കാരുണ്യ പദ്ധതി പുനഃസ്ഥാപിച്ചത് ആഹ്ലാദകരം
ദരിദ്രരായ രോഗികള്‍ക്ക് ആശ്വാസം പകര്‍ന്നിരുന്ന കാരുണ്യ ചികിത്സാപദ്ധതി സര്‍ക്കാര്‍ നിര്‍ത്തലാക്കിയത് കാരണം അവരൊക്കെയും ദുരിതം അനുഭവിച്ചുവരികയായിരുന്നു. തുടര്‍ചികിത്സ മുടങ്ങിയവരും അടിയന്തര ശസ്ത്രക്രിയ കാത്ത് കിടക്കുന്നവരുമായി നിരവധിയാളുകളായിരുന്നു ആശങ്കയോടെ കഴിഞ്ഞിരുന്നത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച കാരുണ്യ ബനവലന്റ് പദ്ധതി നിര്‍ധനരോഗികള്‍ക്ക് വലിയ ആശ്വാസമായിരുന്നു നല്‍കിയിരുന്നത്.
അത്യാവശ്യഘട്ടങ്ങളില്‍ 24 മണിക്കൂറിനകം രണ്ട് ലക്ഷം രൂപ വരെ ചികിത്സാ ആനുകൂല്യം ലഭിച്ച പദ്ധതി ഇന്ത്യയൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ചതായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്നതിന്റെ മുന്നോടിയായിട്ടാണ് കാരുണ്യ ചികിത്സാപദ്ധതി സര്‍ക്കാര്‍ നിര്‍ത്തലാക്കിയിരുന്നത്. അത് പുനഃസ്ഥാപിച്ചത് ആഹ്ലാദകരംതന്നെ.
ഓഗസ്റ്റ് മാസത്തില്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്കായി സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യ പദ്ധതി മുന്‍കൂട്ടി നിര്‍ത്തലാക്കിയതായിരുന്നു പ്രശ്‌നങ്ങള്‍ ഉടലെടുക്കാന്‍ കാരണം. തുടര്‍ചികിത്സ ആവശ്യമുള്ളവരും ശസ്ത്രക്രിയക്കായി കാത്തുനില്‍ക്കുന്നവരും ഏറെയുള്ളപ്പോഴാണ് ഇത്തരമൊരു നടപടിയുണ്ടായത്. കേന്ദ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഗുണദോഷങ്ങള്‍ എന്തൊക്കെയാണെന്ന് സംബന്ധിച്ചുള്ള വിശദ വിവരങ്ങളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല.
സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടില്‍ കഴിയുന്നവരെ ഇന്‍ഷുറന്‍സിന്റെ സങ്കീര്‍ണതകളില്‍ കുരുക്കി അവര്‍ക്ക് ചികിത്സ നിഷേധിക്കപ്പെടുന്ന അവസ്ഥയാണിപ്പോഴുള്ളത്. സ്വകാര്യ ഏജന്‍സികളാണ് കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ കൈകര്‍ത്താക്കള്‍. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ശ്രീചിത്രപോലുള്ള ആശുപത്രികളാകട്ടെ ഈ പദ്ധതിയില്‍ ചേരാന്‍ വലിയ താല്‍പര്യവും കാണിക്കുന്നില്ല. ഇത്തരമൊരവസരത്തില്‍ സ്വകാര്യ ആശുപത്രികളും ഈ പദ്ധതിയില്‍നിന്ന് വിട്ട് നില്‍ക്കാനാണ് ഏറെയും സാധ്യത.
നിര്‍ധന രോഗികള്‍ക്ക് സൗജന്യ ചികിത്സ നല്‍കിയിരുന്ന കാരുണ്യ ബനവലന്റ് ഫണ്ട് നിര്‍ത്തലാക്കിയതിന്റെ സാഹചര്യം വിശദീകരിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മിഷന്‍ അംഗം ഡോ. കെ. മോഹന്‍കുമാര്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയിരിക്കുകയാണ്. സര്‍ക്കാര്‍ നേരിട്ട് പണം ചെലവാക്കാതെയായിരുന്നു കാരുണ്യ പദ്ധതി നടപ്പിലാക്കിയിരുന്നത് എന്നിരിക്കെ ഒറ്റയടിക്ക് പദ്ധതി നിര്‍ത്തലാക്കിയത് ദുരൂഹംതന്നെ.
കേരളത്തിന്റെ സമൂഹികാവസ്ഥ കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ പാടെ മാറിയിട്ടുണ്ട്. കൂണുകള്‍ പോലെയാണ് സ്വകാര്യ ആശുപത്രികളും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളും മെഡിക്കല്‍ കോളജുകളും കുഗ്രാമങ്ങളില്‍പോലും ഉയര്‍ന്ന് കൊണ്ടിരിക്കുന്നത്. ആരോഗ്യ രംഗത്ത് നിക്ഷേപമിറക്കുക എന്നതാണ് ഏറ്റവും കൂടുതല്‍ ലാഭകരമെന്ന് ഈ രംഗത്തേക്കുള്ള കുത്തൊഴുക്കില്‍നിന്ന് തന്നെ മനസിലാകും.
