കന്നിവോട്ടിനൊരുങ്ങി അച്ഛനും മകനും
ചങ്ങനാശേരി: ചമ്പക്കര സ്വദേശികളായ അച്ഛനും മകനും കന്നിവോട്ട് ചെയ്യാനുള്ള ഒരുക്കത്തിലാണ്. 61 വയസിലാണ് കുന്നക്കാട്ട് വീട്ടില്‍ അജികുമാര്‍ കന്നിവോട്ട് ചെയ്യാനൊരുങ്ങുന്നത്. മകന്‍ 23 കാരനായ വിവസും അച്ഛനൊപ്പം വോട്ട് ചെയ്യാനുള്ള ത്രില്ലിലാണ്. 25ാം വയസില്‍ പ്രവാസിയായതോടെ അജികുമാറിന്റെ സമ്മതിദാനവകാശം സ്വപ്നമായി. നാട്ടില്‍ അവധിക്ക് പലതവണ എത്തിയെങ്കിലും ആ സമയങ്ങളിലൊന്നും തെരഞ്ഞെടുപ്പില്ലായിരുന്നു.
ഇത്തവണ ലോക്ക് ഡൗണിനെ തുടര്‍ന്ന് നാട്ടിലെത്തിയതോടെ തിരിച്ചു പോകാന്‍ കഴിഞ്ഞില്ല. 18 വയസു കഴിഞ്ഞിട്ടും വിവസിനും വോട്ട് ചെയ്യാന്‍ പറ്റാത്ത സങ്കടത്തിലായിരുന്നു. ഇപ്രാവശ്യം അവസരം കളയാതെ ഇരുവരും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തു. ഭാര്യ രാധികയും മകള്‍ ഗോപികയും മുന്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്തവരാണ്. വിവസ് കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളജ് വിദ്യാര്‍ഥിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."