പ്രത്യേക കര്‍മസേന രൂപീകരിച്ചു
കണ്ണൂര്‍: നിര്‍ദിഷ്ട കണ്ണൂര്‍ വിമാനത്താവളത്തിന്റെ സമീപപ്രദേശങ്ങളിലെ വീടുകളിലും മറ്റും മഴയില്‍ വെള്ളവും ചെളിയുമെത്തിയതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അപ്പപ്പോള്‍ ഇടപെട്ട് പരിഹരിക്കാന്‍ പ്രത്യേക കര്‍മസേനയ്ക്ക് എ.ഡി.എം ഇ. മുഹമ്മദ് യൂസുഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം രൂപം നല്‍കി.
കീഴല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ്, മട്ടന്നൂര്‍ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ പ്രതിനിധി, വാര്‍ഡ് അംഗങ്ങള്‍, വില്ലേജ് ഓഫിസര്‍മാര്‍, കിയാല്‍, എല്‍ ആന്റ് ടി, വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി, പി.ഡബ്ല്യു.ഡി റോഡ്‌സ്-ബില്‍ഡിങ്‌സ്, മൈനര്‍ ഇറിഗേഷന്‍, പൊലിസ്, ഫയര്‍ ആന്റ് റെസ്‌ക്യൂ പ്രതിനിധികള്‍, കീഴല്ലൂര്‍, മട്ടന്നൂര്‍ പി.എച്ച്.സി ഡോക്ടര്‍മാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നതാണ് കര്‍മസേന. പ്രശ്‌നങ്ങളുണ്ടാവുന്ന പ്രദേശങ്ങളില്‍ അടിയന്തരമായി എത്തി പരിഹാരമാര്‍ഗങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ടാസ്‌ക് ഫോഴ്‌സിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അപകടങ്ങള്‍, അപകട സാധ്യതകള്‍ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ 0497 2713266 (കലക്ടറേറ്റ്), 0490 2343813 (തലശ്ശേരി താലൂക്ക്), 0490 2494910 (ഇരിട്ടി താലൂക്ക്) എന്നീ നമ്പറുകളില്‍ അറിയിക്കാം.
ഇതിനകം വിമാനത്താവള പ്രദേശങ്ങളില്‍ നിന്നുള്ള ചെളിയും വെള്ളവും കയറി താമസയോഗ്യമല്ലാതായ ആറ് വീടുകളിലെ ആളുകളെ ബന്ധുവീടുകളിലും മറ്റും മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങള്‍ കിയാല്‍ ഏറ്റെടുക്കുന്നതിനുള്ള സത്വര നടപടികള്‍ ആരംഭിക്കാനും യോഗം തീരുമാനിച്ചു. ഇതിന്റെ മുന്നോടിയായി ഇവിടെയുള്ള വീടുകളുടെ വിലനിര്‍ണയം ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ ഉടനടി പൂര്‍ത്തീകരിക്കും.
വിമാനത്താവള പ്രദേശങ്ങളില്‍ നിന്നുള്ള മഴവെള്ളം ഒഴുക്കിവിടുവാനുള്ള തോടുകളുടെ നിര്‍മാണം പുരോഗമിക്കുകയാണെന്നും അത് പൂര്‍ത്തിയാവുന്ന മുറയ്ക്ക് ഇത്തരം പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്നും കിയാല്‍ പ്രതിനിധി യോഗത്തെ അറിയിച്ചു.
വിമാനത്താവളത്തിന്റെ ചുറ്റുമതിലില്‍ അപകടഭീഷണിയുയര്‍ത്തുന്ന ഭാഗങ്ങള്‍ ഉടന്‍ പരിശോധിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കണം. നിലവില്‍ തോടുകളില്‍ ജലമൊഴുക്കിനുള്ള തടസങ്ങള്‍ നീക്കം ചെയ്യാന്‍ തോട് നിര്‍മാണക്കരാര്‍ ഏറ്റെടുത്ത ഊരാളുങ്കല്‍ സൊസൈറ്റിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍(എല്‍.എ) പി.വി ഗംഗാധരന്‍, കീഴല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം. രാജന്‍, മട്ടന്നൂര്‍ നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ കെ. ശോഭന, കിയാല്‍, എല്‍ ആന്റ് ടി, യു.എല്‍.സി.സി പ്രതിനിധികള്‍, വിവിധ വകുപ്പുമേധാവികള്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."