവാടത്തിലൂടെ മാത്രമേ ഇപ്പോള്‍ പ്ലാറ്റ്‌ഫോമിലേക്ക് കടക്കാന്‍ പറ്റുകയുള്ളു. ഇതുവഴി ആരെയും പ്ലാറ്റ്‌ഫോമില്‍ നിന്ന് പുറത്തേക്ക് പോകാന്‍ അനുവദിക്കില്ല. ഇവിടെ രണ്ടിടത്തും വേലികെട്ടി 'നോ എന്‍ട്രി' ബോര്‍ഡ് സ്ഥാപിച്ച് ആര്‍.പി.എഫുകാരെ ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുകയാണ്.
രണ്ടു ട്രെയിനുകള്‍ ഒരുമിച്ച് സ്റ്റേഷനിലെത്തിയാല്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിന് പേര്‍ പുറത്തേക്കിറങ്ങാനുണ്ടാകും. എന്നാല്‍ അന്വേഷണ കൗണ്ടറിനടത്തുള്ള കവാടത്തിലൂടെയാണ് ഇത്രയുമധികം യാത്രക്കാര്‍ക്ക് പുറത്തേക്ക് കടക്കേണ്ടത്. ഇതു വലിയ തിരക്കിന് ഇടയാക്കുകയാണ്. ഇവിടെ ഇടുങ്ങിയ വഴിയാണുള്ളത്. മെറ്റല്‍ ഡിറ്റക്ടര്‍ ഘടിപ്പിച്ച കവാടത്തിന് സമീപം വഴിമുടക്കി സ്‌കാനിങ് മെഷിനുണ്ട്. ഇതു തകരാറിലായിട്ട് മാസങ്ങളായെങ്കിലും ഇതുവരെ നന്നാക്കിയിട്ടില്ല. അതിനാല്‍ ഇതുവഴി പുറത്തേക്ക് കടക്കാനും വലിയ ബുദ്ധിമുട്ടാണ്. കൂടാതെ അന്വേഷണ കൗണ്ടറില്‍ എപ്പോഴും തിരക്കാണ്. അവിടെ കൂടിനില്‍ക്കുന്നവര്‍ കവാടത്തിന്റെ ഭാഗത്താണുണ്ടാവുക. ഇതുകുടിയാകുമ്പോള്‍ പുറത്തേക്ക് പോകാനുള്ള യാത്രക്കാരുടെ പ്രയാസം ഇരട്ടിയാകുന്നു.ടിക്കറ്റ് റിസര്‍വേഷന്‍ കൗണ്ടറിന്റെ ഒരു ഭാഗത്ത് സാധാരണ ടിക്കറ്റ് വിതരണവും മറുഭാഗത്ത് റിസര്‍വേഷന്‍ ടിക്കറ്റ് ബുക്കിങ്ങുമാണുള്ളത്. ഇവിടെ രണ്ടിടത്തും എപ്പോഴും നീണ്ടനിര കാണാം. ഇതുവഴി മാത്രം അകത്തേക്ക് പ്രവേശിക്കുന്നതും യാത്രക്കാരെ കുഴക്കുന്നുണ്ട്. ചുരുക്കത്തില്‍ ട്രെയിനുകളിലെത്തുന്ന യാത്രക്കാര്‍ ഇവിടെയെത്തിയാല്‍ പുറത്തു കടക്കാന്‍ നെട്ടോട്ടമോടേണ്ട അവസ്ഥയാണുള്ളത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ പ്രതിദിനം 57,858 യാത്രക്കാര്‍ വന്നുപോകുന്നതായാണ് റെയില്‍വേയുടെ കണക്ക്. യാത്രക്കാരെ യാത്രയാക്കാന്‍ വരുന്നവര്‍ വേറെയും. 107.65 കോടി രൂപയാണ് ഇവിടുത്തെ വാര്‍ഷിക വരുമാനം. ദിവസേന 70 ട്രെയിനുകള്‍ കോഴിക്കോട് വഴി കടന്നുപോകുന്നുണ്ട്. പുതിയ നിയന്ത്രണത്തില്‍ യാത്രക്കാര്‍ക്ക് കടുത്ത പ്രതിഷേധമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."