ആണവ സമ്പുഷ്ടീകരണം 4.5 ശതമാനത്തിലെത്തി, പരിധി മറികടന്ന് ഇറാന്‍
തെഹ്‌റാന്‍: യു.എസിന്റെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും മുന്നറിയിപ്പു വകവയ്ക്കാതെ ആണവ സമ്പുഷ്ടീകരണത്തില്‍ ഇറാന്‍ മുന്നോട്ട്. 2015ലെ കരാര്‍ പ്രകാരമുള്ള 3.67 ശതമാനം മറികടന്ന് ഇന്നലെ സമ്പുഷ്ടീകരണം 4.5 ശതമാനത്തിലെത്തിയതായി ഇറാന്‍ ആണവോര്‍ജ ഏജന്‍സി വക്താവ് ബെഹ്‌റോസ് കമല്‍വന്‍ദി പറഞ്ഞു.
ഈ മാസം ഒന്നിനു തന്നെ ഇറാന്‍ യു.എന്‍ അനുവദിച്ച 300 കിലോഗ്രാം പരിധി മറികടന്നിരുന്നു. കരാറില്‍നിന്ന് ഏകപക്ഷീയമായി പിന്‍വലിഞ്ഞ യു.എസ് ഏര്‍പ്പെടുത്തിയ കടുത്ത ഉപരോധത്തില്‍നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ ബ്രിട്ടന്‍, ചൈന, ഫ്രാന്‍സ്, ജര്‍മനി, റഷ്യ എന്നീ വന്‍ശക്തി രാജ്യങ്ങള്‍ നടപടിയെടുത്തില്ലെങ്കില്‍ ഓരോ 60 ദിവസം പിന്നിടുംതോറും രാജ്യം ആണവകരാറിലെ ഓരോ വ്യവസ്ഥകളില്‍നിന്നും പടിപടിയായി പിന്‍മാറുമെന്ന് ഇറാന്‍ മുന്നറിയിപ്പു നല്‍കി.
അതേസമയം ഇറാനെ 2015ലെ ആണവകരാര്‍ ലംഘിക്കുന്നതിലെത്തിച്ചത് യു.എസ് ആണെന്ന് ചൈന കുറ്റപ്പെടുത്തി. ഇറാന്‍ ആണവ പ്രതിസന്ധിയുടെ പ്രധാന കാരണം യു.എസ് അവരില്‍ പരമാവധി സമ്മര്‍ദമുണ്ടാക്കിയതാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ജെങ് ഷുവാങ് ബെയ്ജിങില്‍ മാധ്യമങ്ങളോടു പറഞ്ഞു. റഷ്യയും യു.എസിനെ കുറ്റപ്പെടുത്തി.
പ്രതിസന്ധി പരിഹരിക്കാന്‍ നയതന്ത്രശ്രമങ്ങള്‍ നടത്തുമെന്ന് റഷ്യന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. കരാറില്‍ നിന്ന് ഒരു രാജ്യം പിന്‍മാറിയത് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് പുടിന്‍ മുന്നറിയിപ്പു നല്‍കി.
അതേസമയം ചില രാജ്യങ്ങള്‍ നടത്തുന്ന നയതന്ത്ര നീക്കങ്ങളെ ഇറാന്‍ മാനിക്കുന്നതായും അതേസമയം വലിയ പ്രതീക്ഷയില്ലെന്നും ഇറാന്‍ വിദേശകാര്യമന്ത്രാലയം വക്താവ് അബ്ബാസ് മൂസവി പറഞ്ഞു. ചര്‍ച്ചകള്‍ക്കപ്പുറം യൂറോപ്യന്‍ രാജ്യങ്ങള്‍ ഒന്നും ചെയ്യുന്നില്ലെങ്കില്‍ മൂന്നാം ഘട്ട നീക്കം ഞെട്ടിപ്പിക്കുന്നതും കടുത്തതുമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിന് സെപ്തംബര്‍ അഞ്ചുവരെ സമയം നല്‍കുന്നതായും അദ്ദേഹം പറഞ്ഞു.
മൂന്നാം ഘട്ടത്തില്‍ യുറേനിയം സമ്പുഷ്ടീകരണം 20 ശതമാനത്തിലെത്തിക്കുമെന്ന് ദേശീയ ടെലിവിഷനു നല്‍കിയ അഭിമുഖത്തില്‍ ആണവോര്‍ജ ഏജന്‍സി വക്താവ് ബെഹ്‌റോസ് കമല്‍വന്‍ദി വ്യക്തമാക്കി. അണുഭേദന ശേഷിയുള്ള 90 ശതമാനം യുറേനിയമുണ്ടെങ്കില്‍ അണുബോംബുണ്ടാക്കാന്‍ സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."