ആരോഗ്യത്തിന് കേരളീയര്‍ മറ്റെന്തിനെക്കാളുമേറെ പ്രാധാന്യം കല്‍പിക്കുന്നു എന്നത് വസ്തുതയാണ്. രോഗം വരാതിരിക്കാനും ആരോഗ്യത്തോടെ കഴിയാനും രോഗം വന്നാല്‍ എത്രപണം ചെലവാക്കിയെങ്കിലും ചികിത്സിക്കാന്‍ സന്നദ്ധരാവുന്നവരാണ് മലയാളികള്‍. ഗുരുതരമായ രോഗചികിത്സക്കായി കിടപ്പാടംപോലും അന്യാധീനപ്പെടുത്തുന്നത് ഇതിനാലാണ്. ഇതറിഞ്ഞാണ് സ്വകാര്യ ആശുപത്രി ലോബികള്‍ കേരളത്തെ അവരുടെ ലാഭസ്രോതസ്സായി കാണുന്നതും.
അത്യാഹിത വിഭാഗത്തില്‍ പ്രവേശിക്കപ്പെടണമെങ്കില്‍പോലും ആദ്യം പണമടക്കണമെന്ന വ്യവസ്ഥ ഇവര്‍ നടപ്പിലാക്കിയതും ലാഭക്കൊതിയാല്‍തന്നെ. അപകടത്തില്‍ പരുക്കേറ്റ് ആശുപത്രിയിലേക്ക് കൊണ്ടുവരുന്നവരെ 48 മണിക്കൂര്‍ സൗജന്യ ചികിത്സ നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദേശങ്ങളൊന്നും ഇവര്‍ പാലിക്കാറില്ല. ഇത്തരം ആശുപത്രി കവാടങ്ങളില്‍ ചികിത്സ നിഷേധിക്കപ്പെട്ട് നിര്‍ധനരായ രോഗികള്‍ മരിക്കുന്നത് സാധാരണമായിരിക്കുന്നു. ആ നിലക്ക് ഇവര്‍ കേന്ദ്രസര്‍ക്കാറിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാകുമോ എന്നത് സംശയകരമാണ്.
ദരിദ്രര്‍ക്ക് സ്വകാര്യ ആശുപത്രികള്‍ ചികിത്സ നിഷേധിച്ചുകൊണ്ടിരിക്കുന്ന ഒരുകാലത്ത് കാരുണ്യ ചികിത്സാ പദ്ധതി അവര്‍ക്കൊരു താങ്ങുംതണലുമാണ്. ഹൃദ്രോഗം, കാന്‍സര്‍, രക്തജന്യ, കിഡ്‌നി രോഗങ്ങള്‍ മുമ്പത്തേക്കാളും ഏറെ വര്‍ധിച്ച ഒരുകാലവും കൂടിയാണിത്. നിരവധിയാളുകള്‍ ഈ രോഗങ്ങള്‍ക്ക് അടിപ്പെട്ടുകൊണ്ടിരിക്കുന്ന ഒരുവേളയിലാണ് യു.ഡി.എഫ് സര്‍ക്കാര്‍ കാരുണ്യ ചികിത്സാ പദ്ധതി ആവിഷ്‌കരിച്ചത്.
ധനകാര്യ മന്ത്രിയായിരുന്ന കെ.എം മാണിയുടെ നേതൃത്വത്തില്‍ അത് വിജയകരമായി നടത്തിക്കൊണ്ട് പോവുകയും ചെയ്തു. ഇതിന് പകരമാണ് കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യ സുരക്ഷാ ഇന്‍ഷുറന്‍സ് പദ്ധതി എന്ന് അവകാശവാദം ഉന്നയിക്കുമ്പോഴും പദ്ധതിയെക്കുറിച്ചുള്ള അവ്യക്തതകള്‍ ബാക്കിനില്‍ക്കുകയാണ്.
ചികിത്സിക്കുന്ന ഡോക്ടറുടെ റിപ്പോര്‍ട്ടനുസരിച്ച് ജില്ലാതല സമിതി ശുപാര്‍ശ നല്‍കിയാല്‍ തിരുവനന്തപുരത്തെ കാരുണ്യ ബനവലന്റ് ഫണ്ട് ആസ്ഥാനത്ത് റിപ്പോര്‍ട്ട് എത്തുന്നമുറക്ക് ബന്ധപ്പെട്ട ആശുപത്രിയിലേക്ക് പണം എത്തുന്ന തീര്‍ത്തും ലളിതവും സുതാര്യവുമായിരുന്നു കാരുണ്യ ചികിത്സാപദ്ധതി. പലപ്പോഴും ആശുപത്രികള്‍ക്ക് ഈ തുക മുന്‍കൂറായിതന്നെ ലഭിക്കുമെന്നതിനാല്‍ ചികിത്സിക്കാന്‍ ആശുപത്രികള്‍ വൈമുഖ്യം കാണിക്കാറുമില്ല. ഈ അവസരത്തിലായിരുന്നു ജൂണ്‍ മുപ്പതോടെ പദ്ധതിയിലേക്കുള്ള അപേക്ഷ സ്വീകരിക്കല്‍ സര്‍ക്കാര്‍ നിര്‍ത്തലാക്കിയിരുന്നത്. എന്നാല്‍ ആ തീരുമാനം മാറ്റി വീണ്ടും കാരുണ്യ ചികിത്സാപദ്ധതി തുടരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് അഭിനന്ദനീയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."