കര്‍ഷകരോഷം കത്തുന്നു; ഒരടിപോലും പിന്നോട്ടില്ല; ചൊവ്വാഴ്ച ഭാരത് ബന്ദ്
ന്യുഡല്‍ഹി: കര്‍ഷകദ്രോഹനിയമങ്ങള്‍ക്കെതിരേ കര്‍ഷകസംഘടനകളുടെ നേതൃത്വത്തില്‍ തുടരുന്ന പ്രക്ഷോഭം കൂടുതല്‍ കരുത്താര്‍ജിക്കുന്നു. പ്രക്ഷോഭത്തിനുള്ള ബഹുജനപിന്തുണ ഏറുകയാണ്.
അതേ സമയം ചൊവ്വാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മൂന്നുനിയമങ്ങളും പിന്‍വലിക്കണം.
ഇതേ ആവശ്യത്തില്‍ നാളെ രാജ്യത്തെങ്ങും പ്രധാനമന്ത്രിയുടെ കോലം കത്തിക്കുമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു.
സമരത്തിന് പിന്തുണയുമായി നിരവധി നേതാക്കളാണ് ഡല്‍ഹി അതിര്‍ത്തികളിലെ സമരപ്പന്തലുകളിലേക്ക് എത്തുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡെറക് ഒബ്രയന്‍ വിവിധ സമരപ്പന്തലുകളില്‍ എത്തി സമരനേതാക്കളെ കണ്ടു. സിംഗൂരില്‍ 2006-ല്‍ നടന്ന ഭൂസമരത്തിന്റെ വലിയ രൂപമാണ് ദില്ലിയില്‍ കാണുന്നതെന്ന് പറഞ്ഞ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കര്‍ഷകസമരത്തിന് എല്ലാ പിന്തുണയും പ്രഖ്യാപിച്ചിരുന്നു. വിവാദനിയമഭേദഗതി പിന്‍വലിച്ചില്ലെങ്കില്‍ പശ്ചിമബംഗാളിലും സമരം തുടങ്ങുമെന്നും മമത വ്യക്തമാക്കി.
അതിര്‍ത്തികള്‍ അടച്ചാണ് അധികൃതര്‍ സമരത്തെ തോല്‍പ്പിക്കുന്നത്. ഉത്തര്‍പ്രദേശ് -ദില്ലി അതിര്‍ത്തിയായ ഗാസിപൂരിലെ എന്‍എച്ച് 24 പൂര്‍ണമായും അടഞ്ഞുകിടക്കുകയാണ്. അപ്‌സര/ ഭോപ്‌ര/ ഡിഎന്‍ഡി ഫ്‌ലൈ ഓവറുകള്‍ ഉപയോഗിച്ച് മാത്രമേ ഇപ്പോള്‍ ദില്ലിയിലേക്ക് കടക്കാനാകുന്നുള്ളൂ. അവിടെ കടുത്ത ഗതാഗതസ്തംഭനമാണ്. സിംഖു, ലാംപൂര്‍, ഔചാണ്ഡി, സഫിയബാദ്, പിയാവോ മനിയാരി, സബോലി എന്നീ അതിര്‍ത്തിറോഡുകള്‍ പൂര്‍ണമായും അടഞ്ഞുകിടക്കുന്നു. ടിക്‌രി, ഝരോഡ ബോര്‍ഡറും അടച്ചിട്ടിരിക്കുകയാണ്.
എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയില്‍ സംസാരിക്കുന്നതെങ്കില്‍ സമരത്തില്‍ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്ന് കര്‍ഷകര്‍ മുന്നറിയിപ്പ് നല്‍കി. നിയമഭേദഗതി പിന്‍വലിക്കുന്നതില്‍ക്കുറഞ്ഞ ഒരു സമവായനീക്കത്തിനും തയ്യാറല്ലെന്ന ഉറച്ച നിലപാടിലാണ് ഓള്‍ ഇന്ത്യാ കിസാന്‍ സഭയുള്‍പ്പടെയുള്ള കര്‍ഷകസംഘടനകള്‍.
നിയമഭേദഗതി നടപ്പാക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ഉദ്ദേശമെങ്കില്‍ നാളത്തെ ചര്‍ച്ച കൊണ്ടും കാര്യമില്ലെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.
മിനിമം താങ്ങുവില ഉറപ്പുനല്‍കുന്ന തരത്തില്‍ കര്‍ഷകനിയമഭേദഗതികളില്‍ ചട്ടങ്ങള്‍ കൊണ്ടുവരുമെന്ന് രേഖാമൂലം ഉറപ്പുനല്‍കാമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാഗ്ദാനം. എന്നാല്‍ പുതിയ നിയമഭേദഗതിയുമായി ബന്ധപ്പെട്ട, സംഭരണത്തിലും താങ്ങുവിലയിലും, വിപണിവില ഉറപ്പ് നല്‍കുന്നതിലുമടക്കം, എട്ട് വീഴ്ചകള്‍ കര്‍ഷകര്‍ ഇന്നലത്തെ ചര്‍ച്ചയിലടക്കം ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ ഇവയൊന്നും പരിഹരിക്കുന്നതിന് കൃത്യമായ ഒരു മാര്‍ഗനിര്‍ദേശം അടക്കം കേന്ദ്രകൃഷിമന്ത്രിയോ കര്‍ഷകവിദഗ്ധരോ മുന്നോട്ടുവയ്ക്കുന്നതുമില്ല.
അതേസമയം, സമരം ചെയ്യുന്ന കര്‍ഷകര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് നടി കങ്കണ റണൗത്തിനെതിരെ ദില്ലി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി വക്കീല്‍ നോട്ടീസയച്ചു. സമരത്തിന് വന്ന വൃദ്ധയായ ഒരു സ്ത്രീയുടെ ചിത്രം പങ്കുവച്ച്, ഇവര്‍ എല്ലാ സമരത്തിനുമെത്തുമെന്നും, നൂറ് രൂപ കൊടുത്താല്‍മതിയെന്നുമുള്ള കങ്കണയുടെ ട്വീറ്റ് വിവാദമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